April 19, 2025
Church Jesus Youth Kairos Media News

പേരിൽ എന്ത് കാര്യം?

  • January 24, 2025
  • 1 min read
പേരിൽ എന്ത് കാര്യം?

എന്റെ രണ്ടാമത്തെ മോൾ ഗ്രീഷ്മ കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു, ” അച്ചാച്ചാ എന്റെ പേര് ഇപ്പോൾ കേരളത്തിലാകെ ഒരു ‘Notorious’ ആണല്ലോ? ” “Interesting – അതെന്താ നീ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു. “അല്ലച്ചാച്ചാ കേരളത്തിലെ ചാനലുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ മുഴുവൻ ഗ്രീഷ്മയെ കുറിച്ചാണല്ലോ? അവളുടെ നുണക്കുഴിയുള്ള കവിളിൽ കുസൃതി വിടരുന്നത് ആസ്വദിച്ചുകൊണ്ട് സ്നേഹപൂർവ്വം ഞാൻ അവളെ തിരുത്തി. “നമ്മൾ അറിയപ്പെടേണ്ടത് നമ്മിൽ അന്തർലീനമായിരിക്കുന്ന സൽസ്വഭാവം കൊണ്ടായിരിക്കണം. നിർഭാഗ്യവശാൽ ഒരു ഗ്രീഷ്മ കൊലപാതകിയായി മാറിയെങ്കിൽ കേരളത്തിലെ എല്ലാ ഗ്രീഷ്മമാരും അങ്ങനെയാകുമോ? നിന്നിലുള്ള നന്മകളാണ് നാളെ നിന്നെ വ്യത്യസ്തയാക്കേണ്ടത്. ശത്രുക്കളോട് പോലും സഹാനുഭൂതിയുള്ള ഒരു മനസ്സിന് ഉടമയാകുക എന്നതാണ് പരമപ്രധാനം. ജീവിതയാഥാർത്ഥ്യങ്ങളിൽ അനുവർത്തിക്കേണ്ട മാനുഷിക മൂല്യങ്ങളെ കുറിച്ച് ഞാൻ അവളോട് പറഞ്ഞുകൊടുത്തപ്പോൾ അവൾക്കതൊരു പുതിയ ഉൾക്കാഴ്ചയായി.

എന്റെ വിദ്യാലയ കാലഘട്ടത്തിലെ മനോഹരമായ പല എപ്പിസോഡുകളും ഇന്നത്തെ തലമുറയോട് ഞാൻ പങ്കുവെക്കാറുണ്ട്. സുഹൃദ്ബന്ധങ്ങളും, കൗമാര കാലഘട്ടത്തിലെ വികൃതികളും സ്വപ്നം കാണലും ദൈവാനുഭവങ്ങളുമൊക്ക പങ്കുവെക്കുമ്പോൾ ഇന്നത്തെ കുട്ടികൾക്കുമതൊരു പ്രചോദനമാണ്. വിശ്വാസ പരിശീലന ക്ലാസുകളിൽ ക്രിയാത്മകവും ചലനാത്മകവുമായ ജീവിതാനുഭവങ്ങൾ ചേർത്തുവെച്ചാണ് ഞാൻ പഠിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഉള്ളത് തുറന്നുപറയാനും, ആഗ്രഹങ്ങൾ പ്രകടിപ്പിക്കുവാനും, തെറ്റുകൾ തിരുത്താനും കുട്ടികൾ തയ്യാറാണ്. നന്മകളെ ചേർത്ത് നിർത്തുവാനും, തിന്മകളെ മൂല്യബോധത്തോടെ ചെറുത്തു തോൽപ്പിക്കുന്നതുമായ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ക്രിയാത്മക ശൈലിയാണ് ഈ തലമുറ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതും.

വായനയുടെ പ്രാധാന്യം ഒരു ദിവസം ഞാൻ ക്ലാസ്സിൽ പറഞ്ഞു. ഇന്റർനെറ്റിൽ വീഡിയോ കാണുന്നതോ, ഗെയിം കളിക്കുന്നതോ, e-reading നടത്തുന്നതോ അല്ല ഞാൻ പറഞ്ഞ വായന. നല്ലൊരു പുസ്തകം വായിക്കുമ്പോൾ, മനസ്സും പഞ്ചേന്ദ്രിയങ്ങളും, അതിലൂടെ സഞ്ചരിക്കും. കുട്ടികളിലെ അറിവും, ഏകാഗ്രതയും, ചിന്തകളിലുള്ള ദൃശ്യവൽക്കരണ സിദ്ധിയും വായനയിലൂടെ ലഭിക്കുമെന്ന് ഞാൻ കുട്ടികളോട് പറഞ്ഞു. എല്ലാ ദിവസവും ധ്യാനാത്മകമായി (Meditation) ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യവും മറ്റൊരവവസരത്തിൽ പാഠ്യേതര വിഷയമായി പ്രതിപാദിച്ചു. അഞ്ചോ ആറോ കുട്ടികൾ പിന്നീട് തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ തുടങ്ങിയെന്നും, ഇതൊരു നല്ല അനുഭവമാണെന്നും, അല്പം കൂടി പക്വതയിലേക്ക് പ്രവേശിക്കാൻ കഴിയുന്നുവെന്നും എന്നോട് പറഞ്ഞു. കുട്ടികൾ അവരുടെ ജീവിതാവസ്ഥയിലേക്ക് ക്രിസ്തുവിനെ ചേർത്തുപിടിച്ചാൽ താനേ അവരിൽ ഒരു രൂപാന്തരീകരണം സംഭവിക്കും.

കുറ്റവാസനകളുടെ ലാഞ്ചന മനസ്സിൽ മൊട്ടിടുമ്പോൾ തന്നെ, വരാൻപോകുന്ന തിന്മയുടെ വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ പ്രചോദനമേകുന്ന ശിക്ഷണമാണ് നാം കുട്ടികൾക്ക് നൽകേണ്ടത്. അവരുടെ സുഹൃത്തുക്കൾ, വ്യക്തി ബന്ധങ്ങളുടെ ആഴവും ശൈലിയും, സംസാരരീതികൾ ഇങ്ങനെ ഏതെല്ലാം മേഖലകളിലൂടെ തിന്മയുടെ സ്വാധീനം കടന്നു ചെല്ലുവാൻ സാധ്യതകളുണ്ടോ അതിനൊരു ബോധവൽക്കരണം അത്യാവശ്യമാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന പരമ്പരാഗത ശിക്ഷണരീതികളെ മാറ്റി സ്നേഹത്തോടെ തിരുത്തുന്നതാണ് സ്വീകാര്യവും ഫലദായകവുമാകുന്നത്. പള്ളിയിലും, പാർക്കിലും തീയറ്ററിലും എന്നുവേണ്ട സകല സ്ഥലങ്ങളിലും ഇന്നു മാതാപിതാക്കളിൽ കണ്ടെത്തിയിരിക്കുന്ന പ്രവണതയാണ് മൊബൈൽ ഫോണോ, ടാബ്ലറ്റോ കുട്ടികളുടെ കൈവശം നൽകി അവർക്ക് അവരുടേതായ ഒരു ലോകം സൃഷ്ടിക്കുവാൻ അവസരം നൽകുന്നത്. ഇത് തിരുത്തപ്പെടേണ്ട അക്ഷന്തവ്യമായ കുറ്റകൃത്യമാണ്.

സഹാനുഭൂതിയുള്ള മനസ്, കരുണയോടെയുള്ള കരുതൽ, വീഴ്ചകളിൽ ചേർത്തു നിർത്തുന്ന ആർദ്രത, എളിമയും സൗമ്യവുമാർന്ന സംസാരം, സനാതന മൂല്യങ്ങൾ നിറഞ്ഞ ജീവിതശൈലി ഇതൊക്കെയല്ലേ എന്നെ വ്യത്യസ്തനാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ? നമുക്ക് ലഭിക്കുന്ന അംഗീകാരങ്ങളേക്കാൾ എത്രയോ മഹത്തരമാണ് സ്വർണ്ണം അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്നതുപോലെ പ്രതിസന്ധികളിൽ പ്രശോഭിക്കുന്ന വ്യക്തിത്വം!

ചിലതെല്ലാം ജീവിതത്തിൽ സംഭവിക്കുന്നത് യാദൃശ്ചികമാണെന്ന് തോന്നുമെങ്കിലും അതിലൂടെ നമുക്ക് ലഭിക്കുന്ന ഗുണഫലങ്ങൾ യാഥാർത്ഥ്യത്തിന്റെ പൊരുൾ നിറഞ്ഞതായിരിക്കും. വ്യത്യസ്തമായ അനുഭവങ്ങളുടെ കലവറയാണല്ലോ നമ്മുടെ ഈ ജീവിതം.

ജിബി ജോർജ് | ഷാർജ | 24 ജനുവരി 2025

About Author

കെയ്‌റോസ് ലേഖകൻ