January 22, 2025
Church Jesus Youth Kairos Media News Youth & Teens

വാഴ്ത്തപ്പെട്ട പദവിയിലേക്ക് സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികൾക്ക് തുടക്കം.

  • January 15, 2025
  • 1 min read
വാഴ്ത്തപ്പെട്ട പദവിയിലേക്ക് സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികൾക്ക് തുടക്കം.

മാഡ്രിഡ്: സിനിമ മേഖല ഉപേക്ഷിച്ച് കത്തോലിക്ക സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണമടഞ്ഞ സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മുന്നോട്ട്. എട്ട് വർഷം മുന്‍പ് തെക്കേ അമേരിക്കയിൽ വന്‍നാശം വിതച്ച ഭൂകമ്പത്തിലാണ് സിസ്റ്റര്‍ ക്ലെയർ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. സിസ്റ്റർ ക്ലെയറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാതല നടപടികള്‍ക്ക് ഞായറാഴ്ച മാഡ്രിഡിലെ അൽകാല ഡി ഹെനാറസ് കത്തീഡ്രലിലാണ് തുടക്കമായിരിക്കുന്നത്. വിശുദ്ധ പദവിയിലേക്കുള്ള ആദ്യ കടമ്പയാണ് ഇത്.
1982 നവംബർ 14 നു വടക്കൻ അയർലണ്ടിലെ ഡെറിയിലാണ് ക്ലെയർ ക്രോക്കറ്റ് ജനിച്ചത്. ചെറുപ്പത്തിൽ അഭിനയിക്കാനും സുഹൃത്തുക്കളോടൊപ്പം കഴിയാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. സെക്കൻഡറി സ്കൂളിൽ അവൾ സാഹിത്യത്തിലും നാടകത്തിലും കൂടുതൽ താത്പര്യം പ്രകടിപ്പിച്ചു. പതിനാലാം വയസ്സില്‍ അവള്‍ ഒരു അഭിനയ ഏജൻസിയിൽ ചേർന്നു. 15-ാം വയസ്സിൽ അവൾക്ക് ആദ്യത്തെ ജോലി ലഭിച്ചു. ചാനൽ 4-ൻ്റെ ടിവി അവതാരികയായും നടിയായും എഴുത്തുകാരിയായും സംവിധായികയായും അവൾ ജോലി ചെയ്തു. വളരെ ചെറുപ്പം മുതലേ ഒരു അഭിനേത്രിയാകാൻ അവൾ ആഗ്രഹിച്ചിരിന്നു. 2002-ൽ പുറത്തിറങ്ങിയ സൺഡേ എന്ന സിനിമയിലാണ് അവള്‍ ആദ്യം അഭിനയിച്ചത്.
2000-ലെ വിശുദ്ധ വാരത്തിലാണ് സിസ്റ്റർ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. സെര്‍വന്‍റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹം സ്‌പെയിനിലേക്ക് സംഘടിപ്പിച്ച ഒരു സൗജന്യ യാത്രയില്‍ പങ്കെടുത്തതു വഴിത്തിരിവായി മാറുകയായിരിന്നു. 10 ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഇടയായി. ധ്യാനത്തിനിടെയുള്ള ദുഃഖവെള്ളിയാഴ്ച, വിശ്വാസികൾ കുരിശിൽ യേശുവിന്റെ പാദങ്ങൾ ചുംബിക്കുന്നത് കണ്ടതു അവളെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചയായിരിന്നു. ഊഴം വന്നപ്പോൾ അവളും കുരിശുരൂപം ചുംബിച്ചു.
ഏതാനും സെക്കന്റുകൾ മാത്രമുള്ള ആ ചുംബനമാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ക്രോക്കറ്റ് തന്നെ പറയുന്നു. ആ സമയത്ത് എനിക്കുവേണ്ടി കർത്താവ് കുരിശിലാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് മനസില്‍ അനുഭവപ്പെട്ടതായി ക്ലെയർ വെളിപ്പെടുത്തിയിരിന്നു. പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടല്‍ അവളുടെ ജീവിതം മുഴുവന്‍ പടരുകയായിരിന്നു. അനുഭവിച്ചറിഞ്ഞ ഈശോയേ ജീവിതത്തിന്റെ കേന്ദ്രമാക്കുവാന്‍ അവള്‍ തീരുമാനമെടുത്തു. 2001-ൽ പതിനെട്ടാംവയസ്സിൽ സെർവൻ്റ് സിസ്റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ സന്യാസ സമൂഹത്തില്‍ അവള്‍ പ്രവേശിച്ചു.
2006-ൽ തന്റെ പ്രഥമവ്രത വാഗ്ദാനവും 2010-ൽ തന്റെ നിത്യ വ്രത വാഗ്ദാനവും അവള്‍ എടുത്തു. സ്വജീവിതം ഈശോയ്ക്കു വേണ്ടി സമര്‍പ്പിച്ച നാളുകള്‍. സ്പെയിൻ, ഫ്ലോറിഡ, ഇക്വഡോർ എന്നിവിടങ്ങളിലെ വിവിധ കമ്മ്യൂണിറ്റികളിൽ സേവനമനുഷ്ഠിച്ചു. അനുഭവിച്ച ഈശോയേ അനേകര്‍ക്ക് പകര്‍ന്നു നല്‍കി. അനേകരെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. 2016 ഏപ്രിൽ 16ന്, ഇക്വഡോർ ഭൂകമ്പത്തിൽ അവൾ താമസിച്ചിരുന്ന ഭവനം തകർന്നു. മണിക്കൂറുകൾക്ക് ശേഷം സിസ്റ്ററെ അവശിഷ്ടങ്ങൾക്കടിയിൽ നിർജീവമായി കണ്ടെത്തി. സിസ്റ്ററുടെ മരണശേഷം, ജീവിതകഥ ഏറെ ശ്രദ്ധനേടി. “സ്ത്രീത്വത്തിൻ്റെ പ്രചോദനാത്മക ഉദാഹരണം” എന്ന വിശേഷണത്തിന് സിസ്റ്റര്‍ അര്‍ഹയായി. ”ഓൾ ഓർ നതിംഗ്” എന്ന സിനിമ സിസ്റ്റര്‍ ക്രോക്കറ്റിന്റെ ജീവിതത്തെ കേന്ദ്രമാക്കിയായിരിന്നു.

About Author

കെയ്‌റോസ് ലേഖകൻ