കുരിശിന്റെ തണലിൽ – ഉപ്പ് പാകത്തിന്

പതിറ്റാണ്ടുകൾ കേരളത്തിന്റെ രുചിലോകത്തെ അടക്കിഭരിച്ച മിസ്സിസ് കെ. എം. മാത്യുവിന്റെ പാചകക്കുറിപ്പുകൾ ഓർക്കാത്ത മലയാളിയില്ല. അവിടെനിന്നും യൂട്യൂബ് – ഇൻസ്റ്റാഗ്രാം ലോകത്തെ ന്യൂജൻ രുചിക്കൂട്ടുകളിൽ നമ്മൾ എത്തിയെങ്കിലും കേരളത്തിന്റെ പാചകചരിത്രത്തിൽ സ്വന്തം സ്ഥാനം ഉണ്ടാക്കിയെടുത്ത വനിതയാണ് ‘വനിത’യുടെ സ്ഥാപകയായ മിസിസ് കെ. എം. മാത്യു.
ചെറുപ്പത്തിൽ ഒരു രസത്തിന് – പരീക്ഷിച്ചുനോക്കാനൊന്നുമല്ല – ആ പാചകക്കുറിപ്പുകൾ ഒക്കെ വായിച്ചുനോക്കുമായിരുന്നു. അന്നുമുതൽ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ആവശ്യമായ എല്ലാ ചേരുവകകൾക്കും അളവും തൂക്കവും നൽകുമ്പോഴും ഉപ്പിന്റെ കാര്യം വരുമ്പോൾ,
“ഉപ്പ് – പാകത്തിന്”എന്നാണ് പറയാറ്.
ഇപ്പോഴും അങ്ങനൊക്കെത്തന്നെ.
കാരണം വേറെ ഒന്നുമല്ല : ഉപ്പ് കുറഞ്ഞാലും കൂടിയാലും രുചി നഷ്ടപ്പെടും എന്നത് തന്നെ.
എന്റെ ചങ്ങാതീ, ജീവിതത്തിലും അങ്ങനൊക്കെ തന്നെയല്ലേ?
ചിലതൊക്കെ കൂടിയാലും,
കുറഞ്ഞാലും ശരിയാവൂല.
വെറുതെ ഒന്ന് നോക്കിയേ.
- ജോലി / ജോലിയോടുള്ള ആത്മാർത്ഥത..
- പങ്കാളിയോടും കുടുംബത്തോടും ഉള്ള അടുപ്പം/സ്നേഹം..
- സുഹൃത്തുക്കൾ + അവരോടൊപ്പമുള്ള സമയം
- നിലപാടുകൾ/രാഷ്ട്രീയം..
- സമ്പത്ത് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ..
- ഭൗതിക സന്തോഷങ്ങളോടുള്ള ഇഷ്ടം..
- ഭക്ഷണം, മദ്യം..
- സോഷ്യൽ മീഡിയ
- കമ്പ്യൂട്ടർ / മൊബൈൽ..
- ഉറക്കം / ഉറക്കമില്ലായ്മ..
- ആത്മീയതയും! (ഞെട്ടരുത്)
ഇവയെല്ലാം കൂടിയാലും കുറഞ്ഞാലും ജീവിതത്തിന്റെ രുചി നഷ്ടപ്പെടുത്തും. ഓരോന്നിനും “പാകത്തിനുള്ള” ഒരു അളവുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ “പാകത്തിലുള്ള അളവി”ൽ വരുന്ന വ്യത്യാസമാണ് ഇപ്പോൾ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം.
നോമ്പുകാലത്ത് രണ്ട് ചോദ്യങ്ങൾ ഞാൻ എന്നോട് ചോദിക്കാനുണ്ട്.
- ഉപ്പ് പോലെ “പാകത്തിന് മാത്രം” വേണ്ട എന്തൊക്കെയോ ഇപ്പോൾ അധികമായിട്ടുണ്ട്, രുചി കളയുന്ന എന്തൊക്കെയോ..
എളിമയോടെ ഓർത്തെടുക്കാം..
ബോധപൂർവം അവയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നോമ്പുകാലത്തു തുടങ്ങിവയ്ക്കാം. - ചിലതൊക്കെ അല്പം കൂടി ഉണ്ടായിരുന്നെങ്കിൽ..
വ്യക്തി ജീവിതത്തിൽ / കുടുംബത്തിൽ / ജോലിസ്ഥലത്ത്.. കൂടുതൽ രുചി ഉണ്ടായേനെ എന്ന് മനസ്സ് പറയുന്നതെന്തൊക്കെയാവും?മനസാക്ഷിക്ക് ശാന്തമായി ചെവിയോർക്കാം…
ചങ്ങായീ,
നോമ്പുകാലം ഒരു ഒരുക്കമാകട്ടെ..
കൂടുതൽ രുചികരമായ ഒരു നാളേക്കായി..!
സ്വസ്ഥമായി അല്പം വിശ്രമിക്കുന്ന ഈ ഞായറാഴ്ചദിവസം ചില
നല്ല തീരുമാനങ്ങളുണ്ടാവട്ടെ..!
സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്