January 23, 2025
Church

മക്കളെക്കുറിച്ച് മാതാപിതാക്കന്‍മാര്‍ ജാഗത്ര ഉള്ളവരാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • June 12, 2024
  • 0 min read
മക്കളെക്കുറിച്ച് മാതാപിതാക്കന്‍മാര്‍ ജാഗത്ര ഉള്ളവരാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ബാലനായ ഉണ്ണിയീശോയെ പരിശുദ്ധ അമ്മ പരിശീലിപ്പിച്ചതുപോലെ മക്കളെ പരിശീലിപ്പിക്കുവാന്‍ മാതാപിതാക്കന്‍മാര്‍ ശ്രദ്ധിക്കണമെന്ന് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്‍റെ പ്രധാനപ്പെട്ട 3 കര്‍മ്മമേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണാപുരം സെന്‍റ് തോമസ് പള്ളി പാരീഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് ചേര്‍ന്ന സമ്മേളനത്തിന് പാലാ രൂപത മാതൃവേദി പ്രസിഡന്‍റ് ശ്രീമതി. സിജി ലൂക്ക്സണ്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബങ്ങളെ തിരുക്കുടുംബമാക്കുവാന്‍ മാതാപിതാക്കന്‍മാര്‍ക്കുള്ള കടമയെക്കുറിച്ച് എല്ലാ മാതാപിതാക്കന്‍മാരും ശ്രദ്ധിക്കണമെന്ന് അദ്ധ്യക്ഷ ഓര്‍മ്മപ്പെടുത്തി. കുടുംബങ്ങള്‍ ഇന്ന് അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടു പിടിക്കാനും അതിന് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും മാതാപിതാക്കന്‍മാരെ സജ്ജരാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ആമുഖസന്ദേശത്തില്‍ പാലാ രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് പറഞ്ഞു. പ്ലാറ്റിനം ജൂബിലിലേയ്ക്ക് പാലാ രൂപത പ്രവേശിക്കുമ്പോള്‍ ഫാമിലി അപ്പോസ്തലേറ്റ് വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപരിപാടികള്‍ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. ജോസഫ് നരിതൂക്കില്‍ പറഞ്ഞു. ചടങ്ങില്‍ പിതൃവേദി പ്രസിഡന്‍റ് ശ്രീ. ജോസ് തോമസ് മുത്തനാട്ട് സ്വാഗതവും മാതൃവേദി ജോയിന്‍റ് ഡയറക്ടര്‍ റവ. ഡോ. എല്‍സാ ടോം ആശംസ അര്‍പ്പിക്കുകയും പ്രോലൈഫ് പ്രസിഡന്‍റ് ശ്രീ. മാത്യു എം. കുര്യാക്കോസ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. 4.30 തോടുകൂടി യോഗം അവസാനിച്ചു. വിവിധ ഇടവകളില്‍ നിന്നുമായി 2500 ഓളം മാതാപിതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

About Author

കെയ്‌റോസ് ലേഖകൻ