അറിയിപ്പ്: ഡോ. സ്കോട്ട് ചാക്കോ ജോണിന്റെ പിതാവ് സി. ജോൺക്കുട്ടി (79) നിര്യാതനായി
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിലെ മുൻകാല ജീസസ് യൂത്തും തൃശൂർ അമല ഹോസ്പിറ്റൽ സീനിയർ റസിഡന്റ് ഡോക്റ്ററുമായ ഡോ. സ്കോട്ട് ചാക്കോ ജോണിന്റെ പിതാവ് സി. ജോൺക്കുട്ടി (79) നിര്യാതനായി. മൃതസംസ്ക്കാരം ഇന്ന് (ഓഗസ്റ്റ് 1) വൈകീട്ട് 4 മണിക്ക് വെണ്ണല സെന്റ് മാത്യൂസ് ദൈവാലയത്തിൽ വെച്ച് നടക്കും.
മനുഷ്യരുടെ ഭൗതികകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ആളായിരുന്നു നിര്യാതനായ ജോൺക്കുട്ടി ചേട്ടൻ. ജയിലിൽ കഴിയുന്നവരോ രോഗം പിടിപെട്ടവരോ ഭക്ഷണമില്ലാത്തവരോ ഭവനമില്ലാത്തവരോ മയക്കുമരുന്നിന് അടിമകളായവരോ ആരായാലും അവർക്ക് അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട സഹായം ഉടനടി പല വിധത്തിൽ സംഘടിപ്പിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ പ്രത്യേക ക്യാരിസംതന്നെ ആയിരുന്നു. നൂറുകണക്കിന് മനുഷ്യരെയാണ് ഡീഅഡിക്ഷൻ സെന്ററുകളിലെത്തിച്ച് അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത്.
മനുഷ്യരുടെ ഭൗതിക കാര്യങ്ങളിൽ ജാഗ്രത പുലർത്തിയിരുന്ന ജോൺക്കുട്ടിച്ചേട്ടന് പക്ഷേ, അതിനെക്കാൾ ഏറെ ജാഗ്രതയുണ്ടായിരുന്ന കാര്യം ആത്മാക്കളുടെ രക്ഷയായിരുന്നു. മരിച്ചവർക്കുവേണ്ടി ദിവ്യബലി അർപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ അതിശയാവഹമായിരുന്നു! എന്നും പിഒസി ചാപ്പലിൽ അദ്ദേഹം ബലിയർപ്പണത്തിനായി എത്തിയിരുന്നു. കാക്കനാട് മിണ്ടാമഠത്തിൽ ദിവ്യകാരുണ്യാരാധനയ്ക്കായി ദീർഘനേരം ഇരിക്കുമായിരുന്നു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും ബാങ്കുദ്യോഗസ്ഥയായിരുന്ന ഭാര്യ ഗ്രേസിയും വളരെ നല്ല നിലയിൽ കഴിയാവുന്ന ആളുകളാണ്. മൂന്നു മക്കളും പ്രഗദ്ഭരായ ഡോക്ടർമാരാണ്. പക്ഷേ, അദ്ദേഹത്തെ എപ്പോഴും എല്ലാവരും കണ്ടിരിക്കുന്നത് വളരെ സാധാരണനായ ഒരു മനുഷ്യനായിട്ടാണ്. ഒരു പഴയ ഷർട്ടും ധരിച്ച് കൈയിൽ ഒരു നോകിയാഫോണും പിടിച്ച് എവിടെയും ദീർഘദൂരം നടന്നു പോകുന്ന ഒരാൾ! സ്വന്തമായി ഒരു കാറില്ല. പിശുക്കൻ എന്ന് ആരും പറഞ്ഞുപോകുന്ന ഒരു പ്രകൃതം. പക്ഷേ, അദ്ദേഹം എല്ലാം വില്ക്കുകയായിരുന്നു, യഥാർത്ഥ നിധിക്ക് വേണ്ടി. അദ്ദേഹത്തിന്റെ പിശുക്കിലൂടെ അനേകർ സമ്പന്നരായിട്ടുണ്ട്! ഇതു തന്നെയല്ലേ ഈശോയെക്കുറിച്ച് വിശുദ്ധ പൗലോസ് എഴുതിയത്: “അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ” (2 കോറി 8,9).