January 23, 2025
Church

ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു: ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്

  • July 4, 2024
  • 0 min read
ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു: ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്

തൃശൂർ: ന്യൂനപക്ഷ സമൂഹങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവ ജനസമൂഹം കടുത്ത വിവേചനം നേരിടുന്നതായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തിൽ നിലവിലുള്ള 80:20 അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിൻ്റെ നിലപാട് ഈ വിവേചനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2013ൽ രൂപീകൃതമായ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ഈ സമുദായത്തിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല എന്നത് അദ്ദേഹം ഓർമിപ്പിച്ചു. ക്രൈസ്തവർ നേരിടുന്ന അവഗണനയ്ക്ക് പരിഹാരമാകുമെന്ന് കരുതി ഏറെ പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം കാത്തിരുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെയും, കത്തോലിക്ക കോൺഗ്രസിന്റെയും നേതൃത്വത്തിൽ തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടന്ന അവകാശദിന റാലിയും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ ആർച്ച്ബിഷപ്പ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം അവധി ദിനമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു റാലിയും ധർണയും. യോഗത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് തോമസ് ആൻറണി മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് ഡോ.ജോബി തോമസ് കാക്കശ്ശേരി, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡൻ്റ് പ്രൊഫ.കെ എം ഫ്രാൻസിസ്, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, എൽസി വിൻസൻറ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ കളക്ടറേറ്റിലേക്ക് നടന്ന റാലി അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് കോനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്കും ധർണക്കും അതിരൂപത ചാൻസലർ ഫാ.ഡൊമിനിക് തലക്കോടൻ, കെ.സി. ഡേവീസ്, റോണി അഗസ്റ്റിൻ, ഷിൻ്റോ മാത്യു, ജോർജ് ചിറമ്മൽ, ജിഷാദ് ജോസ്, ജെറിൻ ജോസ്, ജോസ് മഞ്ഞളി, സി എൽ ഇഗ്നേഷ്യസ്, അഡ്വ. ബൈജു ജോസഫ്, ലീലവർഗീസ്, മേഴ്സി ജോയ്, ആൻ്റോ തൊറയൻ എന്നിവർഎന്നിവർ നേതൃത്വം നൽകി. അവകാശ ദിനാചരണത്തോടനുബന്ധിച്ച് അതിരൂപതയിലെ 200ൽ പരം ഇടവക പള്ളികളിൽ രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പൊതുയോഗം ചേർന്നു. അവകാശ ദിന പ്രമേയം പാസാക്കി ഒപ്പുശേഖരണവും നടത്തി.

About Author

കെയ്‌റോസ് ലേഖകൻ