January 23, 2025
News

ചരിത്രത്തില്‍ ആദ്യമായി “സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന അന്തര്‍ദേശീയ സംഗീതശില്പമായി മാറുന്നു

  • July 17, 2024
  • 1 min read
ചരിത്രത്തില്‍ ആദ്യമായി “സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന അന്തര്‍ദേശീയ സംഗീതശില്പമായി മാറുന്നു

കൊച്ചി: 100 വൈദികരും 100 സന്യാസിനിമാരും ഉള്‍പ്പെട്ട ഗായകസംഘത്തിന്റെ ശബ്ദത്തില്‍ ഒരുങ്ങുന്ന ‘സര്‍വേശ’ എന്ന സംഗീത ആല്‍ബം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്‌. സംസ്കൃത പണ്ഡിതനായിരുന്ന പ്രഫ. പി. സി. ദേവസ്യയുടെ വിഖ്യാതമായ “ക്രിസ്തു ഭാഗവതം” എന്ന ഗ്രന്ഥത്തിലെ ‘അസ്മാകം താത സര്‍വേശ’ (സ്വര്‍ഗസ്ഥനായ പിതാവേ) എന്നാരംഭിക്കുന്ന വരികളാണു പഴമയും പുതുമയും സമന്വയിക്കുന്ന നവസംഗീതാനുഭവമാകാന്‍ ഒരുങ്ങുന്നത്‌. ഗായകന്‍ യേശുദാസിന്റെ ശിഷ്യനും കര്‍ണാടക സംഗീതജ്ഞനും, വോക്കോളജിസ്റ്റുമായ റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ (പാടും പാതിരി) സംവിധാനം നിര്‍വഹിക്കുന്ന ആല്‍ബത്തിന്റെ രണ്ടു ഘട്ടങ്ങളിലായുള്ള റിക്കാര്‍ഡിംഗ്‌ പൂര്‍ത്തിയായി. റിക്കാര്‍ഡിംഗിന്റെ മൂന്നാം ഭാഗം (വെസ്റ്റേണ്‍ ഓര്‍ക്കസ്ട്ര) അമേരിക്കയിലെ ലോസ്‌ ആഞ്ചലസിലെ പ്രസിദ്ധമായ വില്ലജ്‌ സ്റ്റുഡിയോയിലാണു നടക്കുക.

ചരിത്രത്തില്‍ ആദ്യമായാണു “സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ഥന പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിന്റെയും കര്‍ണാടിക്‌ സംഗീതത്തിന്റെയും അകമ്പടിയില്‍ അന്തര്‍ദേശീയ സംഗീതശില്പമായി മാറുന്നതെന്ന്‌ ഫാ. പുവത്തിങ്കല്‍ പറഞ്ഞു. പ്രഫ. പി.സി. ദേവസ്യയുടെ ക്രേന്ദ സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന്‌ എടുത്ത വരികള്‍ക്ക്‌ ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും സാങ്കേതികത നിറഞ്ഞ പാശ്ചാത്യ സംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുമ്പോള്‍ ആസ്വാദകരെ സംഗീതാനുഭൂതിയുടെയും സ്വര്‍ഗീയാനുഭവത്തിന്റെയും വിവിധ തലങ്ങളിലേക്ക്‌ ആനയിക്കാനാകും. അന്തര്‍ദേശീയ ആത്മീയ സംഗീത ആല്‍ബം എന്ന നിലയില്‍ ഒരുങ്ങുന്ന ‘സര്‍വേശ’ തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ സംരംഭമാണെന്നും ഫാ. പൂവത്തിങ്കല്‍ പറഞ്ഞു.

ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷൻ നിര്‍വഹിച്ചിരിക്കുന്നത്‌ പ്രസിദ്ധ വയലിനിസ്റ്റ്‌ മനോജ്‌ ജോര്‍ജാണ്‌. തൃശൂര്‍ ചേതന സ്റ്റുഡിയോയിലും എറണാകുളത്തെ സിഎസി സ്റ്റുഡിയോയിലും ഗാനത്തിന്റെ ഒന്നും രണ്ടും ഭാഗം റിക്കാര്‍ഡിംഗ്‌ പൂര്‍ത്തിയായി. സജി ആര്‍. നായര്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ എന്നിവരാണ്‌ ഓഡിയോ റിക്കാര്‍ഡിംഗ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. എറണാകുളത്തെ എളംകുളം ലിറ്റില്‍ ഫ്ലൂവര്‍ പള്ളിയില്‍ സംഗീത ആല്‍ബത്തിന്റെ വീഡിയോ ചിത്രീകരണം നടന്നു. ദൃശ്യാവിഷ്കാരത്തിന്‌ അഭിലാഷ്‌ വളാഞ്ചേരിയും സംഘവും നേതൃത്വം നല്‍കി.

About Author

കെയ്‌റോസ് ലേഖകൻ