April 20, 2025
Church Jesus Youth Kairos Media News

അവർ ഓടി കളിക്കട്ടെ; എന്നിട്ട്‌ ഉരുണ്ടു വീഴട്ടെ!

  • March 14, 2025
  • 1 min read
അവർ ഓടി കളിക്കട്ടെ; എന്നിട്ട്‌ ഉരുണ്ടു വീഴട്ടെ!


നമ്മുടെ കുട്ടികളുടെ അവധിക്കാലം ആഗതമാവുകയാണല്ലോ! ഇവയുടെ ആരവങ്ങൾക്കൊപ്പം ചിന്തകളിലേക്ക്‌ ഇരച്ചു കയറുന്ന ചില ആശയപ്രസരങ്ങളെ തടയാനാവുന്നില്ല. ആയതിനാൽ മഷിപുരണ്ട വരികളായി അവ പരിണമിക്കുന്നു.

കേട്ടറിഞ്ഞത്‌:
കൗമാരക്കാരായവർ ഇന്ന് ചിലവഴിക്കുന്ന Screen time ശരാശരി എട്ടര മണിക്കൂർ സമയം ആണത്രേ! American Academy of Pediatrics എന്ന സംഘടനയുടെ പഠനപ്രകാരം ഒരു കൗമാരക്കാരന്‌ ദിവസേന അനുവദനീയമായ screen time രണ്ടര മണിക്കൂറും. നോക്കണേ ഒരു അന്തരം!

വായിച്ചറിഞ്ഞത്‌: ഈ അടുത്ത ദിവസങ്ങളൊന്നിൽ ഒരു പ്രമുഖ മലയാളം ദിനപത്രത്തിന്റെ മുഖപ്രസംഗത്തിനു ശീർഷകമായി ഭവിച്ച വിഷയം മേൽ കുറിച്ച Screen time തന്നെയായിരുന്നു. അമിതമായ മൊബെൽ ഫോൺ ഉപയോഗം പഠനത്തെ സാരമായി ബാധിച്ചു എന്നു കത്തെഴുതി വച്ച്‌ 2022 ജൂണിൽ തിരുപനന്തപുരം കല്ലമ്പലത്ത്‌ പ്ലസ്‌ വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചുവെന്നതും നമ്മുടെ നാട്ടിൽ ഏകദേശം 16000 കുട്ടികൾ അമിതമായ screen time ഉപയോഗവുമായി ബന്ധപ്പെട്ട മാനസിക ആഘാതങ്ങൾക്കായി ചികിത്സയിലാണെന്ന സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കണക്കുകളും പ്രസ്തുത മുഖപ്രസംഗത്തിൽ സ്ഥാനം പിടിച്ചിരുന്നു.

കണ്ടറിഞ്ഞത്‌ :താമസ സ്ഥലത്തിന്റെ അതിർത്തിക്കുള്ളിലുള്ള നടപ്പാതയോട്‌ ചേർന്നുള്ള കളിസ്ഥലമാണ്‌ വേദി. ഏകദേശം മൂന്നു വയസ്‌ പ്രായം തോന്നിക്കുന്ന ഒരു കുട്ടി മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്‌ എന്റെ കൺതടങ്ങളിൽ കയറിക്കൂടി. ഒപ്പമുണ്ടായിരുന്ന അമ്മ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്നു. നടപ്പാതയിലൂടെ പലവട്ടം ഞാൻ കടന്നു പോയെങ്കിലും ആ കുരുന്നിന്റെ കണ്ണുകൾ ഫോണിൽ തന്നെ എന്നത്‌ എന്നേയും അലോരസപ്പെടുത്തി. ഏതാണ്ട്‌ ഒരു മണിക്കൂർ സമയം ഈ കലാപരിപാടി മാറ്റമില്ലാതെ തുടർന്നതിന്‌ ഈയുള്ളവൻ സാക്ഷി. പിന്നെ എപ്പോഴാണ്‌ ആ കണ്ണുകൾ ഫോണിൽ നിന്ന് പറിച്ചു മാറ്റപ്പെട്ടത്‌ ?അറിയില്ല!

നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും cricket/football pitches ഉണ്ടാക്കണം. ക്ലബ്ബുകൾ ഉണ്ടാക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രൊഫെഷണൽ പരിശീലനം കൊടുക്കണം. സാധാരണക്കാർക്ക് പ്രാപ്യമായ അവസ്ഥയിൽ develop ചെയ്യണം. കായിക വിനോദങ്ങൾ കുട്ടികളുടെയും യുവജനങ്ങളുടെയും തലയ്ക്കു പിടിക്കണം. എല്ലാ weekend കളിലും മത്സരങ്ങൾ ഉണ്ടാകണം. അതിനു പഞ്ചായത്തുകൾക്ക് മുൻകൈ എടുക്കാൻ സാധിക്കും. സഭയുട കാര്യം പറഞ്ഞാൽ ഇടവക തലത്തിൽ ക്ലബുകൾ രൂപീകരിക്കണം.
അയർലണ്ടിലെ GAA ക്ലബുകൾ ഉദാഹരണമാണ്. കത്തോലിക്കാ രാജ്യമായിരുന്നതുകൊണ്ടു പാരിഷ് അടിസ്ഥാനത്തിലായിരുന്നു GAA ക്ലബുകൾ ഉണ്ടായത്. Gaelic football & Hurling എന്നിവയാണ് കളിച്ചത്. ബ്രിട്ടീഷുകാരന്റെ ആയതുകൊണ്ട് ക്രിക്കറ്റിനോട് ഐറിഷുകാർക്ക് വിരോധമാണ്. എല്ലാ പാരിഷ്കളുടെയും കൂടെ ക്ലബുകൾ ഉണ്ടാകും.

അത് പരീക്ഷിച്ചു വിജയിക്കാൻ സാധിച്ചാൽ സ്‌ക്രീനിൽ നിന്ന് മാത്രമല്ല ഡ്രഗ്സിൽ നിന്നും അടുത്ത തലമുറയെ അകറ്റാൻ നല്ലൊരു പരിധിവരെ സഹായിച്ചേക്കും.

കുറിക്കാനുള്ളത്‌
നമ്മുടെ കുട്ടികൾ അവധിക്കാലത്തിലേക്ക്‌ പ്രവേശിക്കുകയാണല്ലോ. അവർ ഓടികളിക്കട്ടെ . കൂട്ടുകാർക്കൊപ്പം സന്തോഷനേരങ്ങൾ ചിലവഴിക്കട്ടെ. അനിതരമായൊരു ആഘോഷത്തിന്റെ നിറഞ്ഞു തുളുമ്പലിൽ അവർ വ്യാപരിക്കട്ടെ. മണ്ണിന്റെ മണവും മാനത്തിന്റെ മനോഹാരിതയും അവരെ ദത്തെടുക്കട്ടെ. കളിചിരികളുടെ കേദാരത്തിൽ അവർ ഉല്ലസിക്കട്ടെ. ശാരീരികമായ ഉണർവും മാനസികമായ മികവും അവരെ തേടിയെത്തും !പുതുമയാർന്ന സാമൂഹിക ചിന്താ സരണികൾ അവർക്ക്‌ പരിചിതമാകും. മുറുക്കിയും മാറ്റിക്കെട്ടിയും ഇഴചേർത്തുണ്ടാകുന്ന ഒരു Community life ന്റെ സ്വരവീചികൾ നെയ്തെടുക്കാൻ അവർ ഒരുമ്പെടുകയും ചെയ്യും. Screen time നെ ഒഴിവാക്കി ഒരു ജീവിത ശൈലി അപ്രായോഗികമായ ഒരു കാലത്തിന്റെ യാത്രികരാണ്‌ നമ്മൾ. ജാഗ്രതയോടെ നീങ്ങുക എന്നതാണ്‌ അടയാള വാക്യം. ബാല്യകൗമാരങ്ങളോട്‌ അൽപം കൂടി ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നാം അമാന്തിച്ചാൽ നാളെകളിൽ വന്നടിയുന്ന ഭവിഷ്യത്തുകൾക്കുള്ള ഉത്തരവും നാം തന്നെ കണ്ടെത്തേണ്ടി വരും.
പിന്നീടൊരിക്കൽ ആ തലമുറ നമ്മോട്‌ ചോദിച്ചേക്കാം
“ആരെന്റെ സൂര്യനെ-
യൂതിക്കെടുത്തി, യി-
ന്നാരെന്റെയാകാശ-
മന്ധമാക്കീ?
(ONV യുടെ സൂര്യന്റെ മരണം എന്ന കവിതയിൽ നിന്ന്)

നമ്മുടെ കുട്ടികൾ അവധിക്കാലങ്ങളിൽ ഓടി കളിക്കട്ടെ; എന്നിട്ട്‌ ഉരുണ്ടു വീഴട്ടെ! ആ വീഴ്ചകളിലെ നിസാര പരിക്കുകൾ ചെറുലേപനങ്ങൾ കൊണ്ടും ആശ്വാസ വാക്കുകൾ കൊണ്ടും ഉണക്കാവുന്നതേയുള്ളൂ. മറ്റു ചില വീഴ്ചകൾ അവശേഷിപ്പിക്കുക, ആത്മഹത്യാ കുറിപ്പുകളും സാമൂഹിക വിപത്തുകൾക്ക്‌ വിത്തുപാകുന്ന കൗമാരയൗവ്വനങ്ങളും !!!

ചിതറിയ ചിന്തകൾ
ടോം അലക്സ്

About Author

കെയ്‌റോസ് ലേഖകൻ