ആടുകളുടെ മണമുള്ള നല്ല ഇടയൻ
പയസ് തലക്കോട്ടൂർ
ജീസസ് യൂത്ത് ഒമാൻ നാഷണൽ കൗണ്സിൽ ആനിമേറ്റേർ,
കെയ്‌റോസ് ന്യൂസ് കോർ ടീം അംഗം
ജീസസ് യൂത്തിന്റെ സിൽവർ ജൂബിലിയ്ക്കു ശേഷം ഉയർന്നു കേട്ട ഒരു initiative ആയിരുന്നു One Month Mission. അത് മിഷണറി ജീവിതങ്ങളേയും, ദേശങ്ങളേയും അടുത്തറിയാനുള്ള ഒരു അവസരമാണ്. ഒപ്പം നമ്മുടെ ‘വിളി’ കൂടുതൽ വ്യക്തതയോടെ കാതോർക്കാനുള്ള നേരവും.
2012ൽ ഞങ്ങൾ കുട്ടികളോടൊപ്പം One Month Mission നു പോകാൻ തീരുമാനിച്ചു. നാഗാലാൻഡിലെ ഷാമത്തൂർ എന്ന പ്രദേശമായിരുന്നു ഞങ്ങൾക്ക് അന്ന് ലഭിച്ചത്. ദിമാപൂരിൽ ട്രെയിനിറങ്ങി ഒന്നര ദിവസത്തെ ജീപ്പ് യാത്രയ്ക്കൊടുവിലാണ് ഞങ്ങൾ അവിടെ എത്തിച്ചേർന്നത്. പൊതു യാത്രാ സൗകര്യങ്ങൾ അത്ര പുരോഗമിച്ചിട്ടില്ലാത്ത ഭൂപ്രദേശമാണ് അവിടം. പരിമിതികളിൽ എങ്ങനെ ജീവിതം ആനന്ദത്തോടെ മുന്നോട്ട് കൊണ്ടുപോകാമെന്ന് അവിടെയുള്ള മനുഷ്യർ ഞങ്ങളെ പഠിപ്പിച്ചു. എല്ലാ സൗകര്യങ്ങൾക്കും നടുവിൽ നിന്ന് ഒരു ‘Minimalist’ ആണെന്ന് പറയുന്നതു പോലെ ലളിതമല്ലായിരുന്നു ആ പാഠങ്ങൾ തുടർന്നുള്ള ജീവിതത്തിൽ പ്രയോഗികമാക്കാൻ എന്നത് സത്യം.
നാട്ടിലേക്ക് മടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ ഞങ്ങൾ താമസിക്കുന്ന പ്രദേശത്തിനു അടുത്തുകൂടെ തലസ്ഥാനമായ കൊഹിമയിലേക്ക് ഒരു ജീപ്പ് പോകുന്ന വിവരം കിട്ടി. ഷാമത്തൂരിൽ ഞങ്ങൾ താമസിച്ചിരുന്ന പള്ളിയിലെ അച്ചൻ ഞങ്ങളേയും ആ ജീപ്പിൽ കയറ്റി. ആ ജീപ്പിൽ ഉണ്ടായിരുന്നത് മേഘാലയക്കാരനായ ഒരു ജെസ്യൂട്ട് പ്രീസ്റ്റും അദ്ദേഹത്തിന്റെ ഡ്രൈവറുമായിരുന്നു. മണിക്കൂറുകൾ നീണ്ട യാത്രക്കിടയിൽ അച്ചൻ സേവനം ചെയ്ത ചില സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു. അതിൽ ഒരു സ്ഥലം അരുണാചൽ പ്രദേശിലെ ഒരു ഉൾഗ്രാമം ആയിരുന്നു. ഏത് ദുർഘട വഴിയും താണ്ടി പോകുന്ന ജീപ്പ് ഉപചാരം ചൊല്ലി വിടപറഞ്ഞു പോകുന്ന ഇടത്തുനിന്നും മൂന്ന് പകൽദൂരം നടന്നുതന്നെ വേണം അവിടേയ്ക്ക് എത്താൻ. അവിടെ എത്തികിട്ടിയാൽ പിന്നെ മടങ്ങുന്നതിനെ കുറിച്ച് ആർക്കും ഓർക്കേണ്ടതില്ല. ആരെങ്കിലുമൊക്കെ ആ ഗ്രാമത്തിൽ നിന്നും പട്ടണത്തിലേയ്ക്കു പോകുന്നത് തന്നെ ആറുമാസത്തിൽ ഒരിക്കലാണ്. അത് അവിടെയുള്ള എല്ലാവർക്കും വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായിരിക്കും. അവിടെ എത്തുന്ന വൈദികൻ നാനാജാതി ഇഴജന്തുകളുടേയും ക്ഷുദ്ര ജീവികളുടേയും ഇടയിൽ കഴിയുന്ന നല്ലവരായ മനുഷ്യർക്കൊപ്പം ജീവിച്ചു തീർക്കേണ്ടത് കൂടിയാൽ മൂന്നു വർഷമാണ്. അതിനിടയിൽ മരണം സംഭവിച്ചാൽ നേരത്തേ പോരുകയുമാകാം. സഭയുടെ പ്രത്യേക അനുമതിയോടെ ഈ പുരോഹിതൻ അവിടെ കഴിഞ്ഞത് ആറു വർഷക്കാലമായിരുന്നു. സ്നേഹത്തിന്റെയും, സഹനത്തിന്റെയും, സേവനത്തിന്റെയും ഈ അനുഭവങ്ങൾ പകർന്ന അണയാത്ത ജ്വാലയുമായി ഈശോ സഭയിലേക്ക് ദൈവവിളിയുള്ള യുവാക്കളെ തേടി ഇറങ്ങിയതായിരുന്നു ആ വൈദികൻ.
പൗരോഹിത്യ ജീവിതത്തിലെ വീഴ്ചകളും, പോരായ്മകളും പുരപുറപ്പുറത്ത് കയറി നിന്ന് പ്രഘോഷിക്കുന്നവർ ഏറിവരുമ്പോഴും ഇതുപോലുള്ള നിസ്വാർത്ഥരായ ഒരുപാട് വൈദികരും സന്യസ്ഥരും സാർവത്രിക സഭയിൽ ഇന്നും ഉണ്ട് എന്ന തിരിച്ചറിവ് വലിയ സന്തോഷവും, പ്രതീക്ഷയും നൽകുന്നു. ആടുകളെ അറിയുന്ന, ആടുകളുടെ മണമുള്ള, ആടുകൾക്കുവേണ്ടി ജീവൻ ത്യജിക്കുന്ന, ‘നല്ല ഇടയന്മാർ’ക്കായി കൂടുതൽ നമുക്ക് പ്രാർത്ഥിക്കാം.