സഭ്യ നൃത്തവും അസഭ്യ നൃത്തവും യൂത്തന്മാരെ വെറുക്കുന്ന മൂത്തന്മാരും
മതഭ്രാന്തിന്റെ അതിർവരമ്പുകളെപ്പറ്റി ….
ഡൊമിനിക് സാവിയോ ഫുട്ബോൾ കളിക്കുകയായിരുന്നു. അദ്ദേഹത്തോട് അപ്പോഴാണ് ആ ചോദ്യം ഉയർന്നത്. ഇപ്പോൾ ലോകം അവസാനിക്കാൻ തുടങ്ങിയാൽ താങ്കൾ എന്തുചെയ്യും. “ഞാൻ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കും ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കളിക്കുമ്പോൾ കളിക്കുക, കഴിക്കുമ്പോൾ കഴിക്കുക, പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥിക്കുക (play while you play , eat while you eat , pray while you pray ) ഇതൊക്കെ ആത്മീയതയുടെ ആഴമുള്ള തലമാണ് എന്നതാണ് കത്തോലിക്കാ യുവജന പരിശീലനത്തിന്റെ മനോഹര മുഖം.
ഈ അടുത്ത കാലത്തു ക്രിസ്ത്മസ് നൃത്തമാടി കേരളത്തെ ആനന്ദലഹരിയിലാഴ്ത്തിയ തൃശൂരത്തെ യൂത്തന്മാരെ വിമർശിക്കുന്ന കുറിപ്പുകൾ അങ്ങിങ്ങായി കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്. മനോഹരമായ ക്രിസ്ത്മസ് ഗാനത്തോടൊപ്പം ആണെങ്കിൽ പോലും ഇടത്തേക്കാൽ പൊക്കുമ്പോൾ ആമേൻ, വലത്തേക്കാൽ പൊക്കുമ്പോൾ ഓശാന എന്നൊക്കെ പറയാത്ത വിഷമം ആയിരിക്കാം വിമർശനത്തിന് പിന്നിൽ. ആയിരക്കണക്കിന് നിഷ്കളങ്കരായ യുവാക്കൾ ഒറ്റ നിമിഷം കൊണ്ട് വിധിക്കപ്പെടുന്നത് കാണുമ്പോൾ എഴുതാതിരിക്കാൻ ആകുന്നില്ല
എന്തുകൊണ്ടോ യുവാക്കൾ അങ്ങനെയാണ്. അവർക്കു നൃത്തം ഇഷ്ടമാണ്. പാട്ടും. ഈശോ വരെ അവരുടെ ആട്ടും പാട്ടും തന്റെ ഉപദേശത്തിന്റെ ഭാഗമാക്കിയത് അവരെ അവൻ അങ്ങനെ സൃഷ്ടിച്ചതുകൊണ്ടാണ്.
എനിക്ക് ആടാനും പാടാനും അറിയില്ല എങ്കിലും അവർ ആടിപ്പാടുമ്പോൾ കൂടെ നിൽക്കാൻ ഇഷ്ടമാണ്. അവർ നമ്മളെക്കാൾ നല്ലവരാണ്. മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്താൽ കേൾക്കാൻ അവർക്കു വലിയ സന്തോഷമാണ്.
ഒരിക്കൽ ആടിക്കൊണ്ടിരിക്കുന്നവരോട് ഞാൻ പറഞ്ഞു …പള്ളിയാണ് .. ആട്ടം sensual ആകാതെ നോക്കണം. എന്താണ് sensual ആയുള്ള ആട്ടം ചേട്ടാ ! .. നിഷ്കളങ്കമായി അവർ ചോദിച്ചു.
ഞാൻ മറുപടി പറഞ്ഞു…വർത്തമാനം പറയുന്നത് നല്ലതാണല്ലോ ..പക്ഷെ എന്താണ് അസഭ്യ വർത്തമാനവും സഭ്യ വർത്തമാനവും തമ്മിലുള്ള വ്യത്യാസം .. അവര് ചിരിച്ചു. ഞാൻ തുടർന്നു. പറയുന്നത് കേൾക്കുമ്പോൾ ഏതു ബിംബങ്ങളാണോ നമ്മുടെ മനസ്സിൽ ഉദിക്കുന്നത് അതിനനുസരിച്ചാണ് വർത്തമാനം സഭ്യമാണോ അസഭ്യമാണോ എന്ന് നമ്മൾ തീരുമാനിക്കുക അല്ലെ ? അതുപോലെ നൃത്തം കൊണ്ടും കാഴ്ചക്കാരുടെ മനസ്സിൽ വ്യത്യസ്ത ബിംബങ്ങൾ ഉദിപ്പിക്കാൻ നമുക്ക് കഴിയും …മനസിലായി അവർ പറഞ്ഞു. അതിനുശേഷം പലപ്പോഴും അവർ തന്നെ തങ്ങളെക്കുറിച്ചു പൊട്ടി ചിരിക്കുന്നത് കാണാൻ പറ്റി.
വളരെ സഭ്യമായതും ശുദ്ധമായതുമായ നൃത്ത ചുവടുകൾ കൊണ്ട് ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് മേളക്കൊഴുപ്പേകിയ ആ കുട്ടികളുടെ ചുവടുകൾ എന്നെ ആനന്ദത്തിൽ ആറാടിച്ചു. മറ്റു പലതും ചെയ്യാവുന്ന സമയത്തു അവർ യേശുവിനുവേണ്ടി ആടാൻ തീരുമാനിച്ചു. അതുകൊണ്ടു അവർ ആ സമയം എന്ത് ചെയ്തു എന്നതിന് മാത്രമാണ് പ്രസക്തി. അതിനു മുൻപോ അതിനു പിന്പോ എന്ത് ചെയ്തു എന്നത് പ്രസക്തമെങ്കിലും ഈ സന്തോഷത്തെ വിലയിരുത്താൻ അത് കൊണ്ട് വരേണ്ട കാര്യം ഇല്ല.
എല്ലാ രൂപതാകൾക്കും മാതൃകയാക്കാവുന്ന കാര്യമാണ് തൃശൂരിൽ സംഭവിച്ചത്. ജപമാല റാലി കണ്ടപ്പോഴും, തലശ്ശേരിയിലെ ദിവ്യകാരുണ്യ പ്രദക്ഷിണം കണ്ടപ്പോഴും ഉള്ള അതെ ആനന്ദത്തോടെ ഈശോ ഈ കുട്ടികളോടൊപ്പം ഉണ്ടായിരുന്നിരിക്കണം. കാരണം അവിടുന്ന് പിന്തിരിപ്പൻ അല്ലല്ലോ !
ഒന്നര പതിറ്റാണ്ടിനു മുൻപ് വെയിൽസിൽ ജീസസ് യൂത്തിന്റെ യൂറോപ്യൻ കോൺഫറൻസിൽ പങ്കെടുക്കുകയാണ്. യൂറോപ്പിൽ പഠിച്ചു വളരുന്ന കൗമാരക്കാരാണ് ഡാൻസും പാട്ടും സ്കിറ്റുമൊക്കെ നടത്തുന്നത്. റെക്സ് ബാൻഡിന്റെ ഭാഗമായ ഒരു ടീം (ജെയ്‌മിയുടെയും ഉമേഷിന്റെയും നേതൃത്വത്തിൽ ) കുട്ടികളെ പരിശീലിപ്പിക്കുകയാണ്. ശുദ്ധമായതെങ്കിലും സിനിമാക്കാർ തോറ്റുപോകുന്ന ഊർജ്വസ്വലതയോടെ കുട്ടികൾ തകർക്കുകയാണ്. പക്ഷെ അവിടെ ഞാൻ കണ്ട ഏറ്റവും മനോഹരമായ ഒരു കാര്യം നൃത്തവും അഭിനയവും പഠിക്കുന്നതിനിടയിൽ ആ കുട്ടികളെല്ലാം പ്രാർത്ഥിക്കാനും യേശുവിന്റേതാണെന്നു പ്രകടിപ്പിക്കാനും ഉത്സാഹം കൂടുന്നവരായി തീരുന്നു എന്നതാണ് . വെറുതെ ആടാൻ വന്നവരൊക്കെ ഞാൻ ഡാൻസ് ചെയ്യാൻ വന്നതാണ് പക്ഷെ ഈശോയെ അറിഞ്ഞു എന്നൊക്കെ പറയാൻ തുടങ്ങി.
കുറച്ചു നാളുകൾക്കു ശേഷം യു കെയിലെ ജീസസ് യൂത് നടത്തിയ ഒരു ഫുട്ബോൾ മത്സരത്തിന്റെയും പരിണിതഫലം നന്മ നിറഞ്ഞതായിരുന്നു.(അതോ ക്രിക്കറ്റോ … ഏതാണെന്നു കൃത്യമായി ഓർക്കുന്നില്ല)
തൃശൂരും ഒരു വൻ ആത്മീയ വിളവെടുപ്പിലേക്കു നീങ്ങുന്നതായാണ് മനസിലാക്കേണ്ടത്. ലോകത്തു എവിടെപ്പോയാലും കരിസ്മാറ്റിക്കിലും ജീസസ് യൂത്തിലും തൃശൂർക്കാരെ മുട്ടാതെ നിക്കാൻ പറ്റില്ല. ആത്മീയ ബോധമുള്ള ഒരു തലമുറ അവിടെയുണ്ട്.
ഇത്തരം ഒരു പരിശീലനം സഭയിൽ ലഭ്യമാണ്. ഇതിന്റെ മർമ്മം അറിയാതെ കുട്ടികളെ രസിപ്പിക്കാൻ മാത്രം അറിയുന്നവരും ഉണ്ട്.
ആത്മാർത്ഥതയോടെ ഈശോയെ സ്നേഹിക്കാൻ വരുന്നവനെ കളിതമാശക്കാരനാക്കി മാറ്റി വിടുന്ന ‘ദുഷ്ടാരൂപി’ ബാധിച്ചവരുമുണ്ട്.
വേറെ ഒരു അപകടം സന്തോഷത്തോടെ നൃത്തം ചെയ്യുന്നവരിൽ പിശാചിനെ കാണുന്നവരാണ്. ചിലർക്ക് അങ്ങനെയാണ്. പെൺകുട്ടികൾ നൃത്തം ചെയ്‌താൽ പ്രശ്നമാണ്. അഫ്‌ഗാനിൽ പെൺകുട്ടികൾ സംസാരിക്കുന്ന സ്വരം കേട്ടാൽ പ്രശ്നമുള്ളവരുണ്ടത്രേ ! അതുകൊണ്ടു സ്ത്രീകൾ പൊതുവിടങ്ങളിൽ സംസാരിക്കാൻ പാടില്ല എന്നാക്കുന്നു പോലും .. ആ മത ഭ്രാന്തിന്റെ മറ്റൊരു രൂപമാണ് ഞാൻ ഇപ്പോൾ പറഞ്ഞത്.
ഇതിന്റെയൊക്കെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു വിവേകം ഉണ്ട്. അത് പ്രവർത്തിച്ചിരുന്ന ഒരു വിശുദ്ധനാണ് ജോൺബോസ്കോ. കേരളത്തിൽ അത് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് റെക്‌സ്ബാൻഡ്. അവരൊക്കെ വയസായി തുടങ്ങി. കേരള സഭയിൽ എല്ലാ കൊച്ചച്ചന്മാരും മതാധ്യാപകരും ഒരു സ്റ്റേഡിയം ബുക്ക് ചെയ്തു റെക്‌സ്ബാൻഡിൽ നിന്ന് പരിശീലനം സ്വീകരിച്ചാലും മുതൽക്കൂട്ടാകുകയേ ഉള്ളൂ. ഒരു വര്ഷം മുൻകൂട്ടി തീരുമാനിച്ച കർമ്മ പദ്ധതി രൂപപ്പെടുത്തിയാൽ, റെക്‌സ്ബാൻഡിന്റെ കീഴിൽ നാളുകൾ നീണ്ടു നിൽക്കുന്ന പരിശീലനം നേടിയ യുവജന പ്രവർത്തകർ എല്ലാ രൂപതകളിലും ഉണ്ടായാൽ ഒരൊറ്റ വര്ഷം കൊണ്ട് കേരള സഭയുടെ ആത്മീയ ചരിത്രം മാറി മാറിയും എന്ന് ഞാൻ എഴുതി തരാം. അവർ പറയുന്നത് അച്ചിട്ട് കേൾക്കണം. വര വരച്ചിട്ടു അവരെ അതിലൂടെ നടത്തരുത്.
റെക്‌സ്ബാൻഡിനെക്കുറിച്ചു മാത്രമാണ് ഞാൻ പറയുന്നത്. മാറിപ്പോകരുത്. കേരള സഭയിലെ പ്രമുഖരെ ശുദ്ധീകരണ സ്ഥലത്തു എണ്ണയിൽ മുക്കാൻ നീ എന്തെങ്കിലും കാരണം കാണുന്നുണ്ടോ എന്ന് കർത്താവെങ്ങാനും എന്നോട് ചോദിച്ചാൽ റെക്‌സ്ബാൻഡിനെ പോലെ യുവജനങ്ങളെ നേടാൻ അറിയാവുന്നവരുടെ വിശേഷ വൈദഗ്ധ്യം അവർക്കു പൂർണ സ്വാതന്ത്ര്യം നൽകി ഉയർന്ന തലത്തിൽ പ്രയോജനപ്പെടുത്താത്തതിന്റെ പേരിൽ ഏറ്റവും തിളച്ച സ്ഥലത്തു കുറച്ചു കാലം ഇട്ടോളൂ എന്ന് ഞാൻ പറഞ്ഞേനെ !
അവർ ജോലി ചെയ്തു ജീവിക്കുന്ന തിരക്കുള്ള മനുഷ്യരാണ്. അതുകൊണ്ടാണ് സ്റ്റേഡിയം ബുക്ക് ചെയ്തു ഒറ്റയടിക്ക് നീങ്ങണം എന്ന് ഞാൻ പറയുന്നത്. എന്നെ അടുത്തറിയുന്നവർക്കറിയാം. ഞാൻ ഇങ്ങനെയൊക്കെ സ്വപ്നം കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നയാളാണ്. കൂടെ പ്രാർത്ഥിക്കുമോ !
ജോസഫ് ദാസൻ