കെയ്റോസ് ബഡ്‌സ് ഓൺലൈൻ മത്സരങ്ങൾ: ഫലങ്ങൾ പ്രഖ്യാപിച്ചു
കാക്കനാട്: കെയ്റോസ് ബഡ്സിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി സംഘടിപ്പിച്ച ബൈബിൾ കഥ മത്സരത്തിന്റെയും മരിയൻ ഗാന മത്സരത്തിന്റെയും ഫലങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് വിഭാഗം ബൈബിൾ കഥ മത്സരത്തിൽ ആന്റണി നോബിൾ പെരിഞ്ചേരിയും മലയാളം വിഭാഗത്തിൽ റിവിക ഷോൺ മാനാടനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാറ ടെറൻസാണ് മരിയൻ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റാനും അവരിൽ ദൈവവചനത്തിന്റെ വിത്തുകൾ പാകാനും ക്രിസ്തീയ മൂല്യങ്ങളിൽ വേരൂന്നിയ ജീവിതശൈലി രൂപപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് വേനലവധിക്കാലത്ത് കുഞ്ഞുങ്ങൾക്കായി കെയ്റോസ് ബൈബിൾ നഴ്സറിയും സമ്മർ സ്കൂളും ആരംഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കുഞ്ഞുങ്ങൾ ഈ ഓൺലൈൻ പ്രോഗ്രാമിൽ ജോയിൻ ചെയ്തു. അതിന്റെ തുടർച്ചയായാണ് കുഞ്ഞുങ്ങളിലെ സർഗാത്മക വാസനകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് കെയ്റോസ് ബഡ്സിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനങ്ങൾ.