April 19, 2025
Jesus Youth Kairos Media News

മകളും ഓർമ്മകളും

  • January 31, 2025
  • 1 min read
മകളും ഓർമ്മകളും

സുഹൃത്തിൻറെ അമ്മയ്ക്ക് ഓർമ്മക്കുറവ്. ഈയിടെ അയ്യായിരം രൂപ കയ്യിൽ നിന്ന് റോഡിൽ നഷ്ടപ്പെട്ടു. നല്ല മഴയുള്ള ദിവസങ്ങളായിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും കൈയിൽനിന്ന് പണവും കാർഡുമൊക്കെ നഷ്ടപ്പെട്ടു എന്നുപോലും അമ്മ അറിയുന്നില്ല. അങ്ങനെയൊരു കാര്യമേ ഓർമ്മയില്ല. നോക്കണേ, ഈ ഓർമ്മക്കുറവിൻ്റെ ഓരോ കാര്യങ്ങൾ. എന്തൊക്കെ ഓർമ്മകളാണ് മറവിയിൽ നമുക്ക് നഷ്ടമാവുന്നത്. ഇപ്പറഞ്ഞതൊക്കെ ഒരു വിധത്തിൽ നമുക്ക് സഹിക്കാം. പക്ഷേ ഓർമ്മക്കുറവിന്റെ യഥാർത്ഥ അവസ്ഥകൾ എത്രയോ ഭയാനകമാണ്.

അമ്മയുടെ മകൾക്ക് അടുത്തുതന്നെയുള്ള ഒരാളുടെ ഫോൺ കോൾ. “അമ്മയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടതാകും, കാർഡും നനഞ്ഞ കുതിർന്ന നോട്ടുകളും കിട്ടിയിട്ടുണ്ട്. കാർഡ് കണ്ടാണ് ഇതാരുടേതാണെന്ന് തിരിച്ചറിഞ്ഞത്.
ഒന്നു വീടുവരെ വരികയാണെങ്കിൽ കൊണ്ടുപോകാം.” മകൾ വീട്ടിലേക്ക് ചെന്നു. അകത്ത് കയറിയപ്പോൾ കണ്ടത് അഞ്ഞൂറിൻ്റെ പത്ത് നോട്ടുകൾ മേശപ്പുറത്ത് നിരത്തി ഇസ്തിരിയിട്ട് ഉണക്കി എടുക്കുന്നതാണ്. കാർഡും പണവും അവർ തിരികെയേൽപ്പിച്ചു. മകൾ അവിടം വിട്ടിറങ്ങുമ്പോൾ നനഞ്ഞീറനണിഞ്ഞ സത്യസന്ധതയുടെ മുഖം മകളെ നോക്കി പുഞ്ചരിച്ചിട്ടുണ്ടാവണം.

തേച്ചുണക്കിയെടുത്ത നല്ല വടിവൊത്ത അഞ്ഞൂറിന്റെ
പത്ത് നോട്ടുകൾക്കൊപ്പം കാർഡുമായി തിരികെ വീട്ടിലെത്തി നടന്നതൊക്കെ പറഞ്ഞ് അമ്മയെ ഏൽപ്പിച്ചു. മകൾ പറഞ്ഞതൊക്കെ അമ്മ വിശ്വസിച്ചു കാണുമോ? അമ്മയ്ക്കു മുമ്പിൽ മങ്ങിയകലുന്നുണ്ടോ മകളും ഓർമ്മകളും.

സാജൻ സിഎ

About Author

കെയ്‌റോസ് ലേഖകൻ