കാക്കനാട്: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആഗസ്റ്റ് 22 മുതൽ 25 വരെ പാലായിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സർക്കുലറിലൂടെ അറിയിച്ചു.
സഭയിലെ മെത്രാൻമാരുടെയും പുരോഹിത, സമര്‍പ്പിത, അല്മായപ്രതിനിധികളുടെയും സംയുക്തയോഗമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി അഥവാ സഭായോഗം. സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. കാലോചിതമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കര്‍മ്മപരിപാടികള്‍ രൂപീകരിക്കുന്നതിനു മ്രെതാന്‍സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.
അഞ്ചാമത്തെ മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ അസംബ്ലിയുടെ പ്രമേയം, “കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സിറോമലബാര്‍സഭയില്‍” എന്നുള്ളതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി, വിശ്വാസരുപീകരണത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിലെ അല്മായപങ്കാളിത്തം, സീറോമലബാര്‍ സമുദായ ശക്തീകരണം എന്നീ മുന്നു വിഷയങ്ങള്‍ അസംബ്ലിയുടെ പ്രത്യേക വിചിന്തനത്തിനു വിഷയമാകും.
പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്‍. പാലായിലെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങള്‍ അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. രൂപതകളില്‍നിന്നും സമര്‍പ്പിതസമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് അസംബ്ലി അംഗങ്ങള്‍. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്നവരെക്കുറിച്ചുള്ള ഭേദഗതി വരുത്തിയ സഭയുടെ പ്രത്യേകനിയമം ഒരൂ കല്പ്പനവഴി 2024 മാര്‍ച്ച് 25 നു പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഈ പുതിയ നിയമമനുസരിച്ച് 80 വയസില്‍ താഴെയുള്ള മ്രെതാന്മാരും വൈദിക സമര്‍പ്പിത അല്മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
1992ല്‍ സീറോമലബാർസഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യത്തെ അസംബ്ലി നടക്കുന്നത് 1998 ലാണ്. പിന്നീടു 2004, 2010, 2016 എന്നീ വര്‍ഷങ്ങളിലും ഈ സഭായോഗം കൂടുകയുണ്ടായി. 2016നുശേഷം എട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് 2024ല്‍ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡു മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാന്‍ കാരണമായത്.