വിശ്വാസപരിശീലനത്തിന് സഹായിക്കുന്ന മാസികകൾ പ്രോത്സാഹിപ്പിക്കപ്പെടണം
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ
ഡയറക്ടർ, കെയ്‌റോസ് മീഡിയ
ഇന്ന് വിശ്വാസപരിശീലന ക്ലാസ്സിൽ, ഏഴാം ക്ലാസ്സിലെ അധ്യാപകർ എത്താതിരുന്നതുകൊണ്ട് എനിക്ക് പോകേണ്ടിവന്നു. വിശ്വാസത്തിനുവേണ്ടി ധീരതയോടെ നിലകൊണ്ട വ്യക്തികളെക്കുറിച്ച് ബൈബിളിൽ നിന്നോ, വിശുദ്ധരിൽ നിന്നോ കണ്ടെത്താൻ ഗ്രൂപ്പ് തിരിച്ചതിനു ശേഷം ആവശ്യപ്പെട്ടു.
പഴയനിയമത്തിലെയും, പുതിയ നിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ച് അവരുടെ അറിവ് വളരെ പരിമിതമാണെന്ന് അവരുടെ മറുപടികളിൽ നിന്ന് ബോദ്ധ്യപ്പെട്ടു. കുട്ടികളെ സങ്കീർണ്ണമായ കാര്യങ്ങളൊന്നും പഠിപ്പിക്കേണ്ട, ബൈബിളെങ്കിലും ശരിക്കൊന്ന് പരിചയപ്പെടുത്താൻ പറ്റിയാൽ മതിയായിരുന്നു എന്നൊരിക്കൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സിസ്റ്റർ പറഞ്ഞ കാര്യമാണോർമ്മ വന്നത്.
ഒരു കുട്ടി കല്ലെറിഞ്ഞപ്പോൾ ഒരാൾ മരിച്ചത് (ദാവീദിൻ്റെയും ഗോലിയാത്തിനെയുമാണ് ഉദ്ദേശിച്ചത്) ആരായിരുന്നു എന്നാണ് ഒരു കുട്ടി സംശയം ചോദിച്ചത്. വിശുദ്ധരെക്കുറിച്ചുള്ള അറിവും ഏതാണ്ടിതുപോലെതന്നെ. ഇരുപതിലധികം പേരുണ്ടായിരുന്നതിൽ രണ്ട് പേർക്കാണ് കുറച്ചെങ്കിലും ധാരണയുള്ളതായി തോന്നിയത്.
ഈ കുട്ടികൾ വളർന്നു വരുമ്പോൾ, ബൈബിൾ പരിചയം തീരെ കുറവായതുകൊണ്ട് ബൈബിൾ പ്രഭാഷണങ്ങൾ പോലും മനസ്സിലാകാൻ ഇടയില്ല.
സുവിശേഷവും, വിശ്വാസവും പരിചയപ്പെടുത്തുന്ന, കെയ്റോസ് ബഡ്സ് പോലുള്ള ആകർഷകമായ മാസികകൾ സൺഡേ സ്കൂളുകളിൽ കൂടിയും പ്രോത്സാഹിപ്പിക്കുന്നത് ചെറിയൊരു പരിഹാരമാകാനിടയുണ്ട്.