April 20, 2025
Church Jesus Youth Kairos Media News

കുരിശിന്റെ തണലിൽ – മുറിവ്

  • March 26, 2025
  • 1 min read
കുരിശിന്റെ തണലിൽ – മുറിവ്

കുറഞ്ഞത് ഒരു 30 വർഷങ്ങൾക്ക് മുൻപാണ്. പറമ്പിലൂടെ നടക്കുകയാണ് ഞാൻ. കയ്യിൽ ഒരു വാക്കത്തിയുമുണ്ട്. കണ്ണിൽ കണ്ടതൊക്കെ വെട്ടിയും മുറിച്ചും നടക്കാൻ ഒരു രസമാണ് – അങ്ങനെ വെറുതെ ഒരു കത്തിയുമായി കൃഷിയിടത്തിലൂടെ നടന്നിട്ടുള്ളവർക്കറിയാം. പൊക്കവും വണ്ണമുള്ള ഒരു മരം ദേ മുന്നിൽ. “പാഴ്മര”മാണെന്ന് കേട്ടുള്ള ഓർമയുണ്ട്. ഒന്ന് വെട്ടി നോക്കി, നല്ല രസം. സോഫ്റ്റ്‌ ആയ തൊലിയാണ്, വെട്ടിയ ഉടനെ നിറം മാറി ചോപ്പാകുന്നു. നല്ല മൂർച്ചയുള്ള കത്തി ആയത് കൊണ്ട് അന്നേരത്തെ ഭാവനയിൽ ഉദിച്ച എല്ലാ ഐഡിയാസും മരത്തിൽ പ്രകടിപ്പിച്ചു. ചെറിയ സമാധാനം, തിരിച്ചുപോന്നു.

കഴിഞ്ഞ വർഷം ഏറെ കാലം കൂടി പറമ്പിലൂടെ ഒന്ന് നടന്നപ്പോൾ ആ പഴയ മരം അവിടെ തന്നെ നിൽക്കുന്നു. മനസ്സിൽ പണ്ട് നടത്തിയ അഭ്യാസങ്ങളുടെ ഓർമ്മകൾ.. അടുത്ത് ചെന്നപ്പോൾ കണ്ടു.. അന്ന് വെട്ടിയും കുത്തിയും ഞാൻ വികൃതമാക്കിയിടം ഇപ്പോഴും വല്ലാതെ വികൃതമായിത്തന്നെ..! 😞
ആ സാധുമരം പുതിയ തൊലികൊണ്ട് ആ മുറിവിനെ മൂടാനുള്ള ശ്രമങ്ങൾ പല തവണ നടത്തിയിട്ടുണ്ട് എന്ന് വ്യക്തം. പക്ഷെ ഇരുവശത്തുനിന്നും വന്ന് മുറിവ് കൂടുന്നില്ല..! പാഴ്ശ്രമങ്ങൾക്ക് ശേഷം ഉണങ്ങിവരണ്ട് താഴെവീഴാറായി നിൽക്കുന്ന മരത്തൊലിയുടെ പാളികൾ…!
ദൈവമേ, മുപ്പതിലധികം വർഷങ്ങൾക്ക് ശേഷവും?? അറിയാതെ മനസ്സ് ഒന്ന് വിങ്ങി, ആ മിണ്ടാപ്രാണിയോട് ഞാൻ ചെയ്തത് എന്തൊരു ക്രൂരതയായിരുന്നു.. 😢

എന്റെ ചങ്ങാതീ, വളരെ വൈകിമാത്രം ജീവിതം പഠിപ്പിച്ച ഒരു പാഠമാണത് :

  • ഞാൻ ഉണ്ടാക്കിയ ഒരു മുറിവും ഒരിക്കലും പൂർണമായി ഉണങ്ങില്ലെന്ന്!
  • മരത്തിലും, മണ്ണിലും, മനസ്സിലും !!

ചിലർക്ക് ഒരു രസമാണത്, ആരോടായാലും എന്തെങ്കിലുമൊക്കെ പറഞ്ഞുകളയുക എന്നത്. അധികാരവും, സ്ഥാനവും, ബഹുമാനവും ഒക്കെ എന്തും പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട് എന്നൊരു ധാരണ പരക്കേയുണ്ട്, നമുക്കിടയിൽ. (നമ്മുടെ സംസ്കാരത്തിൽ എന്ന് പറയുന്നതാവും ഉചിതം). പക്ഷെ, ശേഷം അവയുണ്ടാക്കുന്ന മുറിവുകളോ? എന്നും കണ്ണീരും ചോരയും ചലവും ഒഴുക്കി നീറുന്നുണ്ടെന്ന് ആരൊക്കെ ചിന്തിക്കുന്നുണ്ട്..!

ഞാൻ അവന്റെ/അവളുടെ അപ്പനല്ലേ? അമ്മയല്ലേ? ഭർത്താവല്ലേ? – അതിന് ?? 😡
മൂത്ത ചേട്ടൻ/ചേച്ചിയല്ലേ? – ആണെങ്കിൽ? ? 😡
അധ്യാപകനല്ലേ? വികാരിയച്ചനല്ലേ? മാനേജരല്ലേ? മുതലാളിയല്ലേ? മന്ത്രിയല്ലേ?
So what ????!! 😡😡

ഇത് നോമ്പുകാലം..
“എറിഞ്ഞ കല്ലും പറഞ്ഞ വാക്കും” ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന് ജ്ഞാനമുള്ളവർ..

എന്റെ ചങ്ങാതീ, സർവ തലക്കനങ്ങളും ഊരിമാറ്റി, മുട്ടിന്മേൽ നിന്ന് “എന്റെ പിഴ” ചൊല്ലാനുള്ള എളിമ നമുക്ക് ഇതുവരെയും കൈവന്നിട്ടില്ല..!

ഈ പ്രഭാതത്തിൽ..
ഇന്നുറങ്ങാൻ പോകും മുൻപ് എങ്കിലും..,
ക്രൂശിതന്റെ മുറിവുകളെ ധ്യാനിച്ച് പ്രാർത്ഥിക്കേണ്ടതുണ്ട് നമ്മൾ.

  1. എന്റെ വാക്കിനാൽ മുറിവേറ്റ ഹൃദയങ്ങളെ നിന്റെ കരുണകൊണ്ട് സൗഖ്യമാക്കണേയെന്ന്..
  2. ആരൊക്കെയോ അറിഞ്ഞും അറിയാതെയും എനിക്ക് തന്ന മുറിവുകളിൽ നിന്റെ തിരുരക്തം ഒഴുക്കണേയെന്ന്..

കൃപ നിറഞ്ഞ നോമ്പുകാലം ഹൃദയപൂർവം..
ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ