‘എൻ കർത്താവെ എൻ ദൈവമേ’ ഗാനമൊരുക്കി കോട്ടയ്ക്കാവ് ജീസസ് യൂത്ത്
കോട്ടയ്ക്കാവ്: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് എൻ കർത്താവെ എൻ ദൈവമേ (My Lord and My God) എന്ന പേരിൽ ഗാനമൊരുക്കി കോട്ടയ്ക്കാവ് ജീസസ് യൂത്ത് അംഗങ്ങൾ. തേർഡ് സ്റ്റെപ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബൈജു, വിനോദ്, ഗിൽട്ടൻ, ടോമി, സിജോ, സിബി, ജിബിൻ, ജോ എന്നിവരടങ്ങുന്ന സംഘമാണ് ഗാനമൊരുക്കിയത്. ജോ ജോണിന്റെ വരികൾക്ക് ജീസൺ ആന്റോ ഈണം നൽകുകയും റിതിൻ, ശ്രുതി, ശീതൾ എന്നിവർ ചേർന്ന് ആലപിക്കുകയും ചെയ്തു. ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്നത് ശ്രീജിത്തും എഡിറ്റിംഗ് സോളമൻ ഓസ്കാറുമാണ്. വെറും 18 ദിവസങ്ങൾകൊണ്ട് നാല് വ്യത്യസ്ത രാജ്യങ്ങളിലിരുന്നാണ് തേർഡ് സ്റ്റെപ് ഗ്രൂപ്പ് ഈ ഗാനം തയ്യാറാക്കിയതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
മാർതോമാശ്ലീഹ ഭാരതത്തിൽ നടത്തിയ പ്രേഷിതപ്രവർത്തനത്തിൽ അനുഗ്രഹീതമായ ദേശമാണ് പറവൂർ കോട്ടയ്ക്കാവ് ഫൊറോനാ ദൈവാലയം. കോട്ടയ്ക്കാവ് ഇടവക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് ഈ പുതിയ ഉദ്യമത്തിന് ആശംസകൾ അർപ്പിക്കുകയും അനേകരെ വിശ്വാസചൈത്യനത്തിൽ വളരാൻ ഈ ഗാനം സഹായകരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.