ഇന്റർനാഷണൽ മിഷൻ കോൺഗ്രസ് 28 മുതൽ

കോട്ടയം: ഫിയാത്ത് മിഷൻ്റെ ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) ഇൻ്റർനാഷണൽ മിഷൻ കോൺഗ്രസ് 28 മുതൽ മേയ് നാലു വരെ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയാങ്കണത്തിലും ചെത്തിപ്പുഴ ക്രിസ്‌തുജ്യോതി കാമ്പസിലും നടത്തും.
മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, മൂന്നു റീത്തുകളിലേയും മിഷൻ പ്രദേശങ്ങളിലെ വൈദികരും, സിസ്റ്റേഴ് സും അത്മായമിഷനറിമാരും മിഷനെ പരിചയപ്പെടുത്തുന്ന ബൃഹത്തായ മിഷൻ എക്‌സിബിഷൻ, അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ, മിഷൻ ഗാതറിംഗുകൾ, മിഷൻ ധ്യാനം, കുട്ടികൾക്കായുള്ള മിഷൻ പരിശീലന ക്യാമ്പ്, മീഡിയ വില്ലേജിൽ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ, മിഷൻ മ്യൂസിക് ബാന്റ്റ്സ്, നൈറ്റ് വിജിൽ എന്നിവയുൾപ്പെടുന്നതാണ് ജിജിഎം.
ദിവസവും വിവിധ റീത്തുകളിലെ ബിഷപ്പുമാരുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സന്യാസിനികൾ, സെമിനാരിക്കാർ, അത്മായശുശ്രൂഷകർ, മതബോധന അധ്യാപകർ, മത ബോധന വിദ്യാർഥികൾ, ഡോക്ടേർസ് ആൻഡ് നഴ്‌സസ്, യുവാക്കൾ, കരിസ്‌മാറ്റിക്, പ്രോലൈഫ്, സുവിശേഷസംഘം, മിഷൻ ലീഗ്, വിൻസെൻ്റ് ഡി പോൾ, മാതൃവേദി, പിതൃവേദി, വിവിധ ഇടവകകളിൽ മിഷൻ ഔട്ട് റീച്ച് പ്രോഗ്രാം തുടങ്ങി വ്യത്യസ്ത കൂട്ടായ്‌മകളും വിവിധ ദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്മാർ റാഫേൽ തട്ടിൽ, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് ഡോ. തോമസ് ജ. നെറ്റോ, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ബൈബിൾ ചരിത്രവും വിവിധങ്ങളായ ബൈബിൾ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതിവിപുലമായ ബൈബിൾ എക്സസ്പോ, വിശ്വാസികളിൽ മിഷൻ തീക്ഷ്‌ണത വർധിപ്പിക്കാനുതകുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഫിലിം ഫെസ്റ്റ്, സംഗീതനിശ, ഭാരതത്തിനകത്തും പുറത്തും സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന മിഷൻ അവാർഡ് സെറിമണി എന്നിവ മിഷൻകോൺഗ്രസിന്റെ ആകർഷകഘടകങ്ങളാണ്.
ദീപിക ദിനപ്പത്രം