ദിവ്യകാരുണ്യ കോണ്‍ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം രണ്ട്
ഏറ്റവും മഹത്തായ സ്നേഹഗീതം!
രണ്ടാം ദിവസം: 07/18/24
ദിവ്യകാരുണ്യ കോണ്‍ഗ്രസ് 5 ദിവസങ്ങളായിട്ടാണ് നടന്നത്. ഓരോ ദിവസവും ഓരോ പ്രമേയം ഉണ്ടായിരുന്നു.
ഒന്നാം ദിവസം: From the 4 corners
രണ്ടാം ദിവസം: The greatest Love story
മൂന്നാം ദിവസം: Into the Gethsemane
നാലാം ദിവസം: This is my body
അഞ്ചാം ദിവസം: To the ends of the earth
നമ്മള്‍ കഴിഞ്ഞ ദിവസം വിചിന്തനം ചെയ്തത് ഒന്നാം ദിവസം അമേരിക്കയുടെ നാല് ഭാഗങ്ങളില്‍ നിന്ന് വന്ന ദിവ്യ കാരുണ്യ പദയാത്രയെ വരവേറ്റതിനെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധനയാണ്. ഇന്ന് രണ്ടാം ദിവസം: ഞങ്ങള്‍ താത്ക്കാലിക താമസത്തിന് ഒരു വീട് എടുത്തിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങളെല്ലാം നീണ്ട യാത്രയുടെ ക്ഷീണത്തില്‍ നല്ല ഉറക്കമാണ്. ഞങ്ങള്‍ രണ്ടുപേരും എഴുന്നേറ്റ് പെട്ടെന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയ ശേഷം കുഞ്ഞുങ്ങളെ വിളിച്ചു. 8.30 നാണ് വി. കുര്‍ബ്ബാന, അതിന് മുന്‍പു അവിടെയെത്തണം. വളരെ മടി പിടിച്ചാണെങ്കിലും അവരെല്ലാവരും എഴുന്നേറ്റു റെഡിയായി ഞങ്ങള്‍ യാത്ര തുടങ്ങി. സാധാരണഗതിയിൽ 15 മിനുട്ട് മാത്രം എടുക്കേണ്ട യാത്ര ഏകദേശം ഒരു മണിക്കൂര്‍ എടുത്തു. വഴികളെല്ലാം ഈശോയുടെയടുത്തേക്കുള്ള യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എങ്കിലും യാത്രയിലുടനീളം സമാധാനമായിരുന്നു, ആരും ആരെയും ഹോൺ മുഴക്കി ശല്യപ്പെടുത്തിയില്ല, മുഖം കറുപ്പിച്ച് കൈ കാണിച്ചില്ല. സാധാരണ ഡൗൺടൗൺ ഡ്രൈവിങ്ങിന്റെ ഭാഗമാണ് ഇതെല്ലാം! പക്ഷേ ഇന്നെല്ലാത്തിനും ഒരു വ്യത്യസ്ഥത!
ഇരുന്നൂറോളം മലയാളികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്തില്‍ നിന്നും സിന്ധു ചേച്ചിയുടെ (Dr Sindhu Nadarajan) നേതൃത്വത്തിലാണ് കൂടുതല്‍ മലയാളികളും ഇവിടെ വന്നിട്ടുള്ളത്. Johanine Journey എന്ന പഠന പരമ്പര പൂര്‍ത്തിയാക്കിയവരാണ് കൂടുതല്‍ പേരും. ചിക്കാഗോ സിറോമലബാര്‍ രൂപതയില്‍ നിന്നും ബഹുമാന്യരായ ജോയ് പിതാവിനെയും ജേക്കബ് പിതാവിനെയും രൂപതയില്‍ തന്നെ പിറന്ന ഈ തലമുറയിലെ പുരോഹിതരെയും കാണാന്‍ സാധിച്ചു.
ജപമാലയോടും വി. കര്‍ബാനയോടു കൂടി ആ ദിവസം ആരംഭിച്ചു. Greatest love story യെ സൂചിപ്പിക്കാനായി സ്ക്രീനില്‍ സെറ്റ് ചെയ്ത ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രമാണ് ഞങ്ങളെ എതിരേറ്റത്. തിരുഹൃദയത്തോടുള്ള അമിതമായ സ്നേഹമായിരിക്കാം, ഈ ദിവസം മുഴുവന്‍ ഈശോയുടെ സ്നേഹം അനുഭവിക്കാന്‍ അസാധാരണമായ രീതിയില്‍ എനിക്ക് സാധിച്ചു.
ആ ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ആയി അനുഭവ ഭേദ്യമായത് Fr Mike Schmitz ന്റെയും Sr Olga യുടേയും sharing ആയിരുന്നു. Mother Olga ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്തെ കുറിച്ചു ആഴത്തില്‍ മനസ്സിലാക്കി തന്നു. സിസ്റ്ററിന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള പല അത്ഭുതങ്ങളും സിസ്റ്റര്‍ പങ്കു വെച്ചു. ഈശോയുടെ തിരുഹൃദയവും പരിശുദ്ധ അമ്മയുടെ മധ്യസ്ഥവും ആണ് ജീവിതത്തിലെ എല്ലാ തകര്‍ച്ചയില്‍ നിന്നും തന്നെ ഇവിടെ എത്തിച്ചത് എന്ന് സിസ്റ്റര്‍ പറഞ്ഞു. പിന്നീട് സിസ്റ്റര്‍ പങ്കു വെച്ചത് തന്റെ ശുശ്രൂഷ മേഖലയില്‍ സാക്ഷ്യം വഹിച്ച 4 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ആണ്. 5 വയസുകാരന്‍ ദിവ്യകാരുണ്യത്തിലൂടെ ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രോഗ വിമുക്തനായതും, ജനിക്കുമ്പോൾ 1 പൗണ്ട് മാത്രം തൂക്കം ഉണ്ടായിരുന്ന കുഞ്ഞ് പൂര്‍ണാരോഗ്യത്തോടെ ജീവിക്കാനുള്ള കാരണം… എല്ലാ ഞായറാഴ്ചയും അവളെ സന്ദര്‍ശിക്കാന്‍ വന്നിരുന്നത് ഈശോയായിരുന്നു എന്ന് സിസ്റ്റര്‍ സാക്ഷ്യം പറയുന്നു.
യുവാവായ ഡേവിഡ് തന്റെ മയക്കുമരുന്ന് ആസക്തിയിൽ നിന്നും മുക്തി നേടുകയും ദിവ്യകാരുണ്യ ഈശോയെ അസാധാരണമായി സ്നേഹിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ അവന്‍ ആഴ്ചയില്‍ ശമ്പളം കിട്ടുമ്പോള്‍ 20 ഡോളര്‍ കൊണ്ട് വന്നു സിസ്റ്ററിന് കൊടുക്കുമായിരുന്നു. പിന്നീട് സാഹചര്യ സമ്മര്‍ദ്ദത്താല്‍ വീണ്ടും മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലം അവന്‍ മരിച്ചപ്പോള്‍ സിസ്റ്റര്‍ അവന്റെ ശവസംസ്കാര ശുശ്രൂഷയില്‍ പറഞ്ഞു: “ഡേവിഡിനു ഈ ഭൂമിയില്‍ ജീവന്‍ നഷ്ടമായെങ്കിലും, എനിക്കുറപ്പണ്ട് സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ ചെല്ലുമ്പോള്‍ 20 ഡോളറുമായി അവനെയും കാത്തു സ്വര്‍ഗീയ പിതാവ് കാത്തിരിക്കുന്നുണ്ടാവും”! സിസ്റ്ററിന്റെ ആഴത്തിലുള്ള ദിവ്യകാരുണ്യ വിശ്വാസം ഞങ്ങളുടെ ചെറിയ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു!:
Bible in one year, Catechism in one year എന്നീ രണ്ട് പോഡ്കാസ്റ്റിലൂടെ അമേരിക്കക്കാരുടെ വിശ്വാസ ജീവിതത്തെ ശക്തിപെടുത്തി ഒത്തിരി അക്രൈസ്തവരെ ഈശോയിലേക്കടുപ്പിച്ച Fr Mike Schmitz തന്റെ പങ്കുവെയ്പ്പ് തുടങ്ങിയത് എമ്മാവൂസ് അനുഭവം വി. ഗ്രന്ഥത്തില്‍ നിന്നും വായിച്ചു കൊണ്ടാണ്. ഉല്‍പത്തി മുതല്‍ വെളിപാട് വരെയുള്ള ദൈവസ്നേഹത്തിന്റെ ചിത്രം എത്ര മാത്രം മനോഹരമായിട്ടാണ് അദ്ദേഹം ഇതിലൂടെ വരച്ചു കാട്ടിയതെന്നോ !!! Fr. Mike പാപത്തെ വിവരിച്ചത് ഇങ്ങനെയാണ്. ശരിയും തെറ്റും എന്തെന്ന് നമുക്കറിയാം, പക്ഷേ “I don’t care” എന്ന നമ്മുടെ അവസ്ഥയാണ് പാപാവസ്ഥ! വചനം മാംസം ധരിച്ചതോ, ഈശോയുടെ അത്ഭുതപ്രവര്‍ത്തങ്ങളോ അല്ല നമ്മെ രക്ഷിച്ചത്. എന്നാല്‍ ഈശോയുടെ കുരിശു മരണത്തോളം എത്തിയ പിതാവിനോടുള്ള അനുസരണമാണ് ഈ മനുഷ്യകുലത്തിന്റെ രക്ഷക്ക് കാരണമാക്കിയത്. വിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോയുടെ സാന്നിധ്യം ഉണ്ടെന്ന അറിവല്ല നമ്മെ രക്ഷിക്കുന്നത്. പ്രത്യുത, വിശുദ്ധ കര്‍ബാനയില്‍ പുരോഹിതന്‍ അപ്പവും വീഞ്ഞും ഉയര്‍ത്തുന്ന നിമിഷത്തില്‍ നാം ഈശോയുടെ കുരിശു മരണത്തില്‍ പങ്കെടുക്കുകയാണ്. അതിലൂടെയാണ് നമുക്ക് രക്ഷ ലഭിക്കുന്നത്. അങ്ങനെയാണ് ഓരോ വിശുദ്ധ കര്‍ബ്ബാനയും നമുക്ക് അനുഭവഭേദ്യമായി മാറുന്നത്!
എന്നാല്‍ ഈശോയോടുള്ള സ്നേഹത്താല്‍ നിറഞ്ഞ ഹൃദയം ഉണ്ടെങ്കില്‍ മാത്രമേ ഈ വി. കുര്‍ബ്ബാനയ്ക്ക് യഥാർഥമായ അര്‍ത്ഥവും ഫലവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകൂ! വെളിപാട് പുസ്തകത്തിലെ വചനം ഉദ്ധരിച്ചു കൊണ്ടെങ്കിലും നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു (വെളിപാട് 2 : 4). അദ്ദേഹം പറഞ്ഞു: നഷ്ടപ്പെട്ടു പോയ നമ്മുടെ ആദിമ സ്നേഹം നമ്മള്‍ തിരിച്ചെടുക്കണം. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ തീയണച്ചു കളഞ്ഞ fire extinguishers എന്താണെന്ന് കണ്ടു പിടിച്ചു, അതെല്ലാം ജീവിതത്തില്‍ നിന്നും മാറ്റി കൊണ്ട്, സ്നേഹമാകുന്ന അഗ്നിയെ വീണ്ടും ഊതി ജ്വലിപ്പിക്കണം എന്ന് Fr. Mike ആഹ്വാനം ചെയ്തു. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞു വച്ചത്: “ അറിവ് ഒരാളെ മഹത്വമുള്ളവനാക്കാം, പക്ഷേ സ്നേഹം മാത്രമേ ഒരാളെ ഒരു വിശുദ്ധനാക്കുകയുള്ളൂ”.
അന്ന് വൈകീട്ട് ദിവ്യകാരുണ്യ ആരാധനയ്ക്കായി മുട്ടു കുത്തിയപ്പോള്‍ സ്വയം ശൂന്യവള്‍ക്കരിക്കപെട്ടു. ഗോതമ്പപ്പത്തിന്റെ രൂപത്തിലായി സക്രാരിയിൽ ഞങ്ങളോടൊപ്പം ആയിരിക്കുന്ന ഈശോയെ നോക്കിയ ഞങ്ങളോരുത്തരുടെയും ഹൃദയങ്ങള്‍, ഈശോയോടുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയായിരുന്നു: ഒരു പക്ഷേ എമ്മാവുസിലെ ശിഷ്യന്മാരുടെ ഹൃദയങ്ങള്‍ 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പു കത്തി ജ്വലിച്ച അതേ ആഴത്തില്‍!
ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു: “ഈശോയെ, അങ്ങയെ സ്നേഹിക്കാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ തടസങ്ങളെയും മറികടന്ന്, പാപത്തെ തള്ളി പറഞ്ഞു, എന്റെ ഈശോയെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും കൂടി സ്നേഹിക്കുവാന്‍ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ”!
തുടരും…
സില്‍വി സന്തോഷ്
ടെക്സസിലെ കോപ്പല്‍ സെയിന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്. പീഡിയാഴിക് നഴ്സ് പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.