കുരിശിൻ്റെ തണലിൽ – ഹൃദയം മറന്നുവെച്ച ഇടം

എവിടെപ്പോയാലും അന്നുതന്നെ തൻറെ ഭവനത്തിലേക്ക് മടങ്ങിപ്പോകുന്ന ചിലരുണ്ട്. തിരികെയെത്താൻ അല്പം താമസിച്ചാലും സ്വന്തം കിടക്കയിലേ ഉറങ്ങൂ എന്ന് അല്പം നിർബന്ധമുള്ളവർ.
അവർ അന്നുതന്നെ മടങ്ങി പോകുന്നത് ചെന്ന വീട്ടിലുള്ളവർ നല്ലവർ അല്ലാത്തതുകൊണ്ടോ, അവരോട് ഏതെങ്കിലും ഇഷ്ടക്കേട് ഉള്ളതുകൊണ്ടോ, തൻറെ വീട് രാജകൊട്ടാരം ആയതുകൊണ്ടോ അല്ല. ചെറുതെങ്കിലും താൻ ജീവിക്കുന്ന ഇടത്തോടുള്ള ഒരു പ്രത്യേക സ്നേഹം കൊണ്ടാണ്. തിരികെ എത്തുമ്പോൾ മാത്രം കൈവരുന്ന ഒരു സമാധാനമുണ്ട്, അതുകൊണ്ടാണ്..
ശരീരത്തിന് സമാധാനമായി ഉറങ്ങാൻ സ്വന്തം വീടും കിടക്കയും പോലെ എൻ്റെ ആത്മാവ് ഏറ്റവും സമാധാനം അനുഭവിക്കുന്ന ഇടം എന്താവും?
ജനിച്ചു വളർന്ന മണ്ണിലെ “സ്വന്തം ഇടവക പള്ളിയിലെ അൾത്താരമുൻപിൽ” എന്നതാവും ഇതിൻ്റെ ഏറ്റവും മനോഹരമായ ഉത്തരം എന്ന് വിചാരിക്കുകയാണ്.
നെല്ലിപ്പാറ സെൻറ് സേവിയേഴ്സ് പള്ളിയുടെ അൾത്താരയോട് അത്തരമൊരു തീവ്രപ്രണയം സൂക്ഷിക്കുന്ന ആളാണ് ഞാൻ. എത്രകാലം എത്ര ദൂരത്ത് കഴിഞ്ഞാലും ആ അൾത്താരയിലാണ് ഞാനെൻ്റെ ഹൃദയം വെച്ചിട്ട് പോന്നിട്ടുള്ളത്.
എൻ്റെ ചങ്ങാതീ, നമ്മുടെ ജീവിതയാത്രയുടെ ഏറ്റവും വലിയ സാക്ഷിയാണല്ലോ ആ അൾത്താര.
- മാതാപിതാക്കളുടെ വിവാഹം.
- നമ്മളെ ഗർഭത്തിൽ ആയിരുന്നപ്പോൾ അവർ നടത്തിയ പ്രാർത്ഥനകൾ..
- നമ്മുടെ മാമോദീസ
- ആദ്യകുർബാന സ്വീകരണം
- വിവാഹം/തിരുപ്പട്ടം..
- ജീവിതത്തിലെ പ്രധാനനിമിഷങ്ങൾ
- ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ സങ്കടങ്ങളും പങ്കുവെക്കാൻ നമ്മൾ ഓടിച്ചെന്നത്..
എല്ലാം ആ അൾത്താരമുന്നിലായിരുന്നു..
ഇന്ന് നാല്പതാം വെള്ളി..
നോമ്പിലെ പ്രധാനപ്പെട്ട ഒരു ദിവസം.
നമ്മുടെ നടപ്പും കുതിപ്പും കിതപ്പും എല്ലാം അറിയാവുന്ന അൾത്താരമുന്നിലിരുന്ന് ജീവിതത്തെ ഒന്ന് പുറകോട്ട് കണ്ടു നോക്കണം. മനുഷ്യനല്ലേ, വീഴ്ചകളും പോരായ്മകളും ഒക്കെ ഉണ്ടായിട്ടുണ്ടാകും. എല്ലാം അറിയുന്ന അൾത്താര മേശയോട് ഇങ്ങനെ പ്രാർത്ഥിക്കണം.. അവസാനം സെമിത്തേരിയിലേക്ക് പോകാൻ വേണ്ടി ഞാൻ എത്തുന്ന നേരം വരെ
- സാധിക്കുന്നത്ര വിശുദ്ധിയോടെ..
- ആവുന്നത്ര ആത്മാർത്ഥതയോടെ..
ഈ മണ്ണിൽ ജീവിക്കാനുള്ള കൃപയും ധൈര്യവും എനിക്ക് നൽകണമേയെന്ന്..!!
കൃപ നിറഞ്ഞ നോമ്പുകാലം സ്നേഹപൂർവ്വം..
ഫാ. അജോ രാമച്ഛനാട്ട്