യുവാക്കൾ ജ്വലിക്കുന്ന തീനാളമായി മാറണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: സമൂഹത്തില്‍ കാണപ്പെടുന്ന അധമസംസ്കാരത്തിന്റെ വക്താക്കളാവാതെ സമൂഹത്തില്‍ നന്മയുടെ വിളനിലങ്ങളായി മാറാന്‍ യുവജനങ്ങള്‍ക്കാകണമെന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അഭിപ്രായപ്പെട്ടു. യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത യുവജനദിനാഘോഷത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവത്വത്തിന്റെ കാലഘട്ടത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങക്ക് എപ്പോഴും ഒരു ഈര്‍ജസ്വലത ഉണ്ട്. ആ പ്രവര്‍ത്തനങ്ങളെ സമൂഹം ഒന്നടങ്കം ഏറ്റെടുക്കും. അത്തരത്തില്‍ നന്മ ചെയ്യുവാനായിട്ടുള്ള വിളി നാം തിരിച്ചറിയുകയും ആ വിളിക്ക് ശരിയായ ഉത്തരം നല്‍കാന്‍ കഴിയുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപത പ്രസിഡന്റ് റെനീഷ് ആന്റണി താന്നിക്കല്‍ അധ്യക്ഷത വഹിച്ചു.
യുവജന വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും നടത്തുന്ന യൂത്ത് ക്രോസ് പ്രയാണത്തിനു ബിഷപ് തുടക്കം കുറിച്ചു. രൂപത ഡയറക്ടര്‍ ഫാ. തോമസ് മണിയാപൊഴിയില്‍, ജനറല്‍ സെക്രട്ടറി വില്‍സന്‍ വര്‍ഗീസ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍, കണ്ടക്കടവ് ഫൊറോന വികാരി ഫാ. സോളമന്‍ ചാരങ്കാട്ട്, പീറ്റര്‍ ദാസ്, അനാമിക സനല്‍, സോന സണ്ണി, സൈറസ് എസ്, ലിബിന്‍ കിങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.