“നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്‌തോളു… ഞാൻ സ്വർഗത്തിൽ ഇരുന്ന് കേട്ടോളാം…”

ഭൂമിയിലെ തന്റെ ജീവിതം പൂർത്തിയാവുന്നു എന്നുറപ്പായ ദിവസങ്ങളിലൊന്നിൽ ജോയ്സി എനിക്കൊരു മെസ്സേജ് അയച്ചു. എടാ ഞാൻ ഒരു പാട്ട് എഴുതിയിട്ടുണ്ട്. നീയൊന്നു നോക്കുമോ?പാട്ട് എഴുതേണ്ടത് എങ്ങനെയെന്നൊന്നും എനിക്കറിയില്ല, എന്തെങ്കിലും മാറ്റണമെങ്കിൽ നീ മാറ്റിക്കോ. നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോ. ഞാൻ വായിച്ചു നോക്കി. പ്രാസമോ കൽപ്പനാ ചാരുതയോ അലങ്കാരമോ ഒന്നുമല്ല ഞാൻ അതിൽ കണ്ടത്, മറിച്ച് മാതാവിനോടുള്ള അവളുടെ സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള അവളുടെ ആഴത്തിലുള്ള അടുപ്പവുമായിരുന്നു. ഞാൻ അത് ട്യൂൺ ചെയ്യാനിരുന്നപ്പോൾ ഒന്നേ പ്രാർത്ഥിച്ചുള്ളൂ മാതാവേ നിന്നെ ജെയ്സി സ്നേഹിച്ചതുപോലെ നീ എന്നെ ഇപ്പോൾ സ്നേഹിക്കണം. എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി നല്ല ഈണം ഈ വരികൾക്ക് നൽകി എനിക്കവളെ കേൾപ്പിക്കണം. പക്ഷേ എന്റെ ഈണത്തിന് കാത്തുനിൽക്കാനുള്ള ക്ഷമ അവൾക്കില്ലായിരുന്നു. അവൾ ചിറകടിച്ചു പറന്നു പോയി. ഈശോയുടെ അടുത്തേക്ക്. എടാ നീ ചെയ്തോളൂട്ടോ ഞാൻ സ്വർഗത്തിലിരുന്ന് കേട്ടോളാം എന്നും പറഞ്ഞ്….
from:Binu KP
ജോയിസിയുടെ ജീവിതവും വരികളും ഈ ജീവിതത്തിൽ ഫ്രാൻസിസ് പാപ്പ പറയുന്നപോലെ ‘പ്രത്യാശയുടെ തീർത്ഥാടകരാകാൻ’ നമ്മെ സഹായിക്കട്ടെ. മാർച്ച് 15 ന് ജോയ്സിയുടെ 41-ാം ചരമദിനത്തിൽ 41 ഓർമക്കുറിപ്പുകളിലൂടെ, “വചനം മാംസമായി ” എന്ന പുസ്തകത്തിലൂടെ ജോയ്സി നമ്മോട് വചനം പങ്കുവച്ചു. ഏപ്രിൽ 5 ജോയ്സിയുടെ ജൻമദിനം. പരിശുദ്ധ അമ്മ ജോയ്‌സിക്ക് പറഞ്ഞുകൊടുത്ത ഗാനത്തിലൂടെ നമ്മെ പ്രത്യാശയിലേക്ക് വീണ്ടും നയിക്കുന്നു. സ്വജീവിതത്തിൽ തൻ്റെ ശാരീരികപീഡകളെ ക്രിസ്തീയ സ്ഥൈര്യത്തോടെ നേരിട്ട് വിശുദ്ധിയുടെ പരിമളം പരത്തിയ ജോയ്സിയുടെ ഗാനം നമുക്കും ഈ നോമ്പുകാലത്ത് ഉത്ഥാനത്തിൻ്റെ മഹിമ പ്രാപിക്കാൻ സഹായകമാകട്ടെ.
ജോയ്സിക്ക് വേണ്ടിയും ജോയ്സിയോടൊപ്പവും നമുക്ക് പ്രാർത്ഥിക്കാം
https://youtu.be/49v4nDmdyU0?si=cT0PCHEJ7PhhLezh