കുരിശിൻ്റെ തണലിൽ – ഇടത്തേ കള്ളൻ

അയാളെ വെറുക്കേണ്ടതുണ്ടോ?
സത്യം പറഞ്ഞാൽ, അയാളെ എന്തിനു പഴിക്കണം? എങ്ങനെയോ തെറ്റിപ്പോയ ഒരാൾ. വഴിവിട്ട ജീവിതം, ഒടുവിൽ കഴുമരത്തിലേയ്ക്കെത്തിച്ചു എന്നതല്ലേ സത്യം?
എന്റെ സുഹൃത്തേ,
ആരുടെയൊക്കയോ സ്നേഹക്കുറവുകൊണ്ട്, പരിഗണനക്കുറവുകൊണ്ട് ഇടറിപ്പോയ ഒരു ജീവിതം അവസാനനിമിഷം ക്രിസ്തുവിലേയ്ക്കെത്തിയില്ല !
എത്താനുള്ള സാവകാശം ലഭിച്ചില്ല !
അങ്ങനെ ഓർത്താൽ പോരേ?
ചിലതൊക്കെ ട്രാജഡികളിലേ അവസാനിക്കൂ.
ദൈവഹിതമങ്ങനെയാണ്…
പ്രകൃതിനിയമവും അങ്ങനെതന്നെ..
എന്നാലും, ക്രിസ്തുവിന്റെ നെഞ്ചിൽ ഇടത്തേ കള്ളനും ഇടമുണ്ടല്ലോ !
അല്ലാതെ വേറെ എങ്ങോട്ട് പോകാൻ, അല്ലേ ?
അല്ലെങ്കിൽ ഈക്കഴിഞ്ഞ രണ്ടായിരം വർഷം നമ്മളോട് പറഞ്ഞതും നമ്മൾ പറഞ്ഞതും വായിച്ചതുമായ കഥകളൊക്കെയും കെട്ടുകഥകളായിപ്പോകും..
കുഞ്ഞേ, നീ ഇപ്പോഴും ഇടത്താണോ?
ദേ, ഒന്ന് നിന്റെ വലത്തേയ്ക്ക് തിരിഞ്ഞുനോക്കിയേ. അവിടെ നിന്നെ മനസിലാക്കുന്ന ഒരുവൻ നിന്നോടൊപ്പം മരണവേദന പങ്കിടുന്നുണ്ട്. നിനക്കും രക്ഷയുടെ വിരുന്നിൽ ഒരു reserved seat ഉണ്ടെന്ന്..!
നോമ്പ്, എന്റെ ഇടർച്ചകളിൽ നിന്ന് ക്രിസ്തുവിന്റെ മുഖത്തേക്ക് എത്തി നോക്കാനുള്ള സമയം..
സമയം വൈകിയിട്ടില്ല.
ഹൃദയപൂർവം,
ഫാ. അജോ രാമച്ചനാട്ട്