Karios News Highlights [16 July 2024]
ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ ഫോറം
അലഹാബാദ്: ക്രൈസ്തവര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെ പരക്കെ പ്രതിഷേധം. മതപരിവര്‍ത്തനത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ദ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധമറിയിച്ചത്. ഉത്തര്‍പ്രദേശിലെ മതപരിവര്ത്തനനിരോധനനിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയായിരുന്നു-നിയമപരമല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ രാജ്യത്തെ മജോറിറ്റി പോപ്പുലേഷന്‍ മൈനോരിറ്റി ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. മാത്രമല്ല, ഇന്ത്യന്‍ പൗരന്മാരെ മതംമാറ്റുന്നത് അടിയന്തിരമായി നിര്ത്തണമെന്നുമായിരുന്ന ഹൈക്കോടതിയുടെ പരമാര്‍ശം. ഈ പരമാര്‍ശത്തെക്കുറിച്ച് ഇന്ത്യയിലെ കോടതി മുറികള്‍ ഭൂരിപക്ഷത്തിന്റെ തിയേറ്ററുകളായി പരിവര്‍ത്തനം ചെയ്പ്പെടുകയാണോ എന്ന് ഫോറം അംഗങ്ങള്‍ പത്രക്കുറിപ്പില്‍ ചോദിച്ചു.
ക്രൈസ്തവ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവരും മറ്റുള്ളവരെപ്പോലെ ഇന്ത്യയിലെ പൗരന്മാര് തന്നെയാണെന്നും നിയമത്തിന്റെ തുല്യപരിരക്ഷയ്ക്ക് അവരും അര്‍ഹരാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കോടതി കേസിന്റെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് ഫോക്കസ് ചെയ്യണമെന്നും അല്ലാതെ ഭൂരിപക്ഷത്തിന്റെ മതപരിഗണനവച്ച് അടച്ചാക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയല്ല വേണ്ടതെന്നും ഫോറം സൂചിപ്പിച്ചു. അത്തരത്തിലുള്ള പ്രസ്തവാനകള്‍ ക്രൈസ്തവരെ കൂടുതല്‍ പീഡനങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും ഫോറം വ്യക്തമാക്കി.
ക്രൈസ്തവ മതത്തിലേക്ക് മതം മാറ്റുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്ക് അളുകളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ജയിലിലടച്ച് കൈലാഷ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ പരമാര്‍ശം നടത്തിയത്.
ഉത്തര്‍പ്രദേശിലടക്കം ക്രൈസ്തവര്‍ക്കുനേരെ സംഘടിത ആക്രമം നടക്കുന്നുവെന്നും ഹൈക്കോടതി നിര്ബന്ധിച്ചുള്ളതും സ്വതാല്പര്യപ്രകാരവുമുള്ള മതപരിവര്‍ത്തനത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്നും ഫോറം സൂചിപ്പിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിള്‍ ഒരു പൗരന് അവന് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശം കൊടുത്തിരിക്കുന്നു. ഒരു വ്യക്തിയുടെ ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുവാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതിയുടെ നിരവധി വിധികളെ ഖണ്ഡിക്കുന്നതാണ് അലഹാബാദ് ഹൈകോടതിയുടെ വിധി എന്നും കുറിപ്പില്‍ പറയുന്നു.
മാർ ഈവാനിയോസ് ആരാധനക്രമത്തെ സംരക്ഷിച്ചു: മാർ റാഫേൽ തട്ടിൽ
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് പൌരസ്ത്യ ആരാധനക്രമ ത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നുവെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ധന്യന്‍ മാര്‍ ഈവാനിയോസിന്റെ 71-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ മേരീസ് കത്തീധ്രല് ദേവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
രാവിലെ നടന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരുന്നു. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൌലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാർ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവരും സഹകാര്‍മികരായിരുന്നു. മൂന്നൂറോളം വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ സഭയുടെ മേജർ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടിലിന് മലങ്കര കത്തോലിക്കാ സഭ ഔദ്യോഗിക സ്വീകരണവും ഇതിനോടനുബന്ധിച്ച് നല്കി.
മാര്‍ ഈവാനിയോസ് മ്മെതാപ്പോലീത്തയുടെ പുനരൈക്യ പരിശ്രമങ്ങള്‍ക്ക് വലിയ പിന്‍ബലമാണ് സീറോമലബാര്‍ സഭ നല്‍കിയിട്ടുള്ളതെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. റവ. ഡോ. തോമസ് പ്രമോദ് ഒഐസി, സാം മുതുകുളം എന്നിവര്‍ രചിച്ച പുസ്തകങ്ങള്‍ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു.
ക്രിസ്തീയ സംസ്കാരം രൂപീകരിക്കുന്നതിൽ മിഷൻ ലീഗിന്റെ സംഭാവന നിസ്തുലം: മാർ നെല്ലിക്കുന്നേൽ
കരിമ്പന്‍: ക്രിസ്തീയ സംസ്കാരം രൂപീകരിക്കുന്നതില്‍ ചെറുപുഷ്പ മിഷന് ലീഗ് വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് ബിഷപ് മാര്‍ ജോണ്‍ നെെല്ലിക്കുന്നേല്. ചെറുപുഷ്പ മിഷന് ലീഗിന്റെ ഇടുക്കി രൂപതാ വാര്‍ഷികം രാജാക്കാട് ക്രിസ്തുരാജ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ രൂപീകരണത്തിലും ദൈവവിളി പ്രോത്സാഹനത്തിലും വലിയ സംഭാവനകള്‍ നല്കി മിഷന് ലീഗ് സഭയെയും സമൂഹത്തെയും ഒരുപോലെ വളര്‍ത്തുന്നു. നല്ല വ്യക്തിത്വങ്ങളുടെ രൂപീകരണമാണ് കുടുംബങ്ങളെയും സമൂഹത്തെയും പടുത്തുയര്‍ത്തുന്നത്. കുട്ടികളെയും യുവജനങ്ങളെയും അത്തരത്തില്‍ കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളര്‍ത്തുന്നതില്‍ എല്ലാവരും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചെറുപുഷ്പ മിഷന്‍ലീഗ് ഇടുക്കി രൂപതാ പ്രസിഡന്റ് സെസില്‍ ജോസ് അധ്യക്ഷത വഹിച്ചു. 2023-24 പ്രവര്‍ത്തനവര്‍ഷ ഡിജിറ്റല്‍ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തെ പഠനവിഷയം അടിസ്ഥാനമാക്കി നടത്തിയ കൈയെഴുത്ത് മാസികാ മത്സരവിജയികളെ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ലോഗോ മത്സര വിജയികളെ മോണ്‍. ഏബ്രഹാം പുറയാറ്റും പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്ത്തനവര്ഷത്തിലെ മികച്ച ശാഖകളെയും മേഖലകളെയും അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
രാജാക്കാട് ഫൊറോനപ്പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍, ചെറുപുഷ്പ മിഷന് ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, അസി. ഡയറക്ടര്‍ ഫാ. അമല്‍ താണോലില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സ്റ്റാർലെറ്റ് സിഎംസി, ജനറല്‍ സ്വെക്രട്ടറി മാര്ട്ടിന് മാത്യു, ഓര്‍ഗനൈസര്‍ ജയിംസ് തോമസ്, വൈസ് പ്രസിഡന്റ് ആന്മരിയ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അയോണ ജോഷി, രൂപത-മേഖലാ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ ജോര്‍ജ് കോയിക്കല്‍, മാതൃവേദി രൂപത പ്രസിഡന്റ ഷേര്‍ലി ജൂഡി, കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, സിസ്റ്റര്‍ മേബിള്‍ സിഎംസി, സിസ്റ്റര്‍ അനിറ്റ് എസ്എബിഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.