ഫാറ്റി ലിവറും വിശുദ്ധിയും തമ്മിൽ
സിറിൽ ചാക്കോ
ജീസസ് യൂത്ത് തൃശ്ശൂർ സോണൽ കൗൺസിൽ മെമ്പർ
കല്ലൂർ ഈസ്റ്റ് ഇടവക, തൃശ്ശൂർ അതിരൂപത
എനിക്കും വിശുദ്ധനാകാമോ?
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ എനിക്കെന്നല്ല എല്ലാവർക്കും വിശുദ്ധരാവാൻ സാധിക്കും.
കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ ഇങ്ങനെ ചിന്തിക്കുകയായിരുന്നു. എനിക്ക് ഒക്കെ വിശുദ്ധനാകാമോ?
വെറും ഒരു സാധാരണക്കാരനായ എനിക്ക് അത് മനസിലാവാൻ ഈശോ ചെറിയ ഒരു കാര്യം പറഞ്ഞ് തന്നു.
നാല് മാസങ്ങൾക്ക് മുൻപ് വേറെ ഒരു കാര്യത്തിനായി സ്കാൻ ചെയ്തു നോക്കിയപ്പോൾ എനിക്ക് ഫാറ്റി ലിവറിന്റെ തുടക്കം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഈ കാര്യവുമായി ബന്ധപ്പെടുത്തിയാണ് ഈശോ വിശുദ്ധിയെക്കുറിച്ചു എന്നോട് പറഞ്ഞത്.
ആരോഗ്യമുള്ള, കാര്യമായ രോഗങ്ങളൊന്നുമില്ലാത്ത ശരീരമായിരുന്നു എനിക്കും. പക്ഷേ എന്റെ ക്രമരഹിതമായ ഭക്ഷണക്രമവും ജീവിത ശൈലി കൊണ്ടും ആണ് എനിക്ക് ഫാറ്റ് അടിഞ്ഞ് കൂടിയത്. അതുപോലെ തന്നെ എന്റെ പാപങ്ങൾ നിമിത്തം എന്റെ വിശുദ്ധിക്ക് മങ്ങൽ സംഭവിക്കുന്നു. ഡോക്ടർ എന്നോട് പറഞ്ഞു ഇനി പഴയ പോലെ ആയാൽ ശരിയാവില്ല, ഭക്ഷണം നിയന്ത്രിക്കണം. അരി ആഹാരം കുറക്കണം, (എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് ചോറ്) ഇറച്ചി കുറക്കണം, പഞ്ചസാര അടങ്ങിയ കോള, പലഹാരങ്ങൾ എല്ലാം കുറക്കണം, വ്യായാമം ചെയ്യണം, അങ്ങനെ ഇപ്പോൾ ഞാൻ പിന്തുടരുന്ന ജീവിത ശൈലിയും വഴികളും ആകെ മാറ്റണം .
അതുപോലെ (നല്ല ഡോക്ടറെ പോലെ) പരിശുദ്ധാത്മാവ് പറഞ്ഞു, വിശുദ്ധനാവാൻ ചില കാര്യങ്ങൾ വേണ്ടെന്ന് വെക്കണം, പുതിയ കാര്യങ്ങൾ ശീലിക്കണം, വിശുദ്ധ വഴിയിലൂടെ നടക്കണം, എങ്കിൽ മാത്രമേ വിശുദ്ധി ലഭിക്കൂ. ഇപ്പോൾ ഞാൻ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ കൂട്ടുക്കാർ പറയും പെറോട്ട കഴിക്കരുത്, എണ്ണ അതികം ഉണ്ടെങ്കിൽ അധികം എടുക്കരുത്, എന്നൊക്കെ പറഞ്ഞ് തിരുത്തും. പക്ഷേ ഞാൻ ഒറ്റക്ക് ഹോട്ടലിൽ കയറുമ്പോ ആരും കാണാതെ കഴിച്ചാലോ, അത് എന്റെ ശരീരത്തിലെ മോശമാക്കും. അതേ പോലെ, ഞാൻ പരസ്യമായല്ല രഹസ്യമായി ചെയ്യുന്ന പാപങ്ങൾ ( അസൂയ, വെറുപ്പ്, എനിക്ക് മാത്രം അറിയാവുന്ന മറ്റ് കാര്യങ്ങൾ) അതും എന്റെ വിശുദ്ധിയെ കാര്യമായി ബാധിക്കും.
എന്റെ ഫാറ്റി ലിവർ പ്രശ്നം തീർന്നാലും മുൻപ് പറഞ്ഞ കാര്യങ്ങൾ ചെയ്തില്ലങ്കിൽ വീണ്ടും അത് വന്നെന്ന് വരും. വിശുദ്ധമായി ജീവിതം നയിക്കാൻ പല ഒഴിവാക്കലുകളും, വിശുദ്ധമായ വഴികളിലൂടെ നടക്കലും, കൗദാശിക ജീവിതത്തിൽ (വിശുദ്ധ ബലി, കുമ്പസാരം) ഉറച്ച് നിൽക്കുകയും വേണം.
ഈശോ പറയുന്നത്, എനിക്ക്, നമുക്ക്, എല്ലാവർക്കും വിശുദ്ധരായി മാറാൻ സാധിക്കും. ചെറിയ സ്റ്റെപ്പ് വച്ച് കൊണ്ട് വിശുദ്ധിയുടെ വലിയ കൊടുമുടി കയറാൻ സാധിക്കും. പരിശുദ്ധാത്മാവായ ദൈവം എപ്പോഴും നമുക്ക് വഴികാട്ടി കൂടെ ഉണ്ടായിരിക്കും.