പാഥേയം
നാളുകളായി ഞങ്ങള്‍ ഒരുക്കത്തിലാണ്, ഈ ഒരു ദിവസം വരാന്‍ വേണ്ടി മാസങ്ങളായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഞങ്ങളുടെ ഇടവകയില്‍ നിന്നും 7-8 കുടുംബങ്ങള്‍ പോകുന്നുണ്ട്, National Eucharistic Congress ന്. ഞങ്ങള്‍ കൂട്ടുകാരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. യാത്രയുടെ ഇടയിൽ വിശുദ്ധ കുര്‍ബ്ബാന മുടങ്ങരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് Mass times എന്ന ഒരു ആപ്പ് ഉപയോഗിച്ചു വി. കുര്‍ബ്ബാനയിൽ പങ്കെടുക്കാനുള്ള സമയം കണ്ടെത്തി.
2024 ജൂലൈ 16-ാം തിയതി രാവിലെ 4 മണിക്ക് യാത്ര തിരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം കൂടി 4 കാറുകളിലായിട്ടാണ് യാത്ര. രാത്രി കിടന്നപ്പോള്‍ ഒത്തിരി വൈകിയിരുന്നു. ഞാന്‍ വി. കുര്‍ബാനയുടെ കാര്യം മറന്നു പോയി. അപ്പോഴാണ് ഒരു കൂട്ടുകാരി വിളിച്ചത്, “ ചേച്ചി കുര്‍ബാനയ്ക്ക് എവിടെയാ നമ്മള്‍ നിര്‍ത്തുന്നത്”? അപ്പോഴാണ് ഞാന്‍ കുര്‍ബാനയെ കുറിച്ചോര്‍ത്തത്. പെട്ടെന്ന് Masstimes App തുറന്ന് പല പള്ളികളുടെയും കുര്‍ബ്ബാന സമയം നോക്കി. ഒന്നും തന്നെ ഞങ്ങളുടെ യാത്രയുടെ സമയവും ആയി പൊരുത്തപ്പെടുന്നില്ല. അവസാനം ഒരു പള്ളി കണ്ടു. St. Joseph Catholic Church(301 N. Virginia, Muskogee, Ok 74403). അവിടെ രാവിലെ 8.15 ന് ആണ് വി. കുർബാന. ഇപ്പോള്‍ സമയം 6.30am. 80 മൈലുകള്‍ കൂടി യാത്ര ചെയ്യാല്‍ ഞങ്ങള്‍ 7.50 ന് അവിടെയെത്തും.
കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷിച്ചല്ല ഞങ്ങള്‍ അവിടെയെത്തുന്നത്. ഞങ്ങള്‍ 3 കുടുംബങ്ങള്‍ ആദ്യം എത്തി. നാലാമത്തെ കുടുംബം അല്പസമയം കഴിഞ്ഞാണ് എത്തിയത്. ഞങ്ങള്‍ പള്ളിയില്‍ കയറി, വളരെ മനോഹരമായ ഒരു ദേവാലയം. അകത്തളത്തില്‍ വളരെ യുവാവായ വി. യൗസേപ്പിതാവിന്റെ ഒരു രൂപം. വലിയ ഒരു പള്ളിയും അതിനോട് ചേര്‍ന്നു തന്നെ വളരെ ചെറിയ ഒരു ചാപ്പലും. ചാപ്പലില്‍ മുഴുവന്‍ തന്നെ ജപമാലയുടെ 15 രഹസ്യങ്ങളുടെ സ്ഫടിക പണികള്‍. വി. കുര്‍ബ്ബാന തുടങ്ങാന്‍ ഇനി 15 മിനിറ്റ് ഉണ്ട്. ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. ആദ്യമായി ഒരു ദേവാലയത്തില്‍ കടന്നു ചെല്ലുമ്പോള്‍ നമുക്ക് പ്രത്യേകം മൂന്ന് നിയോഗങ്ങള്‍ കാഴ്ച്ച വയ്ക്കാം. കുട്ടികളെ കൊണ്ട് നിയോഗങ്ങള്‍ ഒക്കെ കാഴ്ച്ച വെയ്പ്പിച്ചു.
കുറച്ചുസമയത്തിനുശേഷം അവിടുത്തെ പുരോഹിതന്‍ കടന്നു വന്നു. അച്ചന്‍ ഞങ്ങളെയെല്ലാം വളരെ അത്ഭുതത്തോടെ നോക്കി. അപ്പോള്‍ ഞങ്ങള്‍ 15 പേരുണ്ടായിരുന്നു. ഇനിയും ഒരു കുടുംബം വരാനുണ്ട്. ചെറിയ ചാപ്പലിലെ ഭൂരിഭാഗം ഇരിപ്പിടങ്ങളും ഇതിനോടകംതന്നെ ഞങ്ങള്‍ കൈവശമാക്കിയിരുന്നു. അച്ചന്‍ വി. കുര്‍ബ്ബാന ആരംഭിച്ചു. വളരെ മനോഹരമായ ഒരു പ്രസംഗവും നല്‍കി. ഈശോയുടെ മുഴുവന്‍ മനുഷ്യത്വത്തെ കുറിച്ചു വളരെ മനോഹരമായി അവതരിപ്പിച്ചു. പ്രസംഗത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ നാലാമത്തെ കുടുംബവും കടന്നു വന്നു. അവര്‍ 8 പേരുണ്ട്. വാതില്‍ക്കല്‍ വന്നു നിന്ന അവരെ ഓരോരുത്തരെയായി അച്ചന്‍ ചാപ്പലിന്റെ ഉള്ളിലേക്ക് വിളിച്ചിരുത്തി. വളരെ സ്നേഹത്തോടെ ഞങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്തു. അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് ദൈവദൂതന്മാരെ സ്വാഗതം ചെയ്ത് സല്‍ക്കരിച്ച അബ്രഹാമിനെയാണ്. ഈ പുരോഹിതന്‍ അബ്രഹാമിന്റെ സന്തതി തന്നെ എന്ന് ഞാനുള്ളില്‍ പറഞ്ഞു. വി. കുര്‍ബ്ബാന നല്‍കിയ നിമിഷം ആ അച്ചന്റെ കണ്ണുകളില്‍ ഞാന്‍ ഈശോയെ കണ്ടു. ഈശോയുടെ സ്നേഹത്തിന്റെ നിറവുള്ള പൌരോഹിത്യം. ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോര എന്ന വരികള്‍ അന്വര്‍ത്ഥമായ നിമിഷം.
വി. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അച്ചന്‍ ഞങ്ങള്‍ക്ക് നന്ദി പറഞ്ഞു, “ഇത്രയും കുഞ്ഞുങ്ങളെയും കൊണ്ട് രാവിലെ കുര്‍ബാനയ്ക്ക് വന്നതിന്”. അച്ചന്‍ സങ്കീർത്തിയിലേക്ക് പോയപ്പോള്‍ അവിടുത്തെ ഒരു ചേച്ചി ഞങ്ങളോട് കുശലം അന്വേഷിച്ചു. അപ്പോള്‍ ഞങ്ങള്‍ ഡാലസില്‍ നിന്നാണെന്നും, Eucharistic Renewal congress ന് പോകുകയാണെന്നും പറഞ്ഞു. അവര്‍ ഞങ്ങളെ മനോഹരമായ വലിയ ദേവാലയം കാണാനായി ക്ഷണിച്ചു. ഞങ്ങള്‍ ദേവാലയത്തില്‍ കടന്നു, വളരെ മനോഹരമായ സ്ഫടിക പണികള്‍. ഇപ്പോള്‍ വിശുദ്ധ പദവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, വാഴ്സപ്പെട്ട Stanley F. Rother ചെയ്ത സ്ഫടിക പണികളാണ് ഇവയെല്ലാം എന്ന് എന്റെ സുഹൃത്ത് എനിക്ക് പറഞ്ഞു തന്നു. അപ്പോഴാണ് അച്ചന്‍ സങ്കീർത്തിയിൽ നിന്നും ഇറങ്ങി വരുന്നത്. അപ്പോള്‍ എന്റെ ഒരു സുഹൃത്തും അവളുടെ ഭര്‍ത്താവും അച്ചനോട് യാത്രയ്ക്കുള്ള പ്രാര്‍ത്ഥന സഹായം ചോദിച്ചു. അച്ചന്‍ ഉടന്‍ തന്നെ പറഞ്ഞു, “നിങ്ങള്‍ കുട്ടികളെയും കൂട്ടി പള്ളിയുടെ മുന്‍വശത്തെ ഇരിപ്പിടത്തില്‍ ഇരിക്കൂ. ഞാനിപ്പോ വരാം.”. അച്ചന്‍ തിരികെ വന്നത് മറ്റൊരു അല്മായനേയും കൂട്ടിയാണ്. കയ്യില്‍ വലിയ ഒരു പ്രാര്‍ത്ഥന പുസ്തകം ഉണ്ട്, ഒപ്പം വെഞ്ചരിപ്പിനുള്ള വെള്ളവും. ഏകദേശം 10 മിനിറ്റ് സമയമെടുത്ത്, ഞങ്ങളുടെ 15 കുട്ടികള്‍ക്ക് വി. കുര്‍ബാനയുടെ പ്രധാന്യത്തെ കുറിച്ചും ഈ കോണ്‍ഗ്രസിലൂടെ കിട്ടാവുന്ന അഭിഷേകങ്ങളെക്കുറിച്ചും വളരെ ലളിതമായി പറഞ്ഞു തന്നു. ഈശോയുടെ തിരുഹൃദയത്തിന് ഒരുമിച്ച് നമ്മുടെ ഹൃദയവും ഇടിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു കൊടുത്തു. ഒപ്പം, ഞങ്ങളോട് പറഞ്ഞു: “നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന ഈ അഭിഷേകം നിങ്ങള്‍ ചെറിയ പരദൂഷണത്തിലൂടെയോ, ചെറിയ ചീത്ത ചിന്തകളിലൂടെ പോലും നഷ്ടപ്പെടുത്തരുതെ”. അവസാനം ആഘോഷമായ ഒരു ആശീര്‍വാദവും നല്‍കി. വലിയ തിരുനാളുകള്‍ക്കൊക്കെ കിട്ടുന്ന ആശീർവാദം പോലെ.
നന്ദി പറഞ്ഞിറങ്ങാന്‍ നേരം അച്ചന്‍ പറഞ്ഞു: “ പുറപ്പെടുന്നതിന് മുമ്പ് ബാത്റൂമും മറ്റു സൗകര്യങ്ങളും പ്രയോജനപെടുത്തിയിട്ടേ പോകാവൂ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദൈവസ്നേഹത്താല്‍ കത്തി ജ്വലിക്കുന്ന ഈ പുരോഹിതന്‍ ദൈവത്തിന്റെ യഥാര്‍ഥ പ്രതിനിധി തന്നെ!!! അന്യ നാട്ടില്‍ നിന്നും വന്ന വഴിയാത്രക്കാർക്കുള്ള പാഥേയം വിളമ്പി തന്ന ആ കരങ്ങള്‍, 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5000 പേരെ ഊട്ടിയ ആ കരങ്ങള്‍ തന്നെ! ഞങ്ങള്‍ക്ക് വചനം നല്‍കിയ ആ നാവുകള്‍, അന്യ, നാട്ടുകാരിയായ സമരിയക്കാരിക്ക് വചനം കൊടുത്ത ഈശോയുടെ നാവുകള്‍ തന്നെ. തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും ചൊല്ലി: “നിത്യ പുരോഹിതനായ ഈശോയെ!!!
സില്‍വി സന്തോഷ്
അമേരിക്കയിലെ ഡാലസിൽ പീഡിയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു