April 20, 2025
Jesus Youth Kairos Media News

കുരിശിൻ്റെ തണലിൽ – തോൽക്കാനൊരു കാലം

  • March 27, 2025
  • 1 min read
കുരിശിൻ്റെ തണലിൽ – തോൽക്കാനൊരു കാലം

ഗുലാൻപെരിശ് എന്ന പേരിലൊരു ചീട്ടുകളിയുണ്ട് നമ്മുടെ നാട്ടിൽ, നമ്മുടെ പഴയ കാർന്നോന്മാരൊക്കെ ഈക്കളിയിൽ പുപ്പുലികളാണ്. ഇതിൽ “തനി” എന്നൊരു ഐറ്റം ഉണ്ട്. ഒരാൾ തന്നെ എല്ലാ പോയിന്റും നേടുന്ന പരിപാടിയാണ് – അത്യാവശ്യം ബുദ്ധി വേണം, പിന്നെ ഭാഗ്യവും. “തനി” വിളിച്ചുനേടുന്നവൻ “തനിച്ച്” മുഴുവൻ തൂത്തുവാരി ഒരു പോക്കാണ്!

ആരെങ്കിലും ഒരാൾ ജയിക്കണം..
ഏത് കളിയിലും അങ്ങനെയാണ് !
ഏത് യുദ്ധത്തിലും അങ്ങനെയാണ് !

പണ്ടൊരു മല്പിടുത്തം
വെളുപ്പാൻ കാലം വരെ നീണ്ടുപോയി എന്ന് വി. ഗ്രന്ഥം. ഉൽപത്തി 32 – ലാണത്. യാക്കോബും ദൈവദൂതനും തമ്മിലായിരുന്നു, അത്. ഒടുവിൽ, ജയിക്കേണ്ടവനെ ജയിപ്പിച്ചു..
കളിയും തീർന്നു..!

എന്നാൽ പലപ്പോഴും നമ്മുടെ ജീവിതത്തിലോ?
വേഗം തീരേണ്ട ചില ഗെയിമുകളൊക്കെ വെറുതെ ആരൊക്കെയോ ചേർന്ന് നീട്ടി നീട്ടി ബോറാക്കുകയാണ്..

കഴിഞ്ഞ ദിവസം ഞാനുമൊരു കളി വിട്ടുകൊടുത്തു. ഇനി നീ ജയിക്കെന്ന് പറഞ്ഞ്..
ആരും ജയിക്കാതെ എത്ര കാലമെന്ന് വച്ചിട്ടാണ് ?

ചങ്ങാതീ, ഒന്നോർത്താൽ
ഗുലാൻ പെരിശിലെ “തനി” പോലെയാണ് ജീവിതവും. തോറ്റുകൊടുക്കാതെ വയ്യ – ദൈവമെന്ന മല്ലന്റെ പദ്ധതികൾക്ക് മുന്നിൽ വെറുതെ കുറെ നാൾ മല്ലിടാമെന്ന് മാത്രം !

  • “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്നത് ദൈവത്തെ ജയിക്കാൻ അനുവദിച്ചവന്റെ ദീർഘനിശ്വാസമായിരുന്നു..
  • “ഇതാ ഞാൻ, കർത്താവിന്റെ ദാസി” എന്നതും ദൈവ ഇടപെടലിനുള്ള വഴിമാറിക്കൊടുക്കലായിരുന്നു..
  • “എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ” എന്ന് പറഞ്ഞ് കുരിശിലേയ്ക്ക് കൈകൾ നീട്ടിവെച്ചവനും അപ്പന്റെ പദ്ധതികൾക്ക് മുന്നിൽ തോറ്റുകൊടുക്കുകയായിരുന്നു..

പക്ഷേ, ഒന്നുണ്ട്, വചനം വായിച്ചവസാനിപ്പിക്കും മുൻപ്.
തോറ്റവരൊക്കെ അവന്റെ സ്വന്തമായി
എന്നു കൂടി അറിയണം നമ്മൾ..!!

അപ്പോ, അങ്ങനെയാണ്.
തോറ്റാലേ ശരിയാവൂ !

നോമ്പുകാലം..
ഒരു challenge ആവട്ടെ!
ദൈവത്തിന് മുന്നിലും,
പ്രിയപ്പെട്ട ഇടങ്ങളിലും,
തോറ്റുകൊടുക്കാൻ ഒരു ഉൾക്കരുത്തിനായി..!

ഈശോ അനുഗ്രഹിക്കട്ടെ, ഒരുപാട്.

സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ