ഫ്രാൻസിസ് മാർപാപ്പയും ‘പാവങ്ങളുടെ മാർപാപ്പ’ എന്ന വിശേഷണവും

വിഞ്ചിയോ റീവയും മനുഷ്യനാണെന്നു ലോകത്തെ അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്; ഒരു ചുംബനത്തിലൂടെ. മറ്റുള്ളവർക്ക് അക ന്നുനിൽക്കാൻ മാത്രം തോന്നുംവിധം ദേഹമാകെ മുഴകളുള്ളവനായിരുന്നു വടക്കുകിഴക്കൻ ഇറ്റലിയിലെ വെനെ റ്റോയിൽനിന്നുള്ള വിഞ്ചിയോ. 2013 നവംബർ ആറിലെ ആ അനുഭവത്തെക്കുറിച്ചു വിഞ്ചിയോ പറഞ്ഞു: “ഒരു കൈകൊണ്ട് പാപ്പ എന്റെ തലയിൽ തടവി, മറ്റേ കൈകൊണ്ട് എന്റെ ശരീരത്തിലെ മുഴകളിലും എന്നെ നെഞ്ചിലേക്കു ചേർത്തു, എന്റെ മുഖത്തു ചുംബിച്ചു. എന്നെ അമർത്തി കെട്ടിപ്പിടിച്ചു. ആ കൈത്തലങ്ങൾ മൃദുവും സുന്ദരവുമായിരുന്നു. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു.’
കത്തോലിക്കാ സഭയുടെ 266-ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാർക്കായി റോമിലെ കാസഡെൽ മാർമോയിലുള്ള ജയിൽ സന്ദർശിക്കുന്നത്; വിശുദ്ധവാരത്തിലെ പെസഹാ ദിവസം. 2 പെൺ കുട്ടികളുൾപ്പെടെ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകി, അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്ലിമായിരുന്നു.
4 മാസം കഴിഞ്ഞ്, ബ്രസീൽ സന്ദർശിച്ചുമടങ്ങുമ്പോൾ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകർ സ്വവർഗതൽപരരെക്കുറിച്ചു പാപ്പയോടു ചോദിച്ചു. ഉത്തരമൊരു മറുചോദ്യമായിരുന്നു: ‘വിധിക്കാൻ ഞാൻ ആര്?’ അഭയാർഥികളെയും അരികുകളിലേക്കു തള്ളപ്പെട്ടവരെയും പാപ്പ ചേർത്തുപിടിക്കു മ്പോൾ ആ ചോദ്യം ലോകത്തോടുതന്നെയായി എത്രയോ തവണ ആവർത്തിക്കപ്പെട്ടു!
ആരും എല്ലാം തികഞ്ഞവരല്ല, ശാരീരികമായി മാത്രമല്ല, മാനസികമായും കൈത്താങ്ങു വേണ്ടവരാണെന്ന് പാപ്പ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. ഇക്കഴിഞ്ഞ പെസഹാദിനത്തിൽ, 2 മാസത്തെ കർശനവിശ്രമം വേണമെന്ന വൈദ്യോപദേശം അവഗണിച്ചാണ് പാപ്പ ഇറ്റലിയിലെ റെജീനോ കോ യി ജയിൽ സന്ദർശിച്ചത്. തടവുകാരോടു പാപ്പ പറഞ്ഞു: “ഇത്തവണ എനിക്കു നിങ്ങളുടെ കാലുകൾ കഴുകാനാവില്ല. പക്ഷേ, എനിക്കു നിങ്ങളു ടെ അരികെയിരിക്കാം.’
പാപ്പയുടെ 77-ാം പിറന്നാളിന് പ്രഭാതഭക്ഷണമേശയിൽ സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നി വിടങ്ങളിൽനിന്നായി മുഷിഞ്ഞ വേഷ ക്കാരായ 3 പേരും അവരിലൊരാളുടെ നായ മാർലിയുമുണ്ടായിരുന്നു. അതിഥികളിലൊരാൾ പറഞ്ഞു: ‘തെരുവിൽ കിടക്കുന്നതിൻറെ ഒരുഗുണം പാ പ്പയെ കാണാൻ സാധിക്കുമെന്നതാണ്’. അന്നു കുർബാനമധ്യേ പാപ്പ പറഞ്ഞു: ദൈവം നമ്മുടെ ചരിത്രമെഴുതട്ടെയെന്ന്. അർജന്റൈൻ- അമേരി ക്കൻ ഇവാൻജലിസ്‌റ്റ് ലൂയി പാലോയുടെ വാക്കുകളിൽ, ‘ദൈവത്തെ വ്യക്തിപരമായി അറിയുന്നയാൾ എന്നു തോന്നിക്കുംവിധമായിരുന്നു പാപ്പയു ടെ വർത്തമാനങ്ങൾ’, അപ്പോൾ, ദൈവത്തോളം പാപ്പയെ ആർക്കാണ് അറിയുക?
ആരെയും സ്വാഗതം ചെയ്യാൻ പുഞ്ചിരിച്ചുകൊണ്ട് മനസ്സും കരങ്ങളും തുറന്ന, അനായാസകരമായ ലാളിത്യ മുണ്ടായിരുന്ന ഫ്രാൻസിസ് പാപ്പയിൽ പലരും ജോൺ പോൾ ഒന്നാമൻ പാപ്പയെ കണ്ടു. ആദ്യകാല പശ്ചാത്തലം, ആകാരം, നർമബോധം, 76-ാം വയസ്സിൽ പാപ്പയായി എന്നീ കാരണങ്ങളാൽ ചിലർ ഫ്രാൻസിസ് പാപ്പയ്ക്ക് ജോൺ 23-ാമൻ പാപ്പയുമായി സാമ്യം പറഞ്ഞു. ജനാലകൾ തുറന്ന് മാറ്റത്തിന്റെ കാറ്റ് ഏൽക്കാനും കാലത്തിന്റെ ഹൃദയമിടിപ്പുകൾ കേൾക്കാനുമുള്ള മനസ്സോടെ സഭ വളരുന്നതിനെടുത്ത താൽപര്യമാവാം അവർ തമ്മിലുള്ള വലിയ സാമ്യം.
വത്തിക്കാനിലെ ജീവിതവും കാഴ്‌കളുമെഴുതുന്ന പലരും ആവർത്തിക്കുന്ന ഒരു വാചകമുണ്ട്: മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന ഓരോ കർദിനാളിന്റെയും മനസ്സിൽ ആ സ്‌ഥാനത്തിനുള്ള ഒരുക്കമുണ്ട്. ആ പദവി അത്രമേൽ സവിശേഷമാണ്. എന്നാൽ, ബനഡി ക്ട് പതിനാറാമൻ മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ ബ്യൂനസ് ഐറിസിലെ ആർച്ച്ബിഷപ് ബർഗോളിയോ 2013 ഫെബ്രുവരി 27ന് വത്തിക്കാനിലെത്തിയത് മാർച്ച് 23ൻ്റെ മടക്കടിക്കറ്റുമായാണ്.
കോൺക്ലേവ് തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചു ഫ്രാൻസിസ് പാപ്പ തമാശകലർത്തി പറഞ്ഞു: ‘എന്നെ കണ്ടെത്താൻ അവർ ഭൂമിയുടെ ഏതാ ണ്ട് അറ്റംവരെ പോയി.’ 1300 വർഷത്തിനിടെ യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യ പാപ്പ, ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ, വികസിച്ചുകൊ ണ്ടിരിക്കുന്ന ലോകത്തുനിന്നുള്ള ആദ്യ പാപ്പ, ജസ്വിറ്റ് സമൂഹത്തിൽ നിന്നുള്ള ആദ്യ പാപ്പ, ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ പാപ്പ എന്നിങ്ങനെ ‘ആദ്യ’ ചേർത്തുള്ള ഒട്ടേറെ വിശേഷണങ്ങളുണ്ടായി.
ട്വിറ്ററിൽ (ഇപ്പോൾ എക്സ്) 1.84 കോടി ഫോളോവേഴ്‌സ് ഉള്ള ഫ്രാൻസിസ് പാപ്പയെ ‘ഡിജിറ്റൽ പാപ്പ’യെന്നു വിളിച്ചവരുമുണ്ട്. നിർധനവും നിർധനർക്കുള്ള തുമാവണം താൻ നേതൃത്വം നൽകുന്ന സഭയെന്നു തെളിച്ചുപറഞ്ഞ പാപ്പയെ ഏറ്റവും സന്തോഷിപ്പിച്ചത് ‘പാവങ്ങളുടെ പാപ്പ’ അല്ലെങ്കിൽ ‘കരുണയുടെ പാപ്പ’ എന്ന വിളിയാവാം.
മാർപാപ്പയായി പേരു വിളിക്കപ്പെട്ട് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഫ്രാൻസിസ് പാപ്പ പറഞ്ഞു: “ആദ്യം തന്നെ പ്രാർഥിക്കാം, ബിഷപ് എമിറിറ്റസ് ബനഡിക്ട് പതിനാറാമനായി’,’ അവസാനം, പാപ്പ ജനത്തോടു പറഞ്ഞു: ‘ഞാൻ ആശീർവദിക്കുംമുൻപ് നിങ്ങളോട് ഒരു സഹായം ചോദിക്കൂന്നു: എനിക്കായി ദൈവത്തോടു പ്രാർഥിക്കുക.’ തുടർന്ന് പാപ്പ, ലോകത്തെ എല്ലാവരെയും (സന്മനസ്സുള്ള പുരു ഷൻമാരെയും സ്ത്രീകളെയും) ആശീർവദിക്കുന്നുവെന്നു പറഞ്ഞു. അങ്ങനെ, മുൻഗാമിയും ലോകജനവും തനിക്കു മുൻപേയെന്നതായി ഫ്രാൻ സിസ് പാപ്പയുടെ ആദ്യപ്രഖ്യാപനം.
മാറ്റത്തിനൊപ്പം ജീവിക്കാൻ പഠിപ്പിച്ച പാപ്പ
തന്റെ ഉപദേശകരായി ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായുള്ള 8 കർദിനാൾമാരുടെ സംഘമുണ്ടാക്കാൻ പാപ്പ ആദ്യ വർഷംത ന്നെ തീരുമാനിച്ചു. അധികാര വികേന്ദ്രീകരണത്തിനു പുറമേ, ദേശപരമായ അഭിപ്രായങ്ങളുടെയും മുൻഗണനകളുടെയും വൈവിധ്യത്തെ പരിഗ ണിക്കുകയെന്ന സന്ദേശവും അതിലുണ്ടായിരുന്നു. ഭരണസംവിധാനത്തെ അഴിച്ചുപണിയുന്നതിലും അച്ചടക്ക നടപടികളിലുമൊതുങ്ങാതെ, സഭയുടെ ഭാവവും ഭാഷയുംതന്നെ മാറ്റുന്നതിനുള്ള താൽപര്യം ഫ്രാൻസിസ് പാപ്പ ആദ്യാവസാനം : പ്രകടമാക്കി. കരുണയുടെയും ലാളിത്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും വൈവിധ്യങ്ങളെ മാനിക്കുന്നതിന്റെയും തുല്യതയുടെയും ഭൂമിയോടുള്ള കരുതലിൻ്റെയുമെല്ലാം സൂത്രവാക്യങ്ങൾ ചേർത്തുള്ള സ്നേഹത്തിന്റെ വ്യാകരണം പാപ്പ മുന്നോട്ടുവച്ചു.
2015 ൽ പാപ്പ എഴുതിയ ‘സ്തുതിയായിരിക്കട്ടെ’ എന്ന ചാക്രികലേഖനമായിരിക്കാം കഴിഞ്ഞ 10 വർഷത്തിനിടെ ലോകത്തിലെ പരിസ്‌ഥിതി ചർച്ച, കളെ സ്വാധീനിച്ച പ്രധാനരേഖ. വേഗത്തിലുള്ള ഫലം ആഗ്രഹിക്കുന്ന രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന മനോഭാവത്തിനു പകരം, മനുഷ്യരെയും ജീവിതത്തെയും സമൂഹത്തെയും പ്രക്യതിയുമായുള്ള ബന്ധത്തെയും കുറിച്ച് പുതിയ ചിന്താരീതി വേണമെന്നു പാപ്പ വാദിച്ചു.
ലോകത്തിന്റെ സങ്കീർണതകളെയും നിർമിതബുദ്ധിയുൾപ്പെടെയുള്ള ശാസ്ത്രവികാസങ്ങളെയും സംശയിക്കുകയല്ല, അവയ്ക്കൊപ്പം ജീവിക്കാൻ പഠിക്കുകയാണു വേണ്ടതെന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ പക്ഷം. മനുഷ്യബന്ധങ്ങളെ നിർമിത ബുദ്ധി എങ്ങനെ സ്വാധീനിക്കുമെന്നു വിശദമായി മനസ്സിലാക്കാനുള്ള ശ്രമം വേണമെന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പാരിസിൽ നടന്ന എഐ ഉച്ച കോടിയോട് പാപ്പ ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം, ഇറ്റാലിയൻ വൈദികൻ ടൊമാ സോഗിയാനുസിയുടെ പുസ്തകത്തിനുള്ള ആമുഖത്തിൽ പാപ്പ എഴുതി: പ്രത്യാശതന്നെയാണ് ജീവിതം; ജീവിതയാത്രയ്ക്ക് അർഥം നൽകുന്നതും നമ്മൾ ഇപ്പോൾ ഇവിടെയായിരിക്കുന്നതിന്റെ കാരണവും അതുതന്നെ.
പേപ്പൽ ചരിത്രങ്ങളിൽ പറയുന്നത്, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെ സ്നേഹിക്കാതിരിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ലെന്നാണ്. ചരിത്രം ഫ്രാൻസിസ് പാപ്പയെക്കുറിച്ചും അങ്ങനെ പറയും; ദൈവം കണ്ട മനസ്സും മനുഷ്യർ കണ്ട വ്യക്തിയും ഒരാൾതന്നെയായിരുന്നുവെന്നും.
by ജോമി തോമസ്