കുരിശിൻ്റെ തണലിൽ – “എൻ്റെ പ്രിയ സുഹൃത്തിന്..”

2012 – ൽ ഇറങ്ങിയ ഒരു അമേരിക്കൻ സിനിമയാണ് The Perks of Being a Wallflower. ചാർളി എന്ന 15 വയസ്സുകാരൻ കടന്നുപോകുന്ന നിരവധിയായ ആത്മ സംഘർഷങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. അതിലെ ഹൃദയസ്പർശിയായ ഒരു രംഗം ഇങ്ങനെയാണ്, ചാർലി ദൂരെയുള്ള ഒരു സുഹൃത്തിന് നിരന്തരം കത്തുകൾ എഴുതി അയയ്ക്കുകയാണ്. “പ്രിയ സുഹൃത്തിന്..” എന്നു തുടങ്ങുന്ന അനേകം കത്തുകൾ. തൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും വിചാരങ്ങളും തോന്നലുകളും ഒക്കെയാണ് ഓരോ കത്തിന്റെയും ഉള്ളടക്കം. ഏറ്റവും രസകരമായ കാര്യം, ചാർലിക്ക് അങ്ങനെയൊരു സുഹൃത്ത് ഇല്ല എന്നുള്ളതാണ്. ആരോടെങ്കിലും ഒക്കെ തന്റെ വിചാരങ്ങൾ പങ്കുവയ്ക്കണം എന്ന മനുഷ്യ സഹജമായ ആഗ്രഹമാണ് സ്വയം ഉണ്ടാക്കിയെടുത്ത അജ്ഞാത സുഹൃത്തിന് കത്തെഴുതാൻ ചാർലിയെ പ്രേരിപ്പിക്കുന്നത്..!
ഈയിടെ ഒരാൾ പറഞ്ഞ കഥ, ഏതാനും നാളുകൾക്ക് മുമ്പ് മരിച്ചുപോയ അവരുടെ അമ്മയെപ്പറ്റിയായിരുന്നു. ജീവിതത്തെപ്പറ്റി ഏറെ സ്വപ്നങ്ങൾ കണ്ട ഒരു യുവതിയെ “അന്തസ്സും ആഭിജാത്യവും” ഉള്ള കുടുംബത്തിലേയ്ക്ക് വിവാഹം കഴിച്ചയയ്ക്കുന്നു.. ഭർത്താവാകട്ടെ, നാട്ടിലെ തിരക്കിട്ട രാഷ്ട്രീയക്കാരൻ. എന്നും വെളുപ്പിന് ജനസേവയ്ക്കായി ഇറങ്ങുന്ന അയാളുടെ കൂടെ ഉച്ചനേരത്ത് ഭക്ഷണം കഴിക്കാൻ എന്നും ഇരുപതും ഇരുപത്തഞ്ചും പേരുണ്ടാവും. പിന്നെ പോയാൽ എത്തുന്നത് ഏതെങ്കിലും നേരത്താവും. അങ്ങനെ സമയം മുന്നോട്ട് പോയി. വീടിൻ്റെ, മക്കളുടെ, പറമ്പിൻ്റെ, ജോലിക്കാരുടെ ഒക്കെ എല്ലാ കാര്യങ്ങളും നോക്കി നടന്ന് ആ സ്ത്രീയും.. ഭാര്യയുടെയോ മക്കളുടെയോ ഒരു കാര്യവും നോക്കാൻ അയാൾക്ക് നേരം ഉണ്ടായിരുന്നില്ല. എന്തിന്, സംസാരിക്കാൻ കൂടി സമയം ഇല്ലാത്ത തിരക്ക്.. മക്കൾ ഒക്കെ മുതിർന്നു, വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി വിദേശത്ത്. ഒരിക്കൽ, ആ അമ്മ തളർന്നുവീഴുന്നു.. ആരോ ആശുപത്രിയിൽ എത്തിച്ചു. അഞ്ചാം ദിവസം ജീവനില്ലാത്ത അമ്മയാണ് തിരിച്ചെത്തിയത്. ഏറെ ഗൗരവമായ ഒരു രോഗം, ആരും അറിഞ്ഞില്ലത്രെ. അമ്മയ്ക്ക് എന്തെങ്കിലും അറിയാമായിരുന്നോ? അറിഞ്ഞിട്ട് ആരോടും പറയാതിരുന്നതായിരുന്നോ..? അമ്മ തനിയെ ഡോക്ടറെ കാണാൻ പോയിട്ടുണ്ടാകുമോ? മരുന്ന് വല്ലതും കഴിക്കുന്നുണ്ടായിരുന്നോ? അറിയില്ല, ആർക്കും ഒന്നും.
ഭർത്താവിനോടോ മക്കളോടോ എന്തെങ്കിലും പറയാൻ അമ്മ ആഗ്രഹിച്ചാലും തങ്ങളാരും ഒരിക്കലും അമ്മയെ കേൾക്കാൻ മെനക്കെട്ടിരുന്നില്ല, എന്ന് നിലവിളിയോടെയാണ് ആ മകനും ഭാര്യയും ഓർത്തെടുത്തത്..!
എൻ്റെ സുഹൃത്തേ, കേൾക്കാൻ ഒരാൾ..
ഭൂമിയിൽ പലരും അത് ആഗ്രഹിക്കുന്നുണ്ട്, സത്യമായും. ആരെങ്കിലും ഒന്ന് കേൾക്കാൻ ഉണ്ടായാൽ തന്നെ പലരുടെയും ജീവിതങ്ങൾക്ക് കരുത്ത് ഉണ്ടായിത്തുടങ്ങുകയാണ്..
- ചില അധ്യാപികമാരോട് ചോദിച്ചുനോക്കൂ, “ഒരു കഥയുമില്ലാത്ത” കഥകളുമായി വരുന്ന ചില കുഞ്ഞുങ്ങൾ ഉണ്ട്, എല്ലാ ക്ലാസിലും.
- വൈദികരുടെ അടുത്ത്..
- കൗൺസിലർമാരുടെ അടുത്ത്..
- എന്തിന് പലചരക്ക് കടയിലെ ജോലിക്കാരനോട് വരെ..
കഥകൾ പറഞ്ഞ് കേൾപ്പിക്കുന്ന മനുഷ്യരുണ്ട്, കഥയില്ലാത്ത കഥകൾ തന്നെ..!
കാരണം ഇതാണ്, എല്ലാവരും കേൾക്കാൻ ഒരാളെ തേടുന്നുണ്ട്..
ചങ്ങാതീ, നോമ്പുകാലമാണ്. നല്ല കേൾവിക്കാർ ആകണ്ടേ നമുക്ക്? അനേകരുണ്ട്,
നമ്മളറിയാതെ നമുക്ക് ചുറ്റും. നമ്മൾക്കൊപ്പം ജീവിക്കുന്ന ആരൊക്കെയോ…
മറ്റൊന്നും വേണ്ട.
ഒന്നു കേൾക്കാൻ ഒരാളായാൽ മതി, തനിയെ പല മുറിവുകളും കൂടിക്കോളും..
പലരും ജീവിതത്തിന് അർത്ഥങ്ങൾ കണ്ടെത്തിത്തുടങ്ങും..
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..
ഫാ. അജോ രാമച്ചനാട്ട്