കുരിശിൻ്റെ വഴിയിൽ – ഓശാനഞായർ

ടാറ്റൂവും ഓശാനയും
വിദേശനാടുകളിൽ കാണപ്പെട്ടിരുന്ന ടാറ്റൂസംസ്കാരം ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ശരി-തെറ്റുകൾ എന്തുമാകട്ടെ, വേദനയെടുത്ത് ശരീരത്തിൽ പതിക്കുന്ന ഓരോ ടാറ്റൂവിനും പിന്നിൽ ഒരു വിശദീകരണം അവർക്ക് നൽകാൻ ഉണ്ടാകും. വെറുമൊരു ചിത്രമല്ല ശരീരത്തിൽ പതിച്ചത് എന്നർത്ഥം.
- ഏറ്റവും പ്രധാനപ്പെട്ട ചില ഡേറ്റുകൾ
- മക്കളുടെ / പ്രിയപ്പെട്ട ഒരാളുടെ മുഖം
- ജീവിതത്തിലെ നിർണായകമായ ചില ഓർമ്മകൾ..
- വിശ്വാസത്തെയോ സ്വന്തം ഫിലോസഫിയെയോ കുറിക്കുന്ന ചിത്രങ്ങൾ / സജ്ഞകൾ…
ഒക്കെയാകാം ഒരു ടാറ്റൂ.
അപ്പോ, ചിലതൊക്കെ മറക്കാൻ ഉദ്ദേശമില്ല എന്നാണ്!
തൊലിപ്പുറത്ത് ഉള്ളതിലും ആഴത്തിൽ ഹൃദയത്തിൽ കൊത്തിവച്ചതാണ് അവയൊക്കെയും എന്നാണ്..!
അത് നാലാൾ കാണട്ടെ എന്ന് തന്നെയാണ്..!
സുഹൃത്തേ, വീണ്ടും ഒരു ഓശാനത്തിരുന്നാൾ..
വസ്ത്രങ്ങൾ വഴിയിൽ വിരിച്ച്, മരച്ചില്ലകൾ കൈകളിലേന്തി, അവർ തൊണ്ടപൊട്ടി നിലവിളിച്ചു, “ഓശാന..!”.
ഓശാന എന്ന വാക്കിന് ഒന്നേ അർത്ഥമുള്ളു, “ഞങ്ങളെ രക്ഷിക്കണമേ..!” – നല്ലത്. പക്ഷെ എന്നെ വേദനിപ്പിക്കുന്നത് എന്താണെന്നോ? ഈ തൊണ്ടപൊട്ടി ഓശാന വിളിച്ചവർ തന്നെ അഞ്ചുനാൾ കഴിഞ്ഞ് വെള്ളിയാഴ്ച ഉറക്കെ വിളിച്ചുപറഞ്ഞു, “അവനെ ക്രൂശിക്കുക..!”
സ്റ്റേജും കഥാപാത്രങ്ങളും ഒന്നും മാറിയിട്ടില്ല. എല്ലാം അത് തന്നെ. പക്ഷെ diologue ഉം അതിന്റെ ടോണും മാറി. പീലാത്തോസ് അമ്പരന്നത് ഇതൊക്കെ കണ്ടിട്ടാണ്, “എന്താണ് സത്യം?”.
ഓശാനകുർബാനയ്ക്കിടയിൽ കയ്യിൽ എത്തുന്ന കുരുത്തോല നെഞ്ചോട് ചേർത്തിട്ട് കണ്ണടച്ച് നിന്ന് ഇങ്ങനെ പറയണം – ഇത് എന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. “ക്രിസ്തുതമ്പുരാനേ, നീയാണ് എന്റെ രക്ഷകൻ” എന്നാണ്, അങ്ങനെമാത്രമാണ് അതിന്റെ അർത്ഥം. അത് നാളെയോ നാളെകഴിഞ്ഞോ മാറ്റി പറയാൻ ഉള്ളതല്ല ചങ്ങാതീ.
ഓശാനയുടെ സന്തോഷം തീരും മുൻപേ, ദുഖവെള്ളികൾ കൂട്ടമായിട്ട് വരും
മരണം മണക്കുന്ന അത്താഴങ്ങളും.. വിയർത്തൊലിക്കുന്ന ഗെത്സെമെനുകളും..
ഒറ്റിക്കൊടുക്കുന്ന ഉമ്മകളും..
കുരുത്തോലകൾ വലിച്ചെറിയരുത്..!
പത്രോസിനെപ്പോലെ “അവനെ അറിഞ്ഞുകൂടാ” എന്നുപറഞ്ഞ് അടുപ്പിൻചോട്ടിലേക്ക് മുങ്ങരുത്..!
ടാറ്റൂ പോലെ..
- ഹൃദയത്തിൽ വേരിറങ്ങട്ടെ, നമ്മുടെ വിശ്വാസവും.
- ക്രിസ്തുവിനോടുള്ള സ്നേഹവും നാലാളറിയട്ടെ, ചുറ്റുമുള്ളവർ കാണട്ടെ.
ചങ്ങാതീ, അല്ലെങ്കിലും ക്രിസ്തു കൂടെയുള്ളപ്പോൾ ഇനി ആരെ / എന്തിനെ ഭയക്കാനാണ്..?!
ഓശാനത്തിരുനാൾ ആശംസകൾ ഹൃദയത്തിൽനിന്നും…💓
ഫാ. അജോ രാമച്ചനാട്ട്