April 18, 2025
Jesus Youth Kairos Buds Kairos Media News

കുരിശിന്റെ തണലിൽ – ആൻ ഫ്രാങ്കും പിന്നെ എന്റെ സ്വന്തം ഡയറിക്കുറിപ്പുകളും..

  • March 22, 2025
  • 1 min read
കുരിശിന്റെ തണലിൽ – ആൻ ഫ്രാങ്കും പിന്നെ എന്റെ സ്വന്തം ഡയറിക്കുറിപ്പുകളും..

ആൻ ഫ്രാങ്കിനെ ഓർമയില്ലേ? എന്നെ സംബന്ധിച്ച് മൂന്ന് പ്രാവശ്യം വായിച്ചുതുടങ്ങി മുഴുമിക്കാനാകാതെ പോയ ഒന്നാണ്, The Diary of a Young Girl എന്ന അവളുടെ ഡയറിക്കുറിപ്പുകൾ.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപ്പടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരും കൊലപാതങ്ങളുടെയും ഇരകളായ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീകമായിട്ടാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപ്പടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന ഒളിസങ്കേതത്തില്‍ താമസിച്ചിരുന്നപ്പോള്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളാണ്. വംശവെറിയുടെ നാസിക്രൂരതയും ജൂതമനുഷ്യരുടെ ദൈന്യതയും നിസ്സഹായതയും ലോകത്തോട് വിളിച്ചു പറഞ്ഞത് ഈ കൊച്ചുപെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. 1947-ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്.
കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്.

നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്പോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്പോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി…!
ചുറ്റും പ്രസന്നതയോടെ, ഉല്ലാസത്തോടെ, കൗതുകത്തോടെ അവള്‍ നോക്കിക്കണ്ടു. ജീവിതത്തോടുള്ള പ്രതീക്ഷയും പ്രസാദാത്മകതയുംകൊണ്ട് കാലത്തെ അതിജീവിക്കുകയാണ് ആ ഡയറി. 1942 ജൂണ്‍ 12-നും 1944 ആഗസ്റ്റ് ഒന്നിനും ഇടക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന് അവള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഇതിനകം ലോകം മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒട്ടേറെ സിനിമ, നാടക, ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. അനക്‌സ് ആകട്ടെ ഇന്ന് പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു മ്യൂസിയമാണ്.

അതൊക്കെ അവിടെ നിൽക്കട്ടെ, ആനിന്റെ ഡയറി മാറ്റിവച്ചിട്ട് നമ്മൾ നമ്മുടെ ഡയറി എടുക്കുന്നു..
ഇവിടെ “എന്റെ സ്വന്തം ഡയറികുറിപ്പുകളിൽ” എന്തൊക്കെയായിരിക്കും.??
വീടുണ്ട്, ആരോഗ്യമുണ്ട്, പ്രിയപ്പെട്ടവരുണ്ട്, ജോലിയുണ്ട്, പറമ്പുണ്ട്, പണമുണ്ട്, സുഹൃത്തുക്കളുണ്ട്..
എന്നാലും,

  • വീട്ടുകാർ ആരും ശരിയല്ല..!! (ഒന്നിനെയും പേര് എടുത്ത് പറയാത്തത് എന്റെ മര്യാദ).
  • കൂടപ്പിറപ്പുകൾ ഒന്നിന്റെയും വീട്ടിൽ കേറാൻ കൊള്ളില്ല.
  • ജോലിസ്ഥലത്ത് എല്ലാം കൊള്ളില്ലാത്തവർ,
  • അയല്പക്കംകാരൊക്കെ ഒരു വകയാണ്, എല്ലാം!
  • ചുറ്റിലുള്ള എല്ലാ അവന്മാരും കള്ളന്മാരാണ്..!
  • കാശ് കയ്യിലുള്ളവനൊക്കെ കള്ളക്കടത്തോ കഞ്ചാവോ കള്ളനോട്ടോ ആണ്..
  • ആരെയും വിശ്വസിക്കാൻ പറ്റില്ല.
  • കത്തോലിക്കാസഭയ്ക്ക് ആകെ കുഴപ്പമാണ്.. 🙄
  • അച്ചനും ശരിയല്ല, കപ്യാരും കൈക്കാരൻമാരും അത്രക്ക് കൂടി ശരിയല്ല. കന്യസ്ത്രീമാരാണേൽ ഒട്ടും പോരാ!
  • യൂറോപ്പിലുള്ളവർ എല്ലാം പിഴച്ചവന്മാർ..
  • അമേരിക്കൻസ് തല്ലിപ്പൊളികൾ..
  • കാലാവസ്ഥയുടെ കാര്യമോ? ബഹുമോശം.
  • ഭൂമിയുടെ കറക്കത്തിന് speed ഒട്ടും പോരാ.
  • മാർപ്പാപ്പയുടെ നമ്പർ കിട്ടിയിരുന്നേൽ അങ്ങേരെ വിളിച്ച് ഒന്ന് വഴക്ക് പറയാനുണ്ടായിരുന്നു..!
    ആകെ ഈ ഞാൻ മാത്രം..!! 😄👍
    ഞാൻ മാത്രേയുള്ളു, ഞാൻ മാത്രം.

എന്റെ ചങ്ങാതീ,
ജീവിക്കുന്നയിടത്ത് സന്തോഷവും സമാധാനവും കണ്ടെത്തുക എന്നത് ഒരു പുണ്യമാണ്, വല്ലാതെ വലിയ ഒരു പുണ്യം.!

ദൈവമേ, ആത്മവിശുദ്ധീകരണത്തിൻ്റെ ഈ നോമ്പുവഴികളിൽ, അന്ന് തീക്കനലിലൂടെ നടന്നെങ്കിലും ചിരിക്കാനും സ്നേഹിക്കാനും സഹിക്കാനും ആൻ എന്ന പെൺകുഞ്ഞ് കാണിച്ച ധൈര്യത്തിന്റെ ഒരു ചെറിയ കഷണം തന്ന് എന്നെയും അനുഗ്രഹിക്കണേ,
എന്നുമെപ്പോഴും പരാതിപ്പെടുന്ന എന്റെ നാവിനു ആത്മാവിന്റെ കെട്ടിടണേ, ആമ്മേൻ 🙏

കൃപ നിറഞ്ഞ നോമ്പുകാലം സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ