January 22, 2025
Church Jesus Youth Youth & Teens

യുവജനദിനം ജൂലൈ 7, 2024

  • July 1, 2024
  • 1 min read
യുവജനദിനം ജൂലൈ 7, 2024

കെസിബിസി യുവജനകമ്മീഷന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
ക്രിസ്തുവില്‍ പ്രിയ സഹോദരങ്ങളെ,
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്ന് നിങ്ങള്‍ക്ക് കൃപയും സമാധാനവും!

കേരളസഭ 2024 യുവജനവര്‍ഷമായി ആചരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഈ വര്‍ഷത്തെ യുവജന ദിനത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍ ഏറ്റവും സ്‌നേഹത്തോടെ നേരുന്നു. ‘കണ്ണില്‍ കനിവും കരളില്‍ കനലും കാലില്‍ ചിറകുമുള്ള ക്രൈസ്തവ യുവത്വം’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനപ്പെടുത്തി ജനുവരി 7നു തുടക്കം കുറിച്ച യുവജനവര്‍ഷത്തില്‍ കേരളത്തിലെ 32 രൂപതകളും സജീവമായി പങ്കുചേരുന്നതില്‍ ഏവരെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു.

കേരളസഭയിലെ യുവജന പ്രസ്ഥാനങ്ങളായ കെസിവൈഎം, ജീസസ് യൂത്ത്, സിഎല്‍സി, ഐക്കഫ്, ബോസ്‌കോ യൂത്ത്, യൂക്കരിസ്ത്യ, ഇദെന്തെ തുടങ്ങിയവയുടെ നേതാക്കള്‍ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും അവരെ സഹഗമിക്കുന്ന എല്ലാ ഡയറക്ടര്‍മാര്‍ക്കും ആനിമേറ്റര്‍മാര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. പിതാവായ ദൈവത്തിന്റെ കരുണയും പുത്രനായ യേശുക്രിസ്തുവിന്റെ തീക്ഷ്ണതയും പരിശുദ്ധാത്മാവിന്റെ അഭിഷേകവും നിറഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സഭയില്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന യുവജനസഭയ്ക്കു പുത്തനുണര്‍വ് പ്രദാനം ചെയ്യാന്‍ യുവജനവര്‍ഷ പ്രഖ്യാപനത്തിന് സാധിച്ചു എന്നതില്‍ കേരള മെത്രാന്‍ സമിതിക്കു ചാരിതാര്‍ത്ഥ്യം ഉണ്ട്.

ക്രിസ്തുവുമായുള്ള സൗഹൃദം

‘നമ്മുടെ രക്ഷകനായ ക്രിസ്തു’ എന്ന യുവാവായ ദൈവവുമായുള്ള സൗഹൃദമാണ് യുവജന ആത്മീയത എന്നു കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ ക്രിസ്തു ജീവിക്കുന്നു എന്ന അപ്പസ്‌തോലിക ആഹ്വാനത്തില്‍ പറയുന്നു. സഭയ്ക്കുള്ളിലെ നമ്മുടെ യുവാക്കളുടെ ഇടപഴകലും ആത്മീയ പോഷണവും ദൈവമനുഷ്യസൗഹൃദം നിറഞ്ഞതാവണം. നമ്മുടെ യുവജനങ്ങള്‍ കേവലം സഭയുടെ ഭാവി മാത്രമല്ല; അവര്‍ അതിന്റെ വര്‍ത്തമാനകാലത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍, അവരുടെ ആവശ്യങ്ങള്‍, അഭിലാഷങ്ങള്‍, അതുല്യമായ ആത്മീയ യാത്രകള്‍ എന്നിവയുമായി പ്രതിധ്വനിക്കുന്നതും പരിപാലിക്കുന്നതും ഇത്തരുണത്തില്‍ അനിവാര്യമാണ്. ധനികനായ യുവാവ് യേശുവിനെ സമീപിച്ചു നിത്യരക്ഷയ്ക്കുള്ള മാര്‍ഗമന്വേഷിച്ചപ്പോള്‍ അവനുമായുള്ള സൗഹൃദം സ്ഥാപിക്കാന്‍ യേശു ശ്രമിക്കുന്നുണ്ട് (മത്താ 19.16). എന്നാല്‍ അവനാകട്ടെ ക്രിസ്തുവെന്ന സ്വത്തിനേക്കാള്‍ മറ്റു പലതിനും വേണ്ടി ഏറ്റവും അമൂല്യമായ സൗഹൃദം തന്നെ വേണ്ടന്നു വച്ചു, അവസാനം വിഷാദവാനായി തിരികെപോയി (19.22). ഇത് യുവജനതയ്ക്ക് ഒരു പാഠമാണ്. യേശുക്രിസ്തുവെന്ന ഏറ്റവും മൂല്യമേറിയ സുഹൃത്തിനെ കണ്ടെത്താന്‍ യൗവനത്തിലേ സാധിച്ചാല്‍ ജീവിതം ആനന്ദപ്രദമാകും. അതിന് സഭയില്‍ നടക്കുന്ന രക്ഷാകരമായ ആത്മീയ കൂദാശകളിലുള്ള സജീവ പങ്കാളിത്തവും കാരുണ്യ പ്രവര്‍ത്തികളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും വിപ്ലവകരമായ മാറ്റങ്ങള്‍ക്കായുള്ള തീക്ഷ്ണത നിറഞ്ഞ നിലപാടുകളും യുവജനങ്ങള്‍ക്ക് ഉള്‍പ്രേരകങ്ങള്‍ ആകണമെന്ന് സഭ ആഗ്രഹിക്കുന്നു. അത് ഈ യുവജനവര്‍ഷത്തില്‍ കൂടുതല്‍ തെളിവായി വരട്ടെ എന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

യുവജന സൗഹൃദ സഭ

ഈ യുവജനവര്‍ഷത്തില്‍ നാം ആത്മവിമര്‍ശനത്തോടെ ചോദിക്കണ്ടത് നമ്മുടെ സഭ, ദേവാലയങ്ങള്‍, സഭാസ്ഥാപനങ്ങള്‍ ഇവയൊക്കയും യുവജന സൗഹൃദപരമാണോ എന്നാണ്. സഭയെയും സഭാ സംവിധാ നങ്ങളെയും യുവജന സൗഹൃദപരമാക്കാന്‍ സാധിച്ചാല്‍ ഈ യുവജനവര്‍ഷാചരണം സഭാനവീകരണ ത്തിന് പുതിയ മാനം നല്‍കും എന്നതില്‍ ഒരു സംശയവുമില്ല. നമ്മുടെ ദേവാലയങ്ങള്‍ യുവാക്കളെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു യുവജനസൗഹൃദ സഭാപ്രോട്ടോകോള്‍ (Youth Friendly Church Protocole -YFCP) ഉണ്ടാവുന്നത് അഭികാമ്യം ആണെന്നു തോന്നുന്നു. അതിനായുള്ള ചില പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.


സഭയുടെ ആരാധനാജീവിതത്തില്‍ യുവജന പങ്കാളിത്തം

യുവാക്കളുടെ വിശാലമായ ശ്രേണിയെ ആകര്‍ഷിക്കാന്‍ പരമ്പരാഗത ആരാധനാക്രമങ്ങള്‍ക്കൊപ്പം സമകാലീന ആരാധനാ രീതികള്‍ ഉള്‍പ്പെടുത്തുക. വായനകള്‍, സംഗീതം, മറ്റ് ആരാധനാപരമായ റോളുകള്‍ എന്നിവയിലൂടെ സേവനങ്ങളില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

യുവജന നേതൃത്വവും പങ്കാളിത്തവും

സഭാ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയകളില്‍ യുവജനങ്ങള്‍ക്ക് ശബ്ദം നല്‍കുന്നതിന് യുവജന കൗണ്‍സിലുകളോ ഉപദേശക സമിതികളോ സ്ഥാപിക്കുക. സഭയിലും സമൂഹത്തിലും വിവിധ റോളുകള്‍ക്കായി യുവാക്കളെ സജ്ജരാക്കുന്നതിന് നേതൃത്വ പരിശീലന പരിപാടികള്‍ വാഗ്ദാനം ചെയ്യുക. പള്ളികളിലെ പാസ്റ്ററല്‍ കൗണ്‍സില്‍, പ്ലാനിങ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി തുടങ്ങിയവയില്‍ യുവജന പ്രാതിനിധ്യം ഉറപ്പാക്കുക.
യുവജന വിശ്വാസ പരിശീലനം

യുവജനകാറ്റിക്കിസം ആകര്‍ഷകവും നിര്‍ബന്ധവും ആക്കുക മള്‍ട്ടിമീഡിയയും ഇന്ററാക്ടീവ് സമീപനങ്ങളും ഉപയോഗിച്ച് പ്രസക്തവും ആകര്‍ഷകവുമായ കാറ്റകാറ്റിക്കില്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കുക. വിശ്വാസത്തിന്റെ ആഴത്തിലുള്ള പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ചെറിയ ഗ്രൂപ്പ് ചര്‍ച്ചകളും സമപ്രായക്കാരുടെ നേതൃത്വത്തില്‍ ബൈബിള്‍, യുക്യാറ്റ്, ഡുക്യാറ്റ് പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കുക.
സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം

എല്ലാ യുവാക്കളുടെയും ക്ഷേമം സംരക്ഷിക്കുന്നതിന് സമഗ്രമായ സുരക്ഷാ നയങ്ങള്‍ നടപ്പിലാക്കുക. സാമൂഹികവല്‍ക്കരണത്തിനും അനൗപചാരിക ഒത്തുചേരലുകള്‍ക്കുമുള്ള മേഖലകള്‍ ഉള്‍പ്പെടെ, യുവജന സൗഹൃദമായ, സ്വാഗതാര്‍ഹമായ ഭൗതിക ഇടങ്ങള്‍ (സംഘടനാ കാര്യാലയങ്ങള്‍) സൃഷ്ടിക്കുക. രൂപതകളിലും ദേവാലയങ്ങളിലും യുവജനങ്ങള്‍ക്ക് കൂടിവരാനായി യൂത്ത് സെന്ററുകള്‍ ഉണ്ടാവുക.
സമുദായ സേവനവും സാമൂഹിക നീതിയും ഗവണ്‍മെന്റുകളുടെയും സഭയുടെയും സാമൂഹിക സേവനപദ്ധതികളിലും സാമൂഹിക നീതി സംരംഭങ്ങളിലും പങ്കെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി ലൂടെയും ഉപവി പ്രവൃത്തികളിലൂടെയും സുവിശേഷം ജീവിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു കാണിക്കുക.

മുതിര്‍ന്നവരുടെ മെന്റര്‍ഷിപ്പും വൈദികരുടെ അജപാലന സഹഗമനവും ഉറപ്പാക്കല്‍

മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്ക്കുമായി യുവാക്കളെ സഭയിലെ മുതിര്‍ന്ന അംഗങ്ങളുമായി സംവദിക്കുന്ന മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്തുക. യുവാക്കളുടെ കാലികമായ വെല്ലുവിളികള്‍ക്കും ആശങ്കകള്‍ക്കും അനുസൃതമായി അവര്‍ക്കു തുറന്ന മനസ്സോടെയുള്ള അജപാലന പരിചരണം നല്‍കുക. യുവജന അജപാലന ശുശ്രുഷ നിര്‍ബന്ധമാക്കുകയും അതിനായി സെമിനാരികളില്‍ കാര്യക്ഷമായ പരിശീലനപരിപാടികള്‍ നടത്തുകയും ചെയ്യുക.

സാങ്കേതികവിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗം

മീഡിയ അസിസ്റ്റഡ് മിനിസ്ട്രി (MAM) യുവാക്കള്‍ ഏറ്റവും സജീവമായ ഇടങ്ങളില്‍ അവരുമായി ഇടപഴകുന്നതിന് സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും കൃത്യമായി ഉപയോഗിക്കുക. വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഓണ്‍ലൈന്‍ ഉറവിടങ്ങളും വെര്‍ച്വല്‍ കമ്മ്യൂണിറ്റികളും വാഗ്ദാനം ചെയ്യുക.

യുവജന സൗഹൃദ കുടുംബങ്ങള്‍

വീടിനുള്ളില്‍ യുവാക്കളുടെ വിശ്വാസ വികാസത്തെ പിന്തുണയ്ക്കുന്നതിന് മാതാപിതാക്കളും രക്ഷിതാക്കളുമായും പങ്കാളിത്തം വളര്‍ത്തുക. സഭയും കുടുംബജീവിതവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കുടുംബാധിഷ്ഠിത പരിപാടികള്‍ സംഘടിപ്പിക്കുക.

യുവജന സൗഹൃദ സഭാസ്ഥാപനങ്ങള്‍

ഇടവകാതിര്‍ത്തിയിലെ സഭാസ്ഥാപനങ്ങള്‍ യുവജനശുശ്രുഷമേഖലകളായി മാറാനും അവരുടെ കലാകായിക പരിശീലനവേദികളാക്കി മാറ്റാനുമുള്ള പദ്ധതികള്‍ അതതു സ്ഥലത്തെ സന്യസ്ത ഭവനങ്ങളുടെ വിഭവശേഷികള്‍ യുവജന ശുശ്രുഷയില്‍ പങ്കുചേര്‍ക്കുക.

രൂപതയില്‍ യുവജന ഡേറ്റ ബാങ്ക്

രൂപതയിലെ യുവജനങ്ങളുടെ സമഗ്രമായ വിവരശേഖരണം, ആ വിവരങ്ങളുടെ ശാസ്ത്രീയമായ വിശകലനം, അതിന്റെ അടിസ്ഥാനത്തില്‍ ക്രിയാത്മകപദ്ധതികള്‍ എന്നിവ യുവജന സൗഹൃദ സഭ എന്ന ദര്‍ശനത്തിലേക്കു കേരള സഭയെ നയിക്കും

യുവജനശുശ്രുഷക്കായി നീതിപൂര്‍വകമായ സാമ്പത്തിക ഓഹരി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തല്‍
നിര്‍വഹണവും വിലയിരുത്തലും

ഈ പ്രോട്ടോക്കോളുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഓരോ രൂപതയുടെയും യുവജന മന്ത്രാലയ കോ-ഓര്‍ഡിനേറ്ററെ നിയമിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. യുവാക്കളെ ഫലപ്രദമായി പിന്തുണയ്ക്കാന്‍ അവര്‍ സജ്ജരാണെന്ന് ഉറപ്പാക്കാന്‍ വൈദികര്‍ക്കും സാധാരണ നേതാക്കള്‍ക്കും നിരന്തരമായ പരിശീലനവും ശില്‍പശാലകളും നല്‍കണം. കൂടാതെ, നമ്മുടെ സമീപനങ്ങള്‍ തുടര്‍ച്ചയായി പരിഷ്‌കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും യുവാക്കളില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള ആനുകാലിക വിലയിരുത്തലുകളും ഫീഡ്ബാക്കും അത്യന്താ പേക്ഷിതമാണ്.

ഉപസംഹാരമായി, യുവജന സൗഹൃദസഭകള്‍ സൃഷ്ടിക്കുന്നത് കേവലം ഘടനാപരമായ ഒരു സംരംഭമല്ല; അത് യുവജന അജപാലനത്തിന്റെ അനിവാര്യതയാണ്. ഈ പ്രോട്ടോക്കോളുകളും മാര്‍ഗ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിലൂടെ, നമ്മുടെ യുവജനങ്ങളുടെ വിശ്വാസം പരിപോഷിപ്പിക്കുന്ന തിനുള്ള സഭയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നു. ക്രിസ്തു നായിനിലെ വിധവയുടെ മകനോട് പറഞ്ഞതു പോലെ, (ലുക്കാ 7, 11-17) ജായ്‌റോസിന്റെ മകളോട് പറഞ്ഞതുപോലെ, (ലൂക്ക 8, 40-56) കേരളസഭ തന്റെ യുവതയോടു ‘യുവാവേ, യുവതീ എഴുന്നേല്‍ക്കു’ എന്നു പറയുന്നു. ഏശയ്യ പ്രവാചകനിലുടെ ഇസ്രായേല്‍ ജനത്തോട് പറഞ്ഞതുപോലെ പറയുന്നു, ‘ഉണര്‍ന്നു പ്രശോഭിക്കൂ’ (ഏശയ്യ 60.1). അങ്ങനെ അവര്‍ നമ്മുടെ സഭാസമൂഹത്തിന്റെ അവിഭാജ്യവും തേജസ്സുറ്റതുമായ ഘടകമാണെന്ന് ഉറപ്പാക്കുന്നു. ഈ സുപ്രധാന ദൗത്യം ഏറ്റെടുക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ യുവജനങ്ങളെ, ക്രിസ്തുവിനോടും അവിടുത്തെ സഭയോടും അടുപ്പിക്കുന്ന സഭയുടെ പ്രയത്‌നങ്ങള്‍ അവരുടെ ജീവിതത്തില്‍ ഫലം കായ്ക്കട്ടെ. ഒരു യുവജന സൗഹൃദസഭയായി കേരളസഭ മാറട്ടെ. അതിനായി നമ്മെ ഏവരെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആര്‍
(ചെയര്‍മാന്‍, കെസിബിസി യുവജന കമ്മീഷന്‍)

ഡോ. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
(വൈസ് ചെയര്‍മാന്‍, കെസിബിസി യുവജന കമ്മീഷന്‍)

ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസ്
(വൈസ് ചെയര്‍മാന്‍, കെസിബിസി യുവജന കമ്മീഷന്‍)

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം,
പി.ഒ.സി., കൊച്ചി – 682 025

N.B. 2024 ജൂലൈ 7-ാം തീയതി ഞായറാഴ്ച ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോമലബാര്‍, ലാറ്റിന്‍, സീറോ മലങ്കര കത്തോലിക്കാസഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.

About Author

കെയ്‌റോസ് ലേഖകൻ