കുരിശിൻ്റെ തണലിൽ – മല കയറുന്നവർ

വിശുദ്ധ ബൈബിൾ പ്രകാരം ദൈവം മനുഷ്യനെ കണ്ടുമുട്ടുന്നത് പലപ്പോഴും മലമുകളിൽ വച്ചാണ്. പുത്രനായ ഈശോ അപ്പനെ തേടിപ്പോയതും അവർ കണ്ടുമുട്ടിയതും മലമുകളിൽ വച്ചായിരുന്നല്ലോ.
എന്തിനാണാവോ, ചരിത്രത്തിൽ എന്നും ദൈവം തമ്പുരാൻ മലമുകളിലേയ്ക്ക് മനുഷ്യനെ ക്ഷണിച്ചിരുന്നത് ?
ഉത്തരം വേറെയൊന്നുമല്ല.
മലമുകളിലെ ദൈവത്തെ കാണാൻ ആരായാലും നടന്നു കയറുക തന്നെ വേണം !
കൂട്ടുകാരാ, നിന്റെ ശ്രമമില്ലാതെ നിനക്ക് ദൈവത്തെ കണ്ടെത്താനാവില്ലെന്ന് !
“നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിനു നിന്നെ കൂടാതെ നിന്നെ രക്ഷിക്കാൻ കഴിയുകയില്ല” എന്ന് വിശുദ്ധ അഗസ്തീനോസ് എഴുതിയതും ഇതിനോട് കൂട്ടിവായിക്കണം.
പതിനെട്ടാംപടിയും കാനനപാതയും മലയാറ്റൂരും കുരിശിന്റെ വഴികളുമൊക്കെ അർത്ഥമുള്ളതാകുന്നതും ഈയൊരു കാഴ്ചപ്പാടിലാണ്. കിട്ടിയ ദൈവാനുഭവങ്ങളിൽ തൃപ്തിവരാതെ അങ്ങ് ഹിമാലയത്തിലെ കൊടുംതണുപ്പിലും വിജനതകളിലുമൊക്കെ ദൈവത്തെ തേടിപ്പോകുന്ന സന്യാസിമാരും, ആദ്യനൂറ്റാണ്ടുകൾ മുതലേ തന്നെ മരുഭൂമിയിലെ സന്യാസജീവിതം തിരഞ്ഞെടുത്ത ക്രിസ്ത്യൻ സന്യാസിമാരും ഓർമ്മപ്പെടുത്തുന്നതും മറ്റൊന്നല്ല.
നിന്റെ ശ്രമമില്ലാതെ നിനക്ക് ദൈവത്തെ അനുഭവിക്കാൻ ആവില്ലെന്ന് !
എല്ലാ ദിവസവും പ്രഭാതത്തിൽ പരിശുദ്ധ കുർബാനയ്‌ക്ക് പോകുന്ന മനുഷ്യരെ തൊട്ടാൽ കൂടി പുണ്യം കിട്ടും.
എത്ര വയ്യെങ്കിലും ഉപവാസവും നോമ്പും വെള്ളിയാഴ്ച്ചയാചരണവും അനുഷ്ഠിക്കുന്ന മനുഷ്യരോട് അസൂയ തോന്നണം..
നോമ്പിലെ വെള്ളിയാണല്ലോ,
മുട്ടും നടുവും സമ്മതിച്ചില്ലെങ്കിലും ഇന്നും സ്ലീവാപ്പാത ചൊല്ലി പള്ളിക്കുള്ളിൽ മുട്ടിൽ നടന്നവരും മല കയറിയവരും ഒക്കെയാകും ഇത് വായിക്കുന്നവരിൽ പലരും.
കുഞ്ഞേ, തേടിപ്പോയി സ്വന്തമാക്കി അനുഭവിച്ചറിയേണ്ട മധുരമാണ് ദൈവം.
തേടിയലയാതെ ആർക്കും ദൈവത്തെ രുചിയ്ക്കാനാവില്ല. ശ്രമമെടുക്കാതെ ആരും ദൈവസ്നേഹത്തിന്റെ ആനന്ദം സ്വന്തമാക്കിയിട്ടില്ല..
നോമ്പുകാലം..
ദൈവത്തെ പ്രണയപൂർവം തേടാനുള്ള മനസ്സാണ് ആദ്യമാവശ്യം. പിന്നെ, ആത്മാർത്ഥമായ അല്പം പരിശ്രമവും.
ദൈവമേ, എന്റെ അലച്ചിലുകളൊക്കെയും നിന്നിലേക്കായിരുന്നെങ്കിൽ..!!
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..
ഫാ. അജോ രാമച്ചനാട്ട്