Kairos News Highlights
എസ്‌എംവൈഎം-കെസിവൈഎം പാലാ രൂപത സുവര്‍ണ ജൂബിലി നാളെ
ഏറ്റുമാനൂര്‍: എസ്‌എംവൈഎം-കെസിവൈഎം പാലാ രൂപതയുടെ സുവര്‍ണ ജൂബിലി സമാപന ആഘോഷം പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ ഒന്‍പതിന് ആരംഭിക്കും. മൂവായിരത്തിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മ്രന്തി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, യുവജനപ്രസ്ഥാനത്തെ അമ്പതു വര്‍ഷങ്ങളില്‍ നയിച്ച ഡയറക്ടര്‍മാര്‍, യുവജനനേതാക്കള്‍, വൈദികര്‍, യുവജനങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രൂപത പ്രസിഡന്റ എഡ്വിന്‍ ജോസി അധ്യക്ഷത വഹിക്കും.
രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ലൈവ് മ്യൂസിക് ബാന്‍ഡ്, സുവര്‍ണ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്നേഹഭവനം നിര്‍മാണം, വര്‍ഷത്തില്‍ ഒരു ഭവനം, പൊതിച്ചോറ് വിതരണം, മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ രക്തദാനം, പഠന കിറ്റ് വിതരണം, പാലാ സിവില്‍ സര്‍വീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നു സൗജന്യ പിഎസ്സി, സിവില്‍ സര്‍വീസ് പരിശീലനം, ജോബ് സെല്‍, ലീഗെല്‍ സെല്‍, മീഡിയ സെല്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കൃഷിയും യുവജനങ്ങളും എന്ന പ്രോജക്ട്, പാലാ മാട്രിമോണിയുമായി ചേര്‍ന്ന് ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കല്‍ തുടങ്ങിയവ നടത്തും.
മാർ ജെയിംസ് പഴയാറ്റിൽ വിശുദ്ധിയുടെ ആത്മീയാചാര്യൻ: മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: മാർ ജെയിംസ് പഴയാറ്റിൽ വിശുദ്ധിയുടെ ആത്മീയാചാര്യനായിരുന്നുവെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ. രൂപതയുടെ പ്രഥമ ബിഷപ് മാർ ജെയിംസ് പഴയാറ്റിലിന്റെ എട്ടാം ചരമവാർഷികത്തിൻ്റെ സ്‌മരണ പുതുക്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന അനുസ്മരണബലിയിൽ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ ആരംഭംമുതൽ വിശ്വാസദൃഢതയോടും ഏറെ പ്രസരിപ്പോടെയും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌താണ് അദ്ദേഹം രൂപതയെ പടുത്തുയർത്തിയതെന്നും എല്ലാം നവീകരിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് 32 വർഷം ഇരിങ്ങാലക്കുട രൂപതയുടെ ആത്മീയ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പുത്തൻ ഉണർവിൻ്റെ പാതയിൽ മാർ പഴയാറ്റിൽ രൂപതയെ നയിച്ചതെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ തുടങ്ങിയവർ സഹകാർമികരായി. രൂപതയിലെ ഇടവകകളിൽനിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു. ദിവ്യബലിക്കുശേഷം കബറിടത്തിൽ നടന്ന ശുശ്രൂഷകൾക്കു ബിഷപ് മാർ പോളി കണ്ണൂക്കാടൻ നേത്യത്വം നൽകി.
ഭ്രൂണഹത്യയിലൂടെ അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകം: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
വരാപ്പുഴ: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പൊലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രോലൈഫ് പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവസംരക്ഷണ സന്ദേശ യാത്ര ടീമിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, മജിഷ്യനും ജോയിന്റ് കോ ഓർഡിനേറ്ററുമായ ജോയ്‌സ് മുക്കുടം എന്നിവർ ഉണ്ടായിരുന്നു. ഓഗസ്റ്റ് 10ന് തൃശ്ശൂരിൽവെച്ച് നടക്കാനിരിക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന കേരള മാർച്ച് ഫോർ ലൈഫ്-ജീവ സംരക്ഷണ സന്ദേശയാത്ര ജൂലൈ രണ്ടിന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നുമാണ് ആരംഭിച്ചത്.
കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ
ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. ‘റേഡിയോ മരിയ’ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനും നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.
കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള നിക്കരാഗ്വേയിലെ അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായിരിന്നു റേഡിയോ മരിയ. 2018-ല്‍ ഭരണകൂടത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വൈദികര്‍ മധ്യസ്ഥരായി പ്രവർത്തിച്ചതിനുശേഷം അധികാരികൾ റേഡിയോ സ്റ്റേഷന് നേരെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചിരിന്നു.
ലഹരി വിരുദ്ധ ദിനാചരണം
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ലൂര്‍ദ് ഫൊറോനയില്‍ മാതൃ-പിത്യവേദിയും യുവദീപ്തിയും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഫൊറോന വികാരി ഫാ. മോളി കൈതപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. ടോണ്‍ പൊന്നാട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്.
ഡയറക്ടര്‍ ഫാ. ടോണ്‍ പൊന്നാട്ടില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും പ്രതിജ്ഞ ചൊലല്ലിക്കൊടുക്കുകയും ചെയ്തു. മാതൃവേദി അംഗമായ ടോമി നാ മേരി ജോസ് വരച്ച ലഹരിവിരുദ്ധ പെയിന്റിംഗ് ഫാ. മോര്‍ളി കൈതപ്പറമ്പില്‍ പ്രകാശനം ചെയ്തു. പിതൃവേദി പ്രസിഡന്റ കെ.ജെ. ജോര്‍ജ്, മാതൃവേദി പ്രസിഡന്റ് മിനി റാഫി, സെക്രട്ടറി ജിഷ ടോം, യുവദീപ്തി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അപരനെ സഹോദരതുല്യം കാണുവാനുള്ള പരിശീലനമാണ് വിശ്വാസപരിശീലനം: ഫാ. പോള്‍ മോറേലി
വൈക്കം: അപരനെ സഹോദരതുല്യം കാണുവാനും സഹജീവികളോടും പ്രകൃതിയോടും കരുതലും കരുണയുമുള്ള മനുഷ്യരായി വളരുവാനുമുള്ള പരിശീലനമാണ് വിശ്വാസപരിശീലനം വഴി നേടുന്നതെന്ന് എറണാകുളം-അങ്കമാലി അതിരുപത വിശ്വാസപരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. പോള്‍ മോറേലി. വൈക്കം ഫൊറോനയിലെ 29 യൂണിറ്റുകളില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസപരിശീലനം നേടുന്ന വിദ്യാര്‍ഥികളുടെ സംഗമം എലൈവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊതവറയില്‍ നടന്ന വിദ്യാര്‍ഥീ സംഗമത്തില്‍ വികാരി ഫാ. ഷിജോ കോനൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരി, ഫൊറോനാ ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍, ഫൊറോനാ സെക്രട്ടറി സിസ്റ്റര്‍ ജെയ്നി, സിസ്റ്റര്‍ ലിന്‍സി, പ്രമോട്ടര്‍മാരായ ബെന്നി ജോര്‍ജ്, സജീവ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. നിജോ പുതുശേരി, സുസ്മിന്‍ പി ജോയി, മിനി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
നൂറുക്കണക്കിന് ദൈവാലങ്ങളിൽ ഐക്കണുകളിൽ പാരമ്പര്യം മെനഞ്ഞ ചക്യായിൽ അപ്പച്ചൻ അന്തരിച്ചു
ചങ്ങനാശേരി; ദേവാലയങ്ങളിലും ആശ്രമങ്ങളിലും കോണ്‍വന്റുകളിലും മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യപ്രകാരം തടിയിന്മേല്‍ മാര്‍ത്തോമ്മ സ്ലീവായുടെ ഐക്കണുകള്‍ കൊത്തിയെടുത്ത് തുരുത്തി ജെജെസി ആര്‍ട്ട് വേള്‍ഡിന്റെ സാരഥി ചക്യായില്‍ അപ്പച്ചന്‍ അന്തരിച്ചു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായുള്ള 1800ഓളം പള്ളികളിലും കോണ്‍വെന്റുകളിലും വീടുകളിലും ഇദ്ദേഹത്തിന്റെ കരവിരുതില്‍ തെളിഞ്ഞത് ആയിരക്കണക്കിനു ഐക്കണുകളാണ്.
സഭയുടെ ആരാധന പൈതൃകത്തിനനുസൃതമായി ദേവാലയങ്ങളിലും ചാപ്പലുകളിലും മദ്ബഹായും ബേമ്മയും ആർട്ട് വര്‍ക്ക് ചെയ്യുന്നതിലും അപ്പച്ചന്റെ കരവിരുത് ശ്രദ്ധേയമായിരുന്നു. അപ്പച്ചന്റെ പാരമ്പര്യം മക്കളായ ജോബിയും ജോജോയും തുടരുന്നുണ്ട്. തുരുത്തി മര്‍ത്ത് മറിയം പള്ളിയില്‍ പലതവണകളായി 25 വര്‍ഷക്കാലം കൈക്കാരനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ദര്‍ശന സമൂഹം, എകെസിസി, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എന്നീ ഭക്തസംഘടനകളില്‍ സജീവ അംഗമായിരുന്നു. 1962 വരെ സഭയില്‍ നിലനിന്നിരുന്ന സുറിയാനി കുര്‍ബാനയര്‍പ്പണത്തിന്റെ കാലയളവില്‍ സുറിയാനി ക്വയറിന് അപ്പച്ചന്‍ നേതൃത്വം നല്‍കി. സുറിയാനി പാട്ടുകളുടെ ജനകീയമുഖം തേടി ഈ പൈതൃകത്തോടു താല്പരൃമുള്ള നിരവധി ചെറുപ്പക്കാര്‍ ജോസഫ് ജോസഫ് എന്ന ചക്യായില്‍ അപ്പച്ചന്റെ സഹായം തേടിയിട്ടുണ്ട്.
പഴയകാലത്തെ മെട്രിക്കുലേഷന്‍ ചങ്ങനാശേരി എസ്ബി ഹൈസ്കൂളില്‍നിന്നു പാസായി. നെടുംകുന്നം പുള്ളോന്‍പറമ്പില്‍ ഏലിയാമ്മയാണ് ഭാര്യ. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണ്. മലങ്കര സഭയിലെ ദിവംഗതനായ മോണ്‍സിഞ്ഞോര്‍ സി.ടി. കുരുവിള പിതൃസഹോദരനാണ്. ശനിയാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തും.
അല്‍ഫോന്‍സാ പള്ളിയിലെ ഐക്കണുകൾക്ക് പിന്നിൽ MCBS സഭാംഗം ഫാ. സാബു മണ്ണട
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവീകരിച്ച തീര്‍ഥാടന ദേവാലയത്തിലെ അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് പ്രമുഖ ആര്‍ട്ടിസ്റ്റും ദിവ്യകാരുണ്യ മിഷനറി സഭയിലെ വൈദികനുമായ ഫാ. സാബു മണ്ണട. അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ഥന നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഫാ. സാബുവിന് അല്‍ഫോന്‍സാ പള്ളിയിലെ ഐക്കണുകള്‍ വരയ്ക്കാനുള്ള ഭാഗ്യം എത്തിച്ചേരുകയായിരുന്നു.
തീര്‍ഥാടന ദേവാലയത്തിലെ അള്‍ത്താരയില്‍ അല്‍ഫോന്‍സാമ്മയുടെയും പഠിപ്പിക്കുന്ന ഈശോയുടെയും മാതാവിന്റെയും ഉള്‍പ്പെടെയുള്ള ഐക്കണുകള്‍ ചിത്രീകരിക്കാന്‍ ലഭിച്ച അവസരം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹത്താലാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഫാ. സാബു മണ്ണട ചിത്രീകരണത്തിന് മുമ്പായി അല്‍ഫോന്‍സാ കബറിടത്തില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ച് ഒരുങ്ങിയിരുന്നു.
പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അള്‍ത്താര രൂപകല്പന ചെയ്തിരിക്കുന്നത്. മധ്യത്തില്‍ സ്ലീവായും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടികളിലാണ് അള്‍ത്താര നിര്‍മിച്ചിരിക്കുന്നത്. ഫാ. സാബു മണ്ണട കുട്ടനാട് നെടുമുടി പൊങ്ങ സ്വദേശിയാണ്. നിലവില്‍ ഏലപ്പാറ സര്‍ഗാരാം ആര്‍ട്ട് സെന്ററിന്റെ നേതൃത്വവും വഹിക്കുന്നു.
ചെറുപ്പം മുതലേ ചിത്രകാരനായിരുന്ന ഫാ. സാബു അതിരമ്പുഴ മൈനര്‍ സെമിനാരിയില്‍ നിന്നുകൊണ്ട് ഒരു വര്‍ഷം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ ചിത്രരചന അഭ്യസിച്ചു. തുടര്‍ന്ന് ഇറ്റലിയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ അവിടെ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നാലുവര്‍ഷവും റോമില്‍ സെന്റ് ആന്‍സലം യൂണിവേഴ്‌സിറ്റിയില്‍ പെയിന്റിംഗും പരിശീലിച്ചു. ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ട് ഫോര്‍ ലിറ്റര്‍ജിയില്‍ പ്രതേക പഠനവും നടത്തി. 2021ല്‍ തിരികെയെത്തി കോട്ടയം കാരിത്താസ് ക്രിസ്റ്റോണ്‍ മീഡിയയുടെ ഡയറക്ടറായി. ഇതിനോടകം നിരവധി പള്ളികളിലും സെമിനാരികളിലും ചാപ്പലുകളിലും വിശുദ്ധരുടെ രൂപങ്ങള്‍ ഫാ. സാബു മണ്ണട ഐക്കണുകളായി ചിത്രീകരിച്ചിട്ടുണ്ട്.
മക്കളെ വിദേശത്ത് വിടാതെ നാട്ടില്‍ തന്നെ സംരംഭകരാക്കാം: ആര്‍ച്ച്ബിഷപ് മാര്‍ പാംപ്ലാനി
ചെമ്പേരി: മക്കളെ വിദേശത്ത് വിടാതെ നാട്ടില്‍ തന്നെ സംരംഭകരാക്കണമെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ലക്ഷങ്ങള്‍ നല്‍കി മക്കളെ വിദേശത്തേക്ക് അയയ്ക്കുന്നതിന് പകരം നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കണം. പുതിയ സംരംഭങ്ങള്‍ക്ക് നാല്‍പ്പത് മുതല്‍ അറുപത് ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയും ലഭ്യമാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
തലശേരി അതിരുപത നേതൃത്വം നല്‍കുന്ന ബയോ മൗണ്ടന്‍ കമ്പനി മുഖേന ഏതെങ്കിലും പ്രോജക്ടുകളില്‍ പണം മുടക്കി കമ്പനി ഉടമകളാക്കാനുള്ള സാഹചര്യം ഇന്നുണ്ട്. ചെമ്പേരി ഫൊറോനയില്‍ ഉള്‍പ്പെടുന്ന വിവിധ ഇടവകകളിലെ കുടുംബകൂട്ടായ്മ യൂണിറ്റ് ഭാരവാഹികളുടെ സംഗമം പുലിക്കുരുമ്പ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
ഓരോ കൂട്ടായ്മകളിലും നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ഉപരിപഠനത്തില്‍ സഹായിക്കാനും കൂട്ടായ്മകള്‍ക്ക് കഴിയണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ഓര്‍മപ്പെടുത്തി. വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ആമുഖപ്രഭാഷണം നടത്തി. കുടുംബ കൂട്ടായ്മയുടെ ലക്ഷ്യം, ഘടന, പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴിയിലും സമുദായ ശാക്തീകരണം എന്ന വിഷയത്തില്‍ അതിരൂപത പ്രൊക്കുറേറ്റര്‍ റവ.ഡോ.ജോസഫ് കാക്കരമറ്റവും ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് മാര്‍ ജോസഫ് പാംപ്ലാനി മോഡറേറ്ററായി. ഫൊറോന കോ- ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സുനില്‍ നായിപ്പുരയിടത്തില്‍ പ്രസംഗിച്ചു.
വിവിധ ഇടവക വികാരിമാരായ ഫാ.തോമസ് പൈമ്പള്ളില്‍ (പുലിക്കുരുമ്പു), ഫാ. പോള്‍ വള്ളോപ്പിള്ളി (കുടിയാന്മല), ഫാ.ജോസഫ് ആനചാരില്‍ (പൊട്ടംപ്ലാവ്), ഫാ. ജോബിന്‍ പുതുമന (അരീക്കമല), ഫാ. മാത്യു ഓലിയ്ക്കല്‍ (നെല്ലിക്കുറ്റി), പുലിക്കുരുമ്പ ഇടവക കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യൻ ഓതറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.