കന്മദം: വിശുദ്ധ ബൈബിളിന്റെ അനുപമമായ സ്നേഹ ചൈതന്യത്തെ അക്ഷരനക്ഷത്രങ്ങളായി തെളിച്ച സർഗ്ഗ വിസ്മയം
കൊല്ലം സോണിലെ ജീസസ് യൂത്തും എഴുത്തുകാരനുമായ വി ടി കുരീപ്പുഴ ഈയിടെ പുറത്തിറക്കിയ ‘കന്മദം’ എന്ന പുസ്തകത്തെ കുറിച്ച് സിസ്റ്റർ ജെസ്സി തോമസ് MSST എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുന്നു.
സി. ജെസ്സി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം:-
അർത്ഥസമ്പൂർണ്ണവും ലളിത സുന്ദരവും സ്നേഹ സുരഭിലവുമായ ആശയങ്ങളുടെ, ഉൾക്കാഴ്ചകളുടെയുള്ള ആവിഷ്കാരമാണ് പ്രിയ സുഹൃത്തും സാഹിത്യകാരനുമായ വി ടി കുരീപ്പുഴയുടെ പുതിയ പുസ്തകമായ “കന്മദം.“ വിശുദ്ധ ബൈബിളിന്റെ അനുപമമായ സ്നേഹ ചൈതന്യത്തെ മനനപ്രഭയിൽ അക്ഷരനക്ഷത്രങ്ങളായി തെളിച്ച സർഗ്ഗ വിസ്മയം….
സ്നേഹത്തിന്റെ സങ്കീർണ്ണതകളെയും വ്യത്യസ്ത ഭാവങ്ങളെയും ആത്മീയതയുടെ അപൂർവ്വതലങ്ങളിൽ ഉദാത്തീകരിക്കുന്ന അതുല്യമായ അക്ഷരഖനി… വിസ്മരിക്കപ്പെടുന്ന സാംസ്‌കാരിക മൂല്യങ്ങളും, അവഗണിക്കപ്പെടുന്ന സ്നേഹസാഹോദര്യങ്ങളും, മറഞ്ഞുപോകുന്ന ഹൃദയബന്ധങ്ങളും കാലികലോകത്തെ ഇരുട്ടിൻ തടവറയിലാഴ്ത്തുമ്പോൾ സ്നേഹത്തിന്റെ പ്രഭയാൽ മാനവിക മൂല്യബോധത്തെ, സനാതനസത്യങ്ങളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന അത്യപൂർവ്വ ഗ്രന്ഥമാണ് കന്മദം.
വിശ്വമാനവികതയുടെ ആത്മാവായി ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തെ സ്വീകരിക്കുവാൻ ആഹ്വാനം ചെയ്യുന്ന വി.ടി. അനുവാചകഹൃദയങ്ങളിൽ ആത്മാവാബോധമുണർത്തുന്ന ആചാര്യനായി മാറുന്നുണ്ട്. തിരുവചന വ്യാഖ്യാനങ്ങളും ജീവിതചര്യകളിലൂടെ ആർജ്ജിച്ചെടുത്ത അനുഭവ സമ്പത്തും വായനയിലൂടെ സ്ഫുടം ചെയ്തെടുക്കപ്പെട്ട അറിവിന്റെ ശേഖരവും ഉദ്ധരണികളായി കന്മദത്തെ അത്യധികം ആഴപ്പെടുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്.
അതീവ ഹൃദ്യവും പ്രചോദനാത്മകവുമായ ഈ അക്ഷരപൂജ സാഹിത്യലോകത്തിനു അതുല്യമായ സമ്മാനം തന്നെയാണ്. അനുവാചകരെ ചപലമായ സ്നേഹത്തിന്റെ ആത്മാരോദനത്തിൽ നിന്നും ഉദാത്തമായ സ്നേഹത്തിന്റെ ആത്മഹർഷത്തിലേക്ക് നയിക്കുന്ന ഉണർത്തുപാട്ട്…
പ്രിയ സുഹൃത്തിനു സ്നേഹാദരവുകളോടെ അഭിനന്ദനങ്ങളർപ്പിക്കുന്നു.
ആന്തരിക മൗനത്തിന്റെ സർഗ്ഗാത്മകതയിൽ ഇനിയും തൂലികയിൽ നിന്നും അക്ഷരനക്ഷത്രങ്ങൾ പിറക്കട്ടെ…