‘മീനച്ചിലാറും ഓർമ്മകളും’- ഒരു കാലഘട്ടത്തിന്റെ അറിവടയാളങ്ങൾ അവശേഷിപ്പിക്കുന്ന പുസ്തകം
ഒരു മരപ്പണി ശാലയുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട അനുഭവങ്ങളുടെ തിരയിളക്കങ്ങളെ അക്ഷരത്താളുകളിലാക്കി ‘മീനച്ചിലാറും ഓർമ്മകളും’ എന്ന പുസ്തകത്തിലൂടെ വായനക്കാർക്ക് കൈമാറുകയാണ് ജോളി – നിമ്മി ദമ്പതികൾ. ലളിതമായ ഭാഷയിലൂടെ അനുവാചക മനസ്സിലേക്ക് അനുഭവങ്ങൾ ചേക്കേറുന്ന സുന്ദരമായ എഴുത്ത്.
പുസ്തകത്തിന്റെ കനം കണ്ടു മാറ്റിവെച്ചാലും തുറന്നാൽ ആകാംക്ഷയോടും താല്പര്യത്തോടും കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്. ഒരു കാലഘട്ടത്തിന്റെ അറിവടയാളങ്ങൾ അവശേഷിപ്പിക്കുന്ന ഒരു പുസ്തകം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വർണ്ണനകളും അലങ്കാരങ്ങളും ഇല്ലാതെ നേരിട്ടു കഥ പറഞ്ഞു പോകുന്ന ആഖ്യാന ശൈലിയാണ് ഈ പുസ്തകത്തിന് ഉള്ളത്. ചിരിക്കാനും ചിന്തിക്കാനും ഉള്ള കാര്യങ്ങൾ ഇതിലുണ്ട്. എഴുത്തുകാരന്റെ കരുണയും കരുതലും നിറഞ്ഞ യാത്രാവഴികൾ അനേകർക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.
വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു മായാജാലം ഈ പുസ്തക താളുകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കാണാൻ കഴിയും. ശാന്തമായും എന്നാൽ ചിലനേരം കലിതുള്ളിയും ഒഴുകുന്ന മീനച്ചിലാറിന്റെ തീരങ്ങൾ സമ്മാനിച്ച ഈ ഓർമ്മ പുസ്തകത്തിന് ഒരു കഥ പറച്ചിലിന്റെ സൗന്ദര്യംകൂടി ഉണ്ട് എന്ന് പറയാതിരിക്കാൻ ആവില്ല. പുസ്തകം കയ്യിൽ കിട്ടിയിട്ടും വായിക്കാൻ വൈകിയത് ഓർത്ത് ഖേദിക്കുന്നു. അനേകർ വായിക്കാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ.
ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി SABS
എസ്. എച്ച്. കോളേജ്, തേവര