January 22, 2025
Church Jesus Youth News

അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ ജീസസ് യൂത്തിന് നൽകിയ ഈസ്റ്റർ സന്ദേശം

  • March 30, 2024
  • 1 min read
അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ ജീസസ് യൂത്തിന് നൽകിയ ഈസ്റ്റർ സന്ദേശം

എൻ്റെ പ്രിയപ്പെട്ട ജീസസ് യൂത്ത് സുഹൃത്തുക്കളെ,

എല്ലാവർക്കും ഈസ്റ്റർദിനത്തിന്റെ മംഗളങ്ങളും ആശംസകളും നേരുന്നു!

ഈസ്റ്റർ തിരുനാളിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, മൂന്ന് ചെറിയ സന്ദേശങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. “അവൻ ഉയിർത്തെഴുന്നേറ്റു” എന്ന ഈസ്റ്റർ ദിന വചനത്തെ ചുറ്റിപ്പറ്റിയാണ് ആദ്യത്തെ സന്ദേശം. യേശുവിൻ്റെ പുനരുത്ഥാനം പീഡാനുഭവങ്ങൾക്ക് ശേഷമാണ്. എല്ലാ സഹനങ്ങളും വാസ്തവത്തിൽ പുനരുത്ഥാനത്തിൻ്റെ രഹസ്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കുമുള്ള ഒരു ക്ഷണവും വാതിലുമാണ്. പ്രത്യേകിച്ചും നാം കഷ്ടതകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഈസ്റ്റർ നമുക്ക് പുനരുത്ഥാനത്തിൻ്റെ സന്തോഷം നൽകുന്നു .

ഈസ്റ്ററിൻ്റെ രണ്ടാമത്തെ സന്ദേശം, “നിങ്ങൾക്ക് സമാധാനം” എന്നതാണ്. ഉയിർത്തെഴുന്നേറ്റ കർത്താവിനെ കാണാനല്ല ഭക്തസ്ത്രീകൾ യേശുവിൻ്റെ കബറിടത്തിലേക്ക് പോയത്. മറിച്ച്, സാബത്ത് ആരംഭിച്ചതിനാൽ യേശുവിന്റെ സംസ്‌കാര സമയത്ത് ചെയ്യാൻ കഴിയാതിരുന്ന കല്ലറ അഭിഷേകം ചെയ്യാൻ അവർ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുപോവുകയായിരുന്നു. അവർ യേശുവിൻ്റെ ശരീരം കണ്ടില്ല. യേശു അവളോട് ചോദിച്ചു: “നീ ആരെയാണ് അന്വേഷിക്കുന്നത്?” അത് തോട്ടക്കാരൻ ആണെന്ന് മഗ്ദലേന മറിയം വിചാരിച്ചു. അതുകൊണ്ട് അവൾ പറഞ്ഞു: “പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോട് പറയുക, ഞാൻ അവനെ എടുത്തു കൊണ്ട് പൊയ്ക്കോളാം” (യോഹന്നാൻ 20:15). യേശു സ്ത്രീകൾക്ക് തന്നെത്തന്നെ വെളിപ്പെടുത്തി. നിങ്ങളുടെ സഹനങ്ങളിലെ ഓരോ അന്വേഷണവും നിങ്ങളെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ആനന്ദത്തിലേക്ക് നയിക്കും. നമ്മൾ ഒരു ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും, ഓരോ കുടുംബവും, ഓരോ വ്യക്തിയും ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോവുന്നു. സഹനങ്ങൾ അവസാനമല്ലെന്ന് യേശുവും അവൻ്റെ കുരിശും ഉറപ്പുനൽകുന്നു, കൂടാതെ അത് നിങ്ങളെ ഉയിർപ്പിൻ്റെ അനുഭവത്തിലേക്ക് ക്ഷണിക്കുന്നു.

ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ സന്ദേശം, “നിങ്ങൾ പോയി എല്ലാവരോടും പറയുവിൻ ഞാൻ ഉയിർത്തെഴുന്നേറ്റു എന്ന്.” ആദ്യകാലത്തെ ക്രിസ്ത്യൻ സമൂഹത്തെ ‘ഈസ്റ്റർ കമ്മ്യൂണിറ്റി’ എന്നാണ് വിളിക്കുന്നത്. അവർ എല്ലാവരോടും പറയാൻ ആഗ്രഹിച്ച ഒരേയൊരു കാര്യം ‘അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇപ്പോൾ കല്ലറയിൽ ഇല്ല. അവൻ നിങ്ങൾക്ക് സമാധാനം നൽകും എന്നാണ്. പുനരുത്ഥാനത്തിനുശേഷം അവൻ തൻ്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം, “നിങ്ങൾക്കു സമാധാനം” എന്ന് അവരെ സംബോധന ചെയ്തു. സമാധാനം പ്രഖ്യാപിക്കാനും അതിൻ്റെ സന്ദേശം പ്രചരിപ്പിക്കാനുമുള്ള ക്ഷണമാണ് ഈസ്റ്റർ. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് സമാധാനത്തിൻ്റെ പ്രാർത്ഥന മനോഹരമായി ആവിഷ്കരിച്ചു, ഈ ഈസ്റ്റർ സീസണിൽ അത് തന്നെയായിരിക്കണം നമ്മുടെ പ്രാർത്ഥനയും. “കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻ്റെ ഉപകരണമാക്കേണമേ”.

മാർ റാഫേൽ തട്ടിൽ

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് & ജീസസ് യൂത്ത് ഇൻ്റർനാഷണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ

പരിഭാഷ: ക്രിസ് വർഗീസ്, എടത്വ (ആലപ്പുഴ ജില്ല), ജീസസ് യൂത്ത് ചങ്ങനാശ്ശേരി സോൺ ടീൻസ് ടീം മെമ്പർ, റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റിവലി & കമ്മ്യൂണിക്കേറ്റിവലി ചല്ലെഞ്ചഡ് (RICCCH) ൽ സോഷ്യൽ വർക്കറായി ജോലി ചെയുന്നു)

About Author

കെയ്‌റോസ് ലേഖകൻ