January 23, 2025
News

ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌: ഒരു ദൈവാനുഭവം – ഭാഗം മൂന്ന്‌

  • August 3, 2024
  • 1 min read
ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌: ഒരു ദൈവാനുഭവം – ഭാഗം മൂന്ന്‌

ഗത്സമേൻ അനുഭവം
July 19 2024, വെള്ളിയാഴ്ച

ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ 5 ദിവസങ്ങളായിട്ടാണ്‌ നടന്നത്‌. ഓരോ ദിവസവും ഓരോ പ്രമേയം ഉണ്ടായിരുന്നു.
ഒന്നാം ദിവസം: From the 4 corners https://jykairosnews.org/knews-165/
രണ്ടാം ദിവസം: The greatest Love story https://jykairosnews.org/knews-168/
മൂന്നാം ദിവസം: Into the Gethsemane
നാലാം ദിവസം: This is my body
അഞ്ചാം ദിവസം: To the ends of the earth

ഇന്നത്തെ പ്രമേയം “ഗത്സേമന്‍ അനുഭവത്തിലൂടെ” എന്നതായിരുന്നു. അതോടൊപ്പം പങ്കു വച്ചത്‌ മുഴുവന്‍ “യഥാര്‍ഥ പശ്ചാത്താപവും സൗഖ്യവും” എന്ന വിഷയമായിരുന്നു. ക്രിസ്തീയ സഹനത്തിന്റെ മനോഹാരിതയും ചിന്താവിഷയമായിരുന്നു.

മൂന്നാം ദിവസം ആരംഭിച്ചത്‌ ജപമാലയോടു കൂടിയാണ്‌. അതിന്‌ ശേഷം അഭിവന്ദ്യ ആര്‍ച്ച്‌ബിഷപ്പ്‌ Wilton Cardinal Gregory യുടെ നേതൃത്വത്തിലുള്ള വിശുദ്ധ കര്‍ബാനയും ഉണ്ടായിരുന്നു. തന്റെ വചന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു; “ ദൈവം വെളിച്ചത്തെ ഇരുട്ടില്‍ നിന്നും വേര്‍തിരിച്ചു. ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസിലൂടെ നാമോരോരുത്തരും, ദിവ്യകാരുണ്യത്തില്‍ നിന്നും പ്രകാശിക്കുന്ന രശ്മികളെ നമ്മിലൂടെ പ്രകാശിപ്പിക്കണം. ഇവിടെ നിന്നും പുറത്തേക്ക്‌ പോകുമ്പോള്‍ കഷ്ടപ്പെടുന്നവരിലും രോഗികളിലും ഈശോയെ കണ്ടു ശുശ്രൂഷ ചെയ്യുന്നത്‌ വഴിയാണ്‌ ഇതു സാധ്യമാകുന്നത്‌.

തുടർന്ന് നടന്ന Impact സെഷനിൽ കാലുകള്‍ കൊണ്ട്‌ ഗിറ്റാര്‍ വയിച്ചുകൊണ്ട് കര്‍ത്താവിന്‌ വേണ്ടി പാടുന്ന ടോണി മെലിൻഡസ് എന്ന ഒരു ഗായകന്റെ സാക്ഷ്യം ആയിരുന്നു. അമ്മയ്ക്ക്‌ ഗര്‍ഭാവസ്ഥയില്‍ കഴിക്കേണ്ടി വന്ന Thalidomide എന്ന മരുന്നിന്റെ പാര്‍ശ്വഫലമായി ടോണി ജനിച്ചു വീണത്‌ കൈകളില്ലാതെയാണ്‌. അതോടൊപ്പം രണ്ട്‌ കാലുകളും വളഞ്ഞതുമായിരുന്നു. ഒരു കാല്‍ സര്‍ജറി ചെയ്തു അല്പം ഭേദപ്പെടുത്താനായി. അവന്റെ അമ്മ അവനെ ഉപേക്ഷിച്ചില്ല, നല്ല ദൈവ വിശ്വാസത്തില്‍ വളര്‍ത്തി, കരയുന്ന കുട്ടി ടോണിയോട്‌ അമ്മ പറഞ്ഞു: “ കരയരുതെ കുഞ്ഞേ, ദൈവത്തിനു നിന്നെകുറിച്ച്‌ ഒരു പദ്ധതിയുണ്ട്‌”. ആ വലിയ പദ്ധതിയില്‍ മാത്രം കണ്ണുറപ്പിച്ച്‌ അവന്‍ വളര്‍ന്നു, ഒരു വലിയ ഗിറ്റാറിസ്റ്റ്‌ ആയി.

1987ല്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഗിറ്റാര്‍ വായിച്ച്‌ സംഗീതം ആലപിക്കുവാൻ അദ്ദേഹത്തിന്‌ ഭാഗ്യം ലഭിച്ചു. ഗാനം പൂര്‍ത്തിയാക്കിയപ്പോള്‍ പാപ്പ അവന്റെയടുത്തേക്ക്‌ ഓടി വന്നു. ടോണിയെ ചേര്‍ത്ത്‌ പിടിച്ചു അവന്റെ കവിളുകളില്‍ ചുംബിച്ചു. എന്നിട്ട്‌ പറഞ്ഞു: “ നീ ഈ ലോകത്തിന്‌ പ്രത്യാശ കൊടുക്കുന്നത്‌ തുടരണം”. പാപ്പാ നൽകിയ ചുംബനത്തെക്കുറിച്ചു ടോണി പറഞ്ഞത് ഇങ്ങനെയാണ്: ആ സ്നേഹ ചുംബനം എന്റെ ജീവിതത്തെ മാറ്റി മറിച്ചു! ടോണിയും ഭാര്യയും 33 വര്‍ഷമായി സന്തുഷ്ട വിവാഹ ജീവിതം നയിക്കുന്നു! അദ്ദേഹം പറയുന്നു: ആദ്യം സ്വന്തം അമ്മയിലൂടെയും, പിന്നീട്‌ വി. ജോണ്‍ പോള്‍ പാപ്പയിലൂടെയും, പിന്നെ സ്വന്തം ഭാര്യയിലൂടെയും അനുഭവിച്ചറിഞ്ഞ ദൈവ സ്നേഹമാണ്‌ എന്നെ ഇവിടെയെത്തിച്ചത്‌!

അടുത്തതായി പ്രൊഫ. മേരി ഹീലിയുടെ നേതൃത്വത്തിലുള്ള രോഗി സൌഖ്യ ശുശ്രൂഷയായിരുന്നു. പ്രൊഫ ഹീലി പറഞ്ഞു: “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വലുതായി പ്രാര്‍ത്ഥിക്കൂ. യേശുവിന്‌ പരിധികളില്ല. പിന്നീട്‌ അവര്‍ തന്റെ ഹീലിംഗ് മിനിസ്ട്രിയിലൂടെ നടന്ന അനവധി രോഗി സൗഖ്യങ്ങള്‍ പങ്കു വച്ചു. Tracheostomy/ ventilator ന്റെയും വീല്‍ചെയറിന്റെയും സഹായത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയും, esophagus ക്യാന്‍സര്‍ ല്‍ നിന്നും പൂര്‍ണ സഖ്യം ലഭിച്ച എയ്‌ഞ്ചലും ഇതിലുള്‍പ്പെടുന്നു. ഈശോയുടെ തിരുരക്തം ഉള്‍കൊണ്ടതിനു ശേഷം കോവിഡിന് ശേഷമുണ്ടായ ഓര്‍മക്കുറവ്‌ പൊടുന്നനെ സുഖമായ ഒരു സാക്ഷ്യവും പങ്കുവച്ചു!

ശേഷം നടന്ന രോഗി സൗഖ്യ ശുശ്രൂഷയില്‍ പല സൗഖ്യങ്ങളും നടന്നതായി സാക്ഷ്യപ്പെടുത്തികൊണ്ട് ആളുകള്‍ കൈകള്‍ ഉയര്‍ത്തുണ്ടായിരുന്നു. അതിലൊന്ന്‌ Dallasല്‍ നിന്നുള്ള എന്റെ പ്രിയ കൂട്ടുകാരിയുടെതായിരുന്നു: നാളുകളായി കാല്‍മുട്ടുകള്‍ക്ക്‌ നല്ല വേദനയാണ്‌ GEM Mas. ഒരിക്കലും 2-3 മൈലുകള്‍ പോലും നടക്കാന്‍ പറ്റാറില്ലാത്ത എന്റെ കൂട്ടുകാരി നടന്നത്‌ 8.5 മൈലുകളാണ്‌ പിറ്റേന്നാള്‍! പെഡോമീറ്ററില്‍ അനിത തന്റെ സാക്ഷ്യത്തിന്‌ തെളിവ്‌ നല്‍കുന്നു! മുട്ടുകളോടു ചേര്‍ത്തു സ്ഥിരമായി ഇട്ടിരുന്ന Knee brace അവള്‍ എടുത്തെറിഞ്ഞു! കാല്‍മുട്ടുകള്‍ ഇന്ന്‌ ഈശോയ്ക്ക്‌ വേണ്ടി ഓടുവാൻ വെമ്പല്‍ കൊള്ളുന്നു. ഹബക്കുക്ക്‌ പ്രവാചകനിലൂടെ ദൈവം അരുളി ചെയ്തത്‌ അന്വര്‍ത്ഥമാകും പോലെ; “കര്‍ത്താവായ ദൈവമാണ്‌ എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്‍റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന്‌ എന്നെ നടത്തുന്നു”. (ഹബക്കുക്ക്‌ 3 : 19). അതോടൊപ്പം അനിത പങ്കു വെച്ച ഒരു കാര്യം, കോണ്‍ഗ്രസിന്‌ ശേഷം അവരുടെ കുടുംബത്തില്‍ അനുഭവപ്പെടുന്ന ഒരു വലിയ ദൈവാനുഭവമാണ്‌. ഇത്രയും വലിയ ഒരു ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ ആയത്‌ ഒരു വലിയ അനുഗ്രഹമായി അനിതയും, സജേഷും പങ്കു വയ്ക്കുന്നു.

പിന്നീട്‌ ആൻഡ്രൂ-സാറാ ദമ്പതികള്‍ നയിച്ച “Grits of family life” എന്ന ഒരു ക്ലാസ്സിൽ പങ്കെടുക്കാനായി. അവര്‍ പങ്ക്‌ വച്ച കുറെ പ്രായോഗിക നിര്‍ദേശങ്ങള്‍ വളരെ നല്ലതായിരുന്നു.

  • ഒരു കുടുംബവും പെർഫെക്റ്റ് അല്ല!
  • Social media യില്‍ കാണുന്ന ജീവിതം ഒരു യാഥാര്‍ഥ്യമല്ല.
  • ഈശോ മാത്രമാണു വഴിയും ജീവനും, സത്യവും!
  • വിവാഹ ജീവിതം എളുപ്പമല്ല, പക്ഷേ ഈശോയോടൊത്ത്‌ സഞ്ചരിച്ചാല്‍ എളുപ്പവും!
  • ഇന്നത്തെ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്‌. സമൂഹമാധ്യമങ്ങൾ, കോവിഡ് ഇതെല്ലാം അവയില്‍ ചിലത്‌ മാത്രം

തുടർന്ന് എങ്ങനെ പുണ്യങ്ങള്‍ കൊണ്ട്‌ കൊണ്ട്‌ പാപത്തെ കീഴടക്കാമെന്നും ജീവിതത്തില്‍ ജടികപാപങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടത്‌ വിവാഹ ജീവിതത്തിന്റെ പവിത്രതയ്ക്കു അത്യാവശ്യമായ ഘടകമാണെന്നും അവര്‍ പങ്കു വച്ചു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്‌ എന്ന്‌ പറഞ്ഞു അവര്‍ അവസാനിപ്പിച്ചു!

പിന്നീട്‌ പങ്കെടുത്തത്‌ വിമെൻസ് സെഷനിൽ ആണ്‌. ഒരു പബ്ലിക് സ്പീക്കർ, യൂട്യൂബര്‍, എഴുത്തുകാരി, ഭാര്യ, അമ്മ തുടങ്ങിയ എല്ലാ റോളുകളും ഭംഗിയായി ചെയ്യുന്ന Emily Wilso Hussem, നൂറുകണക്കിന്‌ സ്ത്രീകളെ ഒരു ചെറിയ ധ്യാനാനുഭവത്തില്‍ നയിച്ചു. അമ്മ മേരിയുടെ “അതെ” എന്ന FIAT ദൈവത്തോട്‌ അനുകരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത മേഖലകളെക്കുറിച്ച്‌ ചിന്തിച്ചു. Emily പറഞ്ഞു: സ്ത്രീകളായ നമ്മളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്‌, ക്രിസ്തീയ ധൈര്യത്തിലേക്കും, സഹനങ്ങളിലേക്കും, ഈശോയിലുള്ള ദൃഢമായ ശരണത്തിലേക്കുമാണ്‌! നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യം സ്വര്‍ഗ്ഗമായിരിക്കണം എന്നും ജീവിത നൗകയില്‍ ഈശോയെ കൂടെ കയറ്റാന്‍ മറക്കരുത്‌ എന്നും എമിലി ഓര്‍മ്മിപ്പിച്ചു! അതിന്‌ വേണ്ടി വി. കുര്‍ബ്ബാനയിലുള്ള ഈശോയുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കണം. പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഈശോയുടെ സ്വരം കേള്‍ക്കാന്‍ കാത്തിരിക്കണം.

അന്ന്‌ വൈകുന്നേരത്തെ റിവൈവൽ സെഷനിൽ വീണ്ടും പ്രഘോഷിക്കപ്പെട്ടത്‌ യഥാര്‍ത്ഥ പശ്ചാത്താപം തന്നെയാണ്‌. സി. ജോസഫയിൻ ഗാരറ്റ് പറഞ്ഞു: ഈ തീര്‍ഥാടനത്തിന്‌ വന്നിരിക്കുന്ന നാമോരോരുത്തരും അഗാധമായ പശ്ചാത്താപത്തിന്റെ തലത്തിലേക്ക്‌ ഇറങ്ങിച്ചെല്ലണം. ലോകം നല്‍കുന്ന അപ്പം നമ്മുടെ വിശപ്പ്‌ ഒരിക്കലും മാറ്റില്ല, പക്ഷേ ഈശോയുടെ ശരീരമാകുന്ന അപ്പം നമുക്ക്‌ പൂര്‍ണമായ സംതൃപ്തി നല്‍കുന്നു! “Forty Gifts of Hope” എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ പോള ഉമാന തന്റെ ജീവിതത്തില്‍ ലഭിച്ച സൗഖ്യത്തിന്റെ സാക്ഷ്യം പങ്കു വച്ചു! പോള ഉമാന പ്രശസ്തയായ മുന്‍ പ്രൊഫഷണല്‍ ടെന്നീസ്‌ കളിക്കാരിയാണ്‌. ഇപ്പോള്‍ പ്രശസ്തയായ എഴുത്തുകാരി, പോഡ്കാസ്റ്റ്‌ ഹോസ്റ്റുമെല്ലാമാണ്. അഞ്ച്‌ കുട്ടികളുടെ അമ്മയും ഭാര്യയുമാണ്‌. സ്വന്തം ജീവിതത്തില്‍ Natural Family Planning ഉപയോഗിച്ച അനുഭവം പങ്കു വച്ചു കൊണ്ട്‌, തന്റെ പ്രൊ ലൈഫ് വശം ഉയര്‍ത്തി പിടിച്ചു! അഞ്ചാമത്തെ പ്രസവത്തിനു ശേഷം CIDP എന്ന നാഡീവ്യവസ്ഥയുടെ തകരാറുമൂലം അവള്‍ക്ക്‌ പെട്ടെന്ന്‌ അസുഖം വന്നു. അത്‌ അവളുടെ കൈകാലുകളെ പാരലൈസ് ചെയ്തു. അവളുടെ വിശ്വാസം, പരിശുദ്ധാത്മാവില്‍ നിന്നുള്ള സന്തോഷം, ധൈര്യം എന്നിവയാല്‍ അവൾ പതിയെ സൗഖ്യം നേടി തുടങ്ങി. കിടക്കയില്‍ നിന്ന്‌ വീല്‍ചെയറിലേക്കും വാക്കറിലേക്കും അവള്‍ മുന്നേറി. ഇപ്പോള്‍ അത്ഭുതകരമായി ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാന്‍ കഴിയുന്നു. ഈ നാഴികക്കല്ലുകളെല്ലാം പരിശുദ്ധ മറിയവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക തീയതികളില്‍ നേടിയെടുത്തതാണ്‌. പ്രതേകിച്ച്‌ ലൂര്‍ദ്‌ മാതാവിന്റെ മധ്യസ്ഥത്തിന്‌ ഇതില്‍ വലിയൊരു പങ്കുണ്ടെന്ന്‌ പോള പറയുന്നു. തന്റെ ഇളയ മകനായ ചാൾസിനെ സ്റ്റേജില്‍ കൊണ്ടു വന്നുകൊണ്ട്‌ അവള്‍ നമ്മെ ഓര്‍മ്മിപ്പിച്ചു: “Run to Jesus.” ജീവിതത്തില്‍ എന്ത്‌ സഹനങ്ങള്‍ വന്നാലും ഈശോയുടെ അടുത്തേക്ക്‌ ഓടിയെത്തുക.

പിന്നീട് നടന്ന എംപവര്‍ സെഷനില്‍, പാവങ്ങള്‍ക്ക്‌ സഹായങ്ങള്‍ കൊടുക്കുന്ന കാത്തലിക്ക് വർക്കർ മൂവ്മെന്റിന്റെ സ്ഥാപകയായ മാര്‍ത്ത ഹെന്നസി വി. കുര്‍ബാനയില്‍ ഉള്ള ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസത്തിന്റെ ശക്തിയുടെയും സുവിശേഷത്തോടുള്ള സമൂലമായ പ്രതിബദ്ധതയുടെയും സാക്ഷ്യം പങ്കുവച്ചു. ദൈവദാസിയായി ഉയര്‍ത്തപ്പെട്ട ഡൊറോത്തി ഡേയുടെ കൊച്ചുമകളാണ് മാര്‍ത്ത ഹെന്നസി. ന്യൂയോര്‍ക്ക്‌ നഗരത്തിലെ മേരിഹൗസ്‌ കാത്തലിക്‌ വര്‍ക്കര്‍ കമ്മ്യൂണിറ്റിയിലെ കാത്തലിക്‌ വര്‍ക്കര്‍ പ്രസ്ഥാനത്തില്‍ സജീവമായി തുടരുന്ന ഹെന്നസി, തന്റെ മുത്തശ്ശി കര്‍ബാനയിൽ അര്‍പ്പണബോധമുള്ളവളായിരുന്നെന്നും വിശുദ്ധ കര്‍ബാനയ്ക്ക്‌ ശേഷം അവർ 20 മിനുട്ട് നിശബ്ദത പാലിക്കുമായിരുന്നുവെന്നും പറഞ്ഞു. ദിവ്യബലിയോടുള്ള തന്റെ ഭക്തിയെക്കുറിച്ച്‌ അവള്‍ ദൈവദാസി ഡൊറോത്തി ഡേയുടെ അഭിപ്രായം പങ്കുവെച്ചു, “തിരുവെഴുത്തുകൾക്കും വചനം മാംസമായ കുര്‍ബാനയ്ക്കും ഭൂമിയിലെ ഒരു ശക്തിക്കും നേരിടാന്‍ കഴിയാത്ത ശക്തിയുണ്ട്‌.”

അന്നേ ദിവസം ഉച്ചകഴിഞ്ഞ്‌ പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന ഇന്ത്യാനാപൊളിസിലെ ജനങ്ങള്‍ക്കായി ലക്ഷക്കണക്കിന്‌ ഭക്ഷണം പാക്ക്‌ ചെയ്യുന്നതില്‍ പങ്കുചേര്‍ന്നു. അന്നേദിവസത്തെ കോണ്‍ഗ്രസ്‌ അവസാനിച്ചത്‌ ദിവ്യാകാരുണ്യ ആരാധനയോടെയാണ്‌. ഈശോയെ, ഞങ്ങളുടെ ജീവിതത്തില്‍ അങ്ങനുവദിക്കുന്ന ഒരു ചെറിയ സഹനം പോലും, നഷ്ടമാക്കി കളയാതെ, അങ്ങയുടെ കുരിശിനോട്‌ ചേര്‍ത്തു വച്ച്‌ കൊണ്ട്‌, അങ്ങയുടെ നാമ മഹത്വത്തിനായി ഉപയോഗിക്കാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ…

തുടരും…

സില്‍വി സന്തോഷ്‌
ടെക്സസിലെ കോപ്പല്‍ സെയിന്റ്‌ അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്‌. പീഡിയാഴിക്‌ നഴ്സ്‌ പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ