മനുഷ്യജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകരുടെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: മാര്‍ താഴത്ത്
തൃശൂര്‍: മനുഷ്യജീവന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പ്രോ ലൈഫ് പ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരേ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാനും മനുഷ്യമനസാക്ഷിയെ ഉണര്‍ത്താനും പ്രോലൈഫ് സമിതി പ്രവര്‍ത്തങ്ങള്‍ക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ താഴത്ത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന കുഞ്ഞ് ദൈവത്തിന്റെ ദാനമാണെന്നും ആ കുഞ്ഞിനെ നശിപ്പിക്കുന്നതു കൊലപാതകമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. റവ. ഡോ. ക്ലീറ്റസ് കുതിര്‍പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. രണ്ടിനു കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച, ജയിംസ് ആഴ്ചങ്ങാടന്‍ ജനറല്‍ ക്യാപ്റ്റനും, സാബു ജോസ് കേ-ഓര്‍ഡിനേറ്ററുമായ ജീവസംരക്ഷണ സന്ദേശയാത്ര 18നു തിരുവനന്തപുരത്ത് സമാപിക്കും.
പ്രോ ലൈഫ് സമിതി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് കാപ്റ്റന്മാരായ മാര്‍ട്ടിന്‍ MMM, ആന്റണി പത്രോസ്, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് എഫ്. സേവ്യര്‍, ജോയ്‌സ് മുക്കുടം എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു.
ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിനു മുന്നോടിയായിട്ടാണ് കേരള മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിക്കുന്നത്. ഇന്ന് ഇരിങ്ങാലക്കുട, കോട്ടപ്പുറം രൂപതകളിലൂടെ യാത്ര കടന്നുപോകും