കുരിശിൻ്റെ തണലിൽ – വലിയ ശനി

കാത്തിരിപ്പ് എന്ന പുണ്യം !
നോക്കൂ, സ്റ്റേജിൽ ആരുമില്ല.
രംഗം ശൂന്യമാണ്..
യേശുക്രിസ്തു മരിച്ച് അടക്കപ്പെട്ടു.
പട്ടാളക്കാർ ജോലി തീർത്ത് മടങ്ങിക്കഴിഞ്ഞു.
കൂടെ ഉണ്ടായിരുന്നവരൊക്കെ പ്രാണരക്ഷാർത്ഥം എങ്ങോട്ടോ ഓടിപ്പോയി.
അവന്റെ മരണം ആഗ്രഹിച്ച് നടപ്പാക്കിയ പുരോഹിതരും ഫരിസേയപ്രമാണികളും ഇപ്പോൾ സമാധാനമായി വിശ്രമിക്കുന്നുണ്ട്.
അതെ, രംഗം ശൂന്യം, നിശ്ചലം !
ഈ ദുഃഖശനിയിൽ മനസ്സ് ചത്തു പോകാത്ത ആരെങ്കിലും ഉണ്ടോ എന്ന് പരതുകയാണ് നമ്മൾ.. ഉണ്ട് സുഹൃത്തേ, അവന്റെ അമ്മ മറിയമാണത്.
“നീ വരുവോളം” എന്ന പേരിൽ ഫാ. മാത്യു അരീപ്ലാക്കൽ എഴുതിയ ഒരു കവിതയുണ്ട്. അതിന് സംഗീതം നൽകാനായി എന്ന വലിയ സന്തോഷവുമുണ്ട്. 2006 – ലായിരുന്നു അത്. അവന്റെ പ്രിയപ്പെട്ടവരെന്ന് മേനി പറഞ്ഞവരൊക്കെ തോറ്റപ്പോഴും പതറാത്ത അവന്റെ അമ്മ, പരി. മറിയത്തെക്കുറിച്ചാണ് ആ മനോഹരകവിത. ആകാശവാണി ദേവികുളം നിലയത്തിൽനിന്നും അത് സംപ്രേഷണം ചെയ്തിട്ടുണ്ട്.
“മകനേ, കാത്തിരിക്കുന്നു ഞാൻ.
ഏകാന്തരാവിന്റെ കനമാർന്ന നെഞ്ചിലൊരു കനലായ് എരിയുന്നു ഞാൻ…”
കെടാത്ത വിളക്കുമായി അവന്റെ അമ്മ,
വീടിന്റെ ഉമ്മറപ്പടിയിൽ കാത്തിരുന്നു…!
അവൻ മരണത്തെ ജയിച്ചു വരുവോളം..!!
ഓർമകളുടെ വേലിയേറ്റം..!
നമ്മൾ കടന്നുപോയ എത്രയോ ദുഖവെള്ളികൾ.. മരണത്തിന്റെ കയ്പനുഭവങ്ങൾ..
രോഗത്തിന്റെ, ദാരിദ്ര്യത്തിന്റെ, ഒറ്റപ്പെടലിന്റെ, പരാജയങ്ങളുടെ, വേർപാടുകളുടെ കറുത്ത വെള്ളികൾക്ക് ശേഷം നമ്മൾ എന്ത് ചെയ്യുകയായിരുന്നു..?
- ദുഖവെള്ളിക്ക് ശേഷമുള്ള ആ ശൂന്യതയിൽ നമ്മളിൽ പലരും തകർന്ന് വീണിട്ടുണ്ട്.
- ദൈവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
- ജീവിതത്തെ ശപിച്ചിട്ടുണ്ട്..
- പലരും പിന്നെ ഒരിക്കലും തിരിച്ചുവരാത്ത വിധത്തിൽ അകന്നുപോയിട്ടുമുണ്ട്.
ഒരേ ഒരാൾ മാത്രം – അമ്മമറിയം.
ദുഖവെള്ളിക്കും ഈസ്റ്ററിനും ഇടയിലുള്ള നിശബ്ദതയിൽ, അവൾ കാത്തിരിക്കുകയായിരുന്നു, അവനുയിർക്കുന്ന പുലരിക്ക് വേണ്ടി..!
ഓടിപ്പോയ ശിഷ്യന്മാരും, “deadbody അഴുകാതിരിക്കാൻ” അങ്ങാടിമരുന്ന് തേടിപ്പിടിച്ച് രാവിലെ ഡ്യൂട്ടിക്കെത്തിയ മഗ്‌ദലേനയും..!!
കാത്തിരിപ്പ് എന്നത് ഒരു പുണ്യത്തിന്റെ പേരാണ് മാഷേ. ഈ ലോകത്തിലെ അനേകം ദുർബലരെ താങ്ങിനിർത്തിയ യാതൊരു ലോജിക്കുമില്ലാത്ത പുണ്യം !
കാത്തിരിപ്പ് പുണ്യമാകുന്നത് മരണത്തിന്റെ മുൾ വേലിയും ചാടിക്കടന്ന് ക്രിസ്തു എന്റെ അടുത്ത് എത്തുമെന്നുള്ള ഉറപ്പിൽ ജീവിക്കുന്നവനുമാത്രം..!
നോമ്പിന്റെ അവസാന മണിക്കൂറുകളിലേയ്ക്ക് നാം..
ആത്മാവിനോട് ഈ പ്രഭാതത്തിൽ ഒരു ചോദ്യമാകാം.
- ജീവിതത്തിലെ ദുഖവെള്ളികൾക്ക് ശേഷം ഞാൻ എവിടെ ആയിരുന്നു?
- അമ്മ മറിയത്തെപ്പോലെ കണ്ണുനട്ട് നോക്കിയിരിക്കാൻ എനിക്കുമാകുന്നുണ്ടോ?
- എന്റെ കാഴ്ചയുടെ അങ്ങേക്കോണിൽ ആ ഒരു നല്ല പുലരിയുണ്ടോ ഇന്നും ?
നല്ല ദിവസം ഹൃദയപൂർവം,
ഫാ. അജോ രാമച്ചനാട്ട്