കൂടുതൽ ജനവാസമുള്ള പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ അയക്കണം
കെയ്റോസ് കോൺക്ലേവ് 24 സമാപിച്ചു
അങ്കമാലി: സത്യത്തിനു എതിരെ നിൽക്കുന്നവരെ എതിർത്താൽ അവരെ മോശമായി സമൂഹത്തിൽ ഇകഴ്ത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഉറച്ച നിലപാടുകളോടെ സത്യത്തിനു വേണ്ടി നിലകൊള്ളാൻ ക്രൈസ്തവ മാധ്യമങ്ങൾക്കു കടമയുണ്ടെന്നു മനോരമ ന്യൂസ് ഡിറക്റ്റർ ജോണി ലൂക്കോസ്. രണ്ടാമത് ജീസസ് യൂത്ത് കെയ്‌റോസ് കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച് സംസാരിച്ചത്. ക്രിസ്തുവിന്റെ സ്നേഹവും ക്ഷമയും ആരെയും ആകർഷിക്കുന്നതാണ്. രാഷ്ട്രീയ മത വിശ്വാസങ്ങൾക്കപ്പുറത്ത് അത് അനേകരെ ആകർഷിച്ചിട്ടുമുണ്ട്. ക്രിസ്തുവിന്റെ സ്നേഹവും ക്ഷമയും പങ്കുവെക്കുന്നതിൽ അതിനു ഉത്തരവാദിത്തപെട്ടവർ ഇന്ന് പലപ്പോഴും പാരാജയപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ രൂപത അധ്യക്ഷനും ജീസസ് യൂത്ത് ഇന്ത്യ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറുമായ ബിഷപ്പ് അലക്സ് വടക്കുംതല കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് സ്വീകാര്യപ്രദമായ രീതിയിൽ ആശയങ്ങൾ കൈമാറാൻ കെയ്റോസിന് സാധിക്കുന്നതിൽ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്റ്റോബറിൽ നടന്ന സിനഡിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റൽ കോണ്ടിനെന്റ് ആണ്. കൂടുതൽ ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റൽ കോണ്ടിനെന്റിനെ കീഴടക്കാൻ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും പുതുമകൾ കൊണ്ടും കെയ്റോസിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കെയ്റോസ് മീഡിയ ഡിറക്റ്റർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ കെയ്റോസ് പ്രവർത്തന മേഖലകളെ കുറിച്ച് വിവരിച്ചു. നന്മയിൽ വളരുവാൻ നല്ല വായന വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കെയ്റോസ് ബഡ്‌സിനു ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ലഭിക്കുന്ന പ്രചാരം അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹം കൂട്ടിച്ചേർത്തു. കെയ്‌റോസ് മലയാളം ചീഫ് എഡിറ്റർ അഡ്വ. ജോൺസൺ ജോസ് ആമുഖ പ്രഭാഷണം നടത്തി.
രാവിലെ ഫാ. മനോജ് OFM Cap ന്റെ നേതൃത്വത്തിൽ ദിവ്യബലിയോടെയാണ് കോൺക്ലേവ് ആരംഭിച്ചത്. ജീസസ് യൂത്ത് ഇന്റർനാഷ്ണൽ കോഡിനേറ്റർ ഡോ. മിഥുൻ പോൾ, നാഷ്ണൽ കോഡിനേറ്റർ പി.ജെ ജസ്റ്റിൻ, കേരള കോഡിനേറ്റർ മാത്യു, അഡ്വ. റൈജു വർഗീസ്, ഫാ. ഷിബു OCD, ഫാ.ആന്റണി വട്ടപ്പറമ്പിൽ, സിസ്റ്റർ ജിയ MSJ, സിസ്റ്റർ ദിവ്യാ മാത്യു, സി. എ സാജൻ, സുജ സിജു, ആന്റോ. എൽ. പുത്തൂർ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 60 പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്.