“മാതാവ് എന്നോട് പറഞ്ഞു, ‘നിന്റെ കല്ലറ ഒരുക്കിക്കോളൂ” – ഫ്രാൻസിസ് മാർപ്പാപ്പ

“മാതാവ് എന്നോട് പറഞ്ഞു, ‘നിന്റെ കല്ലറ ഒരുക്കിക്കോളൂ”…പറഞ്ഞത് ഫ്രാൻസിസ് പാപ്പയാണ്. പാപ്പ തന്റെ കല്ലറയെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് കർദ്ദിനാൾ റൊളാണ്ടസ് മക്രിക്കസ് ആയിരുന്നു.
2022 ലെ ഫാത്തിമ മാതാവിന്റെ തിരുന്നാൾ ദിവസം മെയ് 13-ന്, പാപ്പയുമായി സാന്താ മരിയ മജോറെ ദൈവാലയത്തിലെ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ നടക്കുന്ന ചില പണികളെക്കുറിച്ച് സംസാരിക്കവേ, കർദ്ദിനാൾ മക്രിക്കസ് ഫ്രാൻസിസ് പാപ്പയോട് വെറുതെ ഒന്ന് ചോദിച്ചു, പാപ്പക്ക് ആ ദേവാലയം അത്രക്ക് ഇഷ്ടമുള്ളതുകൊണ്ട് പാപ്പയുടെ കല്ലറ അവിടെ പണിയണമെന്നാണോ ആഗ്രഹം എന്ന്. സാധാരണയായി പാപ്പമാരുടെ ഭൗതികശരീരം സംസ്‌കരിക്കുന്നത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായത് കൊണ്ട്, അവിടെ തന്നെ മതിയാകും എന്നായിരുന്നു പാപ്പാ അപ്പോൾ പറഞ്ഞത്.
പക്ഷെ ഒരാഴ്ചയൊക്കെ കഴിഞ്ഞ് മെയ് മാസത്തിൽ തന്നെ പാപ്പ കർദ്ദിനാളിനെ വിളിച്ച് പറഞ്ഞു, തന്നോട് സാന്ത മരിയ മജോറെ ദൈവാലയത്തിൽ കല്ലറ ഒരുക്കാൻ മാതാവ് നിർദ്ദേശിച്ചു എന്ന കാര്യം. പരിശുദ്ധ അമ്മ തന്നെ മറന്നില്ല എന്നതിൽ താൻ വളരെ സന്തോഷവാനാണെന്നും കല്ലറക്കായി സെന്റ് മേരി മേജർ ദൈവാലയത്തിൽ ഒരു സ്ഥലം കണ്ടുപിടിക്കാനും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ഒട്ടും ആഡംബരം ഇല്ലാതെ ലാളിത്യത്തോടെ, അത്യാവശ്യ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചായിരിക്കണം കല്ലറ പണിയേണ്ടതെന്ന് പാപ്പ പിന്നീട് കൃത്യമായി പറഞ്ഞു. ഫ്രാൻസിസ്കുസ് എന്ന പേര് മാത്രം കല്ലറയിൽ മതിയെന്നും തന്റെ ഔദ്യോഗിക മാലയിലെ കുരിശ് അവിടെ പ്രതിഷ്ഠിക്കാനും പറഞ്ഞു. പക്ഷേ മെയിൻ ചാപ്പലിൽ ആകരുത് തന്റെ കല്ലറ എന്ന നിർബന്ധം പാപ്പക്കുണ്ടായിരുന്നു, കാരണം ചാപ്പൽ ആരാധനക്കും ദേവാലയ കർമ്മങ്ങൾക്കും ‘സാലസ് പോപ്പുലി റൊമാനി’ എന്ന മാതാവിന്റെ അത്ഭുത ചിത്രത്തിന്റെ ദർശനത്തിനും വേണ്ടി ഉള്ളതാണ്. അതിനായി വരുന്നവരുടെ ശ്രദ്ധ തന്റെ കല്ലറയിലേക്ക് പോകരുത് എന്ന ദീർഘ വീക്ഷണം പാപ്പക്കുണ്ടായിരുന്നു. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ നാമധേയത്തിലുള്ള അൾത്താരയുടെ തൊട്ടടുത്താണ് തന്റെ അന്ത്യവിശ്രമത്തിനായി പാപ്പ തിരഞ്ഞെടുത്ത സ്ഥലമെന്നതും ശ്രദ്ധേയം.
126-ഓളം യാത്രകളാണ് ഫ്രാൻസിസ് പാപ്പ സെന്റ് സാന്താ മരിയ മജോറെ ദൈവാലയത്തിലേക്ക് നടത്തിയിട്ടുള്ളത്. കർദ്ദിനാൾആയിരിക്കുമ്പോഴേ വത്തിക്കാനിൽ പോകുമ്പോഴൊക്കെ മാതാവിന്റെ അത്ഭുതചിത്രം വണങ്ങാനും പോകുമായിരുന്നു.അത് പത്രോസിന്റെ പിൻഗാമി ആയപ്പോഴും തുടർന്നു. സ്ഥിരമായുള്ള പേപ്പൽ ആചാരം ആയിരുന്നില്ല അത്, പോപ്പ് ഫ്രാൻസിസിന്റെ ആചാരം ആയിരുന്നു. 1538ൽ ജെസ്യൂട്ട് സഭ സ്ഥാപകൻ ഇഗ്നേഷ്യസ് ലയോള തന്റെ ആദ്യ ക്രിസ്മസ് കുർബ്ബാന അർപ്പിച്ചത് അവിടെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട് ആ ദൈവാലയത്തിന്.
റോമിലെ നാല് ബസിലിക്കകളിൽ അത് മാത്രമാണ് പരിശുദ്ധ അമ്മയുടെ പേരിലുള്ളത്. പോപ്പ് ആയിക്കഴിഞ്ഞ് ഫ്രാൻസിസ് പാപ്പ ആദ്യദിവസം തന്നെ സെന്റ് മേരി മേജർ ബസിലിക്ക സന്ദർശിച്ചു. പീയൂസ് അഞ്ചാമന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ചു. തന്റെ ഓരോ അപ്പസ്തോലിക യാത്രക്ക് മുൻപും ശേഷവും പാപ്പ ‘സാലസ് പോപ്പുലി റൊമാനിയുടെ’’( റോമൻ ജനതയുടെ സംരക്ഷക എന്നാണ് അതിനർത്ഥം) മുൻപിൽ പോയി പ്രാർത്ഥിച്ചു. കോവിഡ് കാലഘട്ടത്തിൽ ചിത്രത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചിരുന്നു. 23 മാർച്ച് 2025ൽ ജെമേല്ലി ആശുപത്രി വിട്ട അന്നുതന്നെ, കർദ്ദിനാൾ മക്രിക്കസിന്റെ കയ്യിൽ മഞ്ഞപ്പൂക്കളുള്ള ഒരു ബൊക്കെ സാന്ത മരിയ മജോറെ ബസിലിക്കയിലെ മാതാവിന് നൽകാനായി പാപ്പ കൊടുത്തുവിട്ടു. അവസാനമായി പാപ്പ അവിടം സന്ദർശിച്ചത് 12 ഏപ്രിൽ 2025 ൽ ആയിരുന്നു.
ഇപ്പോൾ തന്റെ ശുശ്രൂഷനിർവ്വഹണത്തിന്റെ അവസാനം, ജീവിതയാത്രയുടെ അവസാനം.. സാന്ത മരിയ മജോറയിൽ തന്നെ പ്രിയ പാപ്പ എത്തിച്ചേർന്നു എന്നത് എത്ര മനോഹരമാണ്.
FB: POST – ജിൽസ ജോയ്