ദുരന്ത ഭൂമിയിൽ നിന്നും ഹൃദയം നുറുങ്ങി ജീസസ് യൂത്ത് പ്രവർത്തകർ
ചൂരൽമല: വയനാട് ദുരന്തത്തിന്റെ അടുത്തദിവസങ്ങളിൽ തന്നെ ക്രിയാത്മകമായി ജീസസ് യൂത്ത് വോളന്റിയേഴ്‌സ് വയനാടിൽ ക്യാമ്പ് ചെയ്യുന്നു, മാനന്തവാടി രൂപതയോട് സഹകരിച്ചാണ് ജീസസ് യൂത്ത് ‘നല്ല അയൽക്കാരൻ’ പ്രൊജക്റ്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 150 പ്രവർത്തകർ ഇതിൽ പങ്കാളികളായി. ഗവൺമെന്റ് നിർദേശമനുസരിച്ചു 30 പേരുടെ ബാച്ചുകളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണുന്നതുപോലെ കരളലിയിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പ്രവർത്തകർ പങ്കുവക്കുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് ജീസസ് യൂത്ത് പ്രവർത്തകർ പങ്കുവെക്കുന്നത് ഇങ്ങനെയാണ്. “ചൂരൽമല പ്രദേശത്താണ് ഞങ്ങൾ തെരച്ചിൽ നടത്തുന്നത്. 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ മൃതശരീരം ഇന്നലത്തെ തിരച്ചിലിൽ നിന്ന് ലഭിച്ചു. വളരെ അഴുകിയ നിലയിലുള്ള ഒരു ശരീരമാണ് ലഭിച്ചത്. കൈയെല്ലാം ഊരിപ്പോരുന്ന നിലയിലായിരുന്നു. കണ്ടപ്പോൾ ഷോക്ക് ആയിപോയി… ഒരു പുതപ്പിൽ പൊതിഞ്ഞാണ് ഞങ്ങൾ ആ ശരീരം തിരിച്ചെത്തിച്ചത്.” ഷിബു (മൈസൂർ), ജോസ് (പാലക്കാട്), ജാക്സൺ (തൃശൂർ) എന്നിവരാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
ചൂരൽമലയുടെ ഭൂപ്രകൃതിയും മൂന്നു നിലയുള്ള കെട്ടിടത്തിന് ഉണ്ടാകാവുന്ന ഉയരത്തിൽ വലിയ കല്ലുകൾ മൂടി കിടക്കുന്നതുമാണ് തിരച്ചിൽ നടത്താൻ നേരിടുന്ന വെല്ലുവിളികൾ.
ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ പദ്ധതിയുടെ ഭാഗമായി 2018 പ്രളയ കാലത്തും തുടർന്ന് കേരളത്തിന്റെയും ഇന്ത്യയുടെ പലഭാഗത്തും നടത്തിയ രക്ഷാ- പുനരധിവാസ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് ജീസസ് യൂത്ത് യുവജനങ്ങളാണ് പങ്കെടുത്തിട്ടുള്ളത്.