ത്യാഗവും പ്രതിബദ്ധതയും രണ്ടുപേരുടെയും വൈദിക യാത്ര സമൂഹത്തിന് പ്രചോദനം നൽകുന്നു

ദൈവ വിശ്വാസം തികച്ചും വ്യക്തിപരമായതുകൊണ്ടും അതിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളതുകൊണ്ടും സാധാരണ ഗതിയിൽ സോഷ്യൽ മീഡിയയിൽ വിശ്വാസ സംബന്ധിയായ ഒന്നും എഴുതാറില്ല..
ലോകത്തുള്ള എല്ലാ മേഖലയിലും പോരാഴ്മകൾ ഉള്ളതുപോലെ വൈദീകരും സന്യാസിനികളും ആകാൻ പോകുന്നവരിലും ആ പോരാഴ്മകൾ ഉണ്ടാകുമെന്ന ബോധ്യം ഉള്ളതുകൊണ്ട് പലപ്പോഴും അത്തരം പല വാദ – പ്രതിവാദങ്ങളെയും ചെറു ചിരിയോടെ അവഗണിക്കുകയാണ് പതിവ് .
പക്ഷെ ഇന്നലെ മലങ്കര കത്തോലിക്ക സഭയിലെ രണ്ടു പുതിയ അച്ചന്മാരുടെ പട്ടം കൊട (വൈദീകരായി അഭിഷേകം ചെയ്യപ്പെടുന്ന ചടങ്ങ് ) ശുശ്രൂഷക്ക് ശേഷം ആദ്യമായി അർപ്പിച്ച അവരുടെ ബലിയർപ്പണത്തെ
തുടർന്ന് നടത്തിയ അനുമോദന സമ്മേളനത്തിൽ അവർ നടത്തിയ മറുപടി പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. പലപ്പോഴും ഇത്തരം പ്രസംഗങ്ങൾ വലിയ താല്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഒരു നിർണ്ണായക സമയത്ത് അവർ എന്താണ് പറയുക എന്നത് അൽപം ആകാംക്ഷ ഉളവാക്കുന്നതാണ് എന്നതാണ് അതിന്റെ പിന്നിലെ ചേതോവികാരം.
അങ്ങനെ ആദ്യത്തെ കൊച്ചച്ചൻ, ഫാദർ ജോസഫ് വടക്കേടത്ത് അച്ചന്റെ പ്രസംഗം കേട്ടു . പ്രസംഗം കേട്ടപ്പോളാണ് അറിയുന്നത് അദ്ദേഹം എന്റെ നാട്ടുകാരനാണ്. പണ്ട് അദ്ദേഹത്തിന്റെ പള്ളിയിൽ താമസിച്ചുകൊണ്ടാണ് ഞങ്ങളുടെ പള്ളിയിലേക്ക് അച്ചന്മാർ വന്നിരുന്നത്. കടമ്പനാട്ടുകാരനായ പ്രിയപ്പെട്ട ജോൺ അച്ചായന്റെ മകൻ. അച്ചായനും കുടുംബവും ഇപ്പോൾ തിരുവനന്തപുരം പാളയത്ത് സ്ഥിരതാമസമാക്കിയതുകൊണ്ട് പാളയം പള്ളിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പുത്തൻ കുർബാന. തൻ്റെ ഇരുപത്തിയാറാമത്തെ വയസിലാണ് അദ്ദേഹം സെമിനാരിയിൽ ചേരുന്നത്. അതും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് Hindusthan Life Care Limited ൽ നല്ല ജോലിയിലിരിക്കെ. ആ ജോലി കളഞ്ഞിട്ട് പുള്ളി ഒരു ദിവസം നേരെ വീട്ടിലേക്ക് വന്നു. അപ്പനോടും അമ്മയോടും സെമിനാരിയിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു. ഒരു മോനും ഒരു മോളും മാത്രമുള്ള കുടുംബം. മകൾ വിവാഹിതയായി വിദേശത്ത് . വിവാഹം കഴിച്ച്, കുഞ്ഞുങ്ങളും കുടുംബവുമായി, വാർദ്ധ്യക്യ കാലത്ത് തങ്ങളെ നോക്കുമെന്ന് വിചാരിച്ചിരുന്ന മകൻ ഉള്ള ജോലിയും കളഞ്ഞിട്ട് ദേ സെമിനാരിയിൽ ചേരാൻ വന്നിരിക്കുന്നു. ആ അമ്മ മകനോട് ചോദിച്ചതും ആ ചോദ്യം തന്നെയാണ്. “നീ പോയാൽ ഞങ്ങൾക്ക് ആരുണ്ട് ?” പക്ഷെ ആ ചോദ്യങ്ങൾക്ക് ഒന്നും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ കഴിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ മകന്റെ തീരുമാനം അവർ അംഗീകരിച്ചു, അവർ അദ്ദേഹത്തെ സെമിനാരിയിലേക്ക് പറഞ്ഞുവിട്ടു. താമസിച്ച് സെമിനാരിയിൽ ചേരുന്നതിന്റെ എല്ലാ വൈഷമ്യങ്ങളും തരണം ചെയ്തുകൊണ്ട് ഇന്നലെ അദ്ദേഹം വൈദികനായി. ഇത്രയും അടുത്ത നാട്ടുകാരനായിട്ടും അടുപ്പമുണ്ടായിട്ടും മകൻ സെമിനാരിയിൽ ആണെന്ന് ജോൺ അച്ചായൻ പറഞ്ഞിരുന്നില്ല. നാട്ടിൽ പോയ സമയത്തൊന്നും ആരും പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ ആ ഒരു അത്ഭുതം, എനിക്ക് ഏറ്റവും അടുത്ത ഒരു കുടുംബത്തിലെ ഒരു മെക്കാനിക്കൽ എൻജിനീയറിങ്ങുകാരൻ വൈദികനായി എന്നതിന്റെ ഒരു അമ്പരപ്പ് … ഇതുവരെ മാറിയിട്ടുമില്ല .
രണ്ടാമത്തെ പട്ടം , എൻ്റെ വീട്ടിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള ഏനാത്ത് ഇടവകയിൽ നിന്നുമുള്ള സാം മണലുശേരിൽ അച്ചന്റെ ആയിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആ ഇടവകയിലുമുണ്ട് . സാം അച്ചന്റെ കുടുംബത്തിൽ രണ്ടാൺമക്കൾ . മൂത്തയാളാണ് സാം അച്ചൻ . അദ്ദേഹം ഫിലോസഫിക്ക് ആലുവ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഏതു മനുഷ്യനും തകർന്നുപോകുന്ന ഒരു ദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മൂത്ത മകൻ കത്തോലിക്ക സഭയിലെ വൈദീകനാകുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് കരുതിയ ഇളയ മകൻ ഒരു അപകടത്തിൽ ഈ ലോകത്ത് നിന്നും യാത്രയാകുന്നു. അപകട വാർത്ത അറിഞ്ഞ് സെമിനാരിയിൽനിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് അനിയൻറെ മരണവർത്ത അദ്ദേഹം തൻ്റെ ഫോണിൽ സോഷ്യൽ മീഡിയ വഴി അറിയുന്നത്. … വീട്ടിൽ എത്തി…അനിയന്റെ അടക്കവും മറ്റും കഴിഞ്ഞു. ഇനിയെന്ത് ? കൂടുതൽ ആളുകളും ചിന്തിച്ചതും ആഗ്രഹിച്ചതും അദ്ദേഹം സെമിനാരിയിൽ നിന്നും തിരികെ പോരുമെന്നാണ്. അങ്ങനെ പോന്നിരുന്നെങ്കിൽ അദ്ദേഹത്തെ ആരും കുറ്റം പറയുകയുമില്ലായിരുന്നു. എന്തെങ്കിലും ഒരു കാരണം നോക്കി സെമിനാരിയിൽ നിന്നും ചാടാനായി കാത്തിരിക്കുകയായിരുന്നെങ്കിൽ ഇതിനേക്കാൾ വലിയ ഒരു കാരണം പറയാനുമില്ല. പക്ഷെ ഉറക്കമില്ലാത്ത രാത്രികൾക്കും പ്രാർത്ഥനകൾക്കും ചിന്തകൾക്കും ഒടുവിൽ അദ്ദേഹവും വൈദികനായി. ആദ്യം സൂചിപ്പിച്ച ജോസഫ് അച്ചൻ ഉൾപ്പടെ പലരും മറുപടി പ്രസംഗത്തിനിടയിൽ കണ്ണുനീർ തൂകിയെങ്കിലും സാം അച്ചൻ ഇത്രയും വികാരഭരിതമായ സാഹചര്യത്തിലും ഒരു തുള്ളി കണ്ണുനീർ തൂകാതെ തന്റെ മറുപടി പ്രസംഗം പൂർത്തീകരിച്ചു.
ഞാൻ ഉൾപ്പടെ പലർക്കും വളർന്നു വരുമ്പോൾ വിശ്വാസ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. പക്ഷെ ചില ബോധ്യങ്ങൾ അത് നമ്മളെ വല്ലാതെ വരിഞ്ഞുമുറുക്കും. അത് നമ്മളെ നമ്മൾ ചിന്തിക്കുന്നതിനും പ്ലാൻ ചെയ്യുന്നതിനും അപ്പുറത്തേക്ക് നമ്മളെ കൊണ്ടെത്തിക്കും. അത് ഒരുപക്ഷെ കൂടെയുള്ള ആർക്കും മനസിലാകണമെന്നില്ല. ആരെയും പറഞ്ഞു മനസിലാക്കിക്കാനും പറ്റില്ല. പക്ഷെ ആ ബോധ്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങാതെ പറ്റില്ല എന്നതാണ് യാഥാർഥ്യം.
പട്ടം കിട്ടിയാൽ കൊച്ചച്ചന്മാരെ ആദരിക്കുന്നതും ആശംസിക്കുന്നതും അവരുടെ കൈകൾ മുത്തിയാണ്. പ്രിയപ്പെട്ട കൊച്ചച്ചന്മാരെ, വിദൂരത്താണെങ്കിലും നിങ്ങളുടെ കൈകൾ മുത്തുന്നു. ഇപ്പോൾ വിശുദ്ധമായ നിങ്ങളുടെ കരങ്ങൾ ജീവിതകാലം മുഴുവൻ അങ്ങനെതന്നെ ആയിരിക്കട്ടെ…
ഈ രണ്ട് വൈദീകരുടെ പേരെടുത്ത് എഴുതി എന്നേയുള്ളു. പരിചയവലയത്തിലെ ഒരു ഡസനിലധികം വൈദീകർ ഒറ്റ പുത്രന്മാരാണ്. എന്തുകൊണ്ട്… എങ്ങനെ.. എന്നൊന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടി ഇല്ല. പലപ്പോഴും വേറെ ഗതിയൊന്നും ഇല്ലാത്തത് കൊണ്ടാണ് വൈദീകനാകാൻ പോകുന്നത് എന്നൊരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്.. അങ്ങനെ അല്ലെന്നും ജീവിതത്തിൽ മറ്റു സാഹചര്യങ്ങൾ ഒരു പാട് ഉണ്ടായിട്ടും അതൊക്കെ വേണ്ടെന്ന് വെച്ചാണ് പലരും ഈ വഴി തിരഞ്ഞെടുക്കുന്നത് എന്നും ഓർമ്മിപ്പിക്കാൻ വേണ്ടി ഇതൊക്കെ എഴുതി എന്ന് മാത്രം.
കൊച്ചച്ചന്മാർക്ക് എന്ത് ആശംസയാണ് നേരുക എന്ന് ചോദിച്ചാൽ കൊച്ചച്ചന്മാർക്ക് മാത്രമല്ല വല്യച്ചന്മാർക്കും മെത്രാന്മാർക്കും എല്ലാമായിട്ട് ഒറ്റ ആശംസയേ നമ്മുടെ പക്കലുള്ളൂ. അത് “സമയം ഉണ്ടാകട്ടെ .. ” എന്ന് മാത്രമാണ്.
പണ്ട് നമ്മുടെ ഒരു വൈദികന് മൂന്നും നാലും പള്ളികൾ ഉണ്ടായിരുന്നു. യാത്ര സൗകര്യങ്ങളും ആശയവിനിമയ സംവിധാനങ്ങളും കുറവായിരുന്നു. ഭക്ഷണവും പാർപ്പിടവും പോലും പരിമിതമായിരുന്നു. എങ്കിലും ആ നാല് പള്ളികളിലും അവിടുത്തെ വിശ്വാസികൾക്ക് അദ്ദേഹം സമീപസ്ഥനായിരുന്നു. അവരുടെ വേദനകളിൽ , അവരുടെ പ്രശ്നങ്ങളിൽ ഒക്കെ അദ്ദേഹമായിരുന്നു അവർക്ക് ആശ്വാസം. അദ്ദേഹത്തിന് ‘സമയം’ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ വൈദീകരിൽ പലർക്കും ഒന്നോ രണ്ടോ പള്ളിയേ ഉള്ളൂ. പണ്ടത്തേതിനേക്കാൾ ആധുനികമായ യാത്ര സൗകര്യങ്ങളും ആശയ വിനിമയോപാധികളും വർദ്ധിച്ചു . പള്ളികളുടെ എണ്ണം കുറയുകയും ആധുനിക സൗകര്യങ്ങൾ വർധിക്കുകയും ചെയ്തിട്ടും ‘സമയമില്ല, തിരക്കാണ് ..’!!!
നിങ്ങളുടെ ത്യാഗത്തിന് അർത്ഥം ഉണ്ടാകണമെങ്കിൽ, ലോകത്ത് മറ്റെന്തൊക്കെ ഉത്തരവാദിത്വങ്ങളും തിരക്കും ഉണ്ടായാലും നിങ്ങൾ എന്തിന് വേണ്ടി, ആർക്ക് വേണ്ടി ഇറങ്ങിതിരിച്ചോ ആ ദൈവജനത്തിന് കൊടുക്കാൻ നിങ്ങൾക്ക് ‘സമയം ഉണ്ടാകട്ടെ…