കത്തോലിക്ക കോൺഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക വക്താക്കൾ: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സമകാലിക സാഹചര്യത്തിൽ കത്തോലിക്ക സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക വക്താക്കൾ കത്തോലിക്ക കോൺഗ്രസ് എന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതിയുടെ 2024-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാക്കനാടുള്ള സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനം ഒഴിഞ്ഞ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ സംഘടന നടത്തിയ മുന്നേറ്റത്തിന് ഊർജ്ജം കൂട്ടുവാൻ രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിലുള്ള പുതിയ സമതിയ്ക്ക് കഴിയണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടന കരുതലും സ്നേഹവും പകർന്ന് നൽകിയപ്പോൾ ലോകമെങ്ങുമുള്ള സമുദായ നേതാക്കൾ കത്തോലിക്ക കോൺഗ്രസിന്റെ കൂടെ അണിനിരന്നു എന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ഡെലഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. വിദേശ കുടിയേറ്റം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസി സമൂഹത്തിന്റെ ഇടയിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ കത്തോലിക്ക കോൺഗ്രസ് പ്രവർത്തനം സംഘടിത രീതിയിൽ ക്രമീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
സീറോമലബാർസഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ബെന്നി മുണ്ടനാട്ട്, സീറോമലബാർ മാതൃവേദി ജനറൽ സെക്രട്ടറി ആൻസി മാത്യു, SMYM ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവർ യോഗത്തിൽ ആശംസ അർപ്പിച്ചു. ഗ്ലോബൽ പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറിയായി പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ട്രെഷററായി അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവരും 55 അംഗ ഭാരവാഹി സമതിയും 150 അംഗ ഗ്ലോബൽ പ്രവർത്തക സമതിയും സത്യപ്രതിജ്ഞ ചെയ്തു യോഗത്തിൽ വച്ച് അധികാരം ഏറ്റെടുത്തു. ശ്രീ വി. വി അഗസ്റ്റിൻ, ജേക്കബ് മുണ്ടയ്ക്കൽ, ഡോ. ജോബി കാക്കശ്ശേരി, പ്രൊഫ. കെ. എം. ഫ്രാൻസീസ്, രാജേഷ് ജോൺ, ബെന്നി ആന്റണി , ട്രീസാ ലിസ് സെബാസ്റ്റ്യൻ, ഡേവീസ് എടകളത്തൂർ, ബെന്നി മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.