January 22, 2025
Church Editorial Jesus Youth Kairos Media News

ജീസസ് യൂത്ത് – ദൈവവിളിയുടെ വിളഭൂമി

  • December 30, 2024
  • 1 min read
ജീസസ് യൂത്ത് – ദൈവവിളിയുടെ വിളഭൂമി

ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,

നമ്മുടെ രക്ഷകനായ ഈശോയുടെ ജനനത്തിരുനാളിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏവർക്കും ക്രിസ്തുമസിൻ്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.ഈ ദിവസങ്ങളിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ക്രിസ്തുമസിനു ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിൽ പൗരോഹിത്യ സ്വീകരണത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ മൂന്ന് ഡിക്കന്മാരിൽ നിന്നും തിരുപ്പട്ട സ്വീകരണത്തിൻ്റെ ക്ഷണം എനിക്ക് ലഭിച്ചിരുന്നു.

ഡീക്കൻ ജസ്റ്റിൻ കോഴിക്കോട് NIT യിലെ തൻ്റെ ബി.ടെക് പഠനകാലത്ത് ജീസസ് യൂത്ത് മുന്നേറ്റത്തിൽ വളരെ സജീവമായിരുന്നു.തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം പഠനശേഷം വിൻസെൻഷ്യൻ സഭയിൽ ചേരുകയും ഈ വരുന്ന ജനുവരിയിൽ തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുന്നു.അതുപോലെതന്നെ കട്ടപ്പനക്കാരനായ ഡീക്കൻ ജോസഫ്, കോതമംഗലം എം. എ കോളേജിൽ എൻജിനീയറിങ് പഠനകാലത്ത് വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ജീസസ് യൂത്ത് ആണ്. പഠനത്തിനുശേഷം ഫുൾടൈമർ ആയി ഒരു വർഷത്തെ മിഷൻ ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം പിന്നീട് CMI സഭയിൽ ചേർന്ന് വൈദികപരിശീലനം നേടുകയും ഈ ഡിസംബറിൽ തിരുപ്പട്ടം സ്വീകരിക്കാനായി ഒരുങ്ങുകയും ചെയ്യുന്നു.തൃശ്ശൂർ അതിരൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കൻ തേജസ് മംഗലാപുരത്തെ തന്റെ പഠന കാലഘട്ടത്തിൽ മുന്നേറ്റത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

ഇപ്രകാരം ജീസസ് യൂത്ത് മുന്നേറ്റത്തിൽ വളരെ സജീവമായിരുന്ന,മുന്നേറ്റത്തിലൂടെ തങ്ങളുടെ വിളി തിരിച്ചറിഞ്ഞതിനുശേഷം ഇപ്പോൾ വൈദിക പരിശീലനം പൂർത്തിയാക്കി വിവിധ രൂപതകൾക്കും സഭകൾക്കും വേണ്ടി തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഡീക്കൻ ജാക്സൺ, ഡീക്കൻ സുമേഷ് , ഡീക്കൻ ജുബിൻ എന്നീ ഡീക്കന്മാരുടെ കാര്യവും അവർ പങ്കുവെച്ചു.എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഡീക്കന്മാരുടെ കാര്യം മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. ഇങ്ങനെ ഒരു ലിസ്റ്റ് ഇവരിൽ മാത്രമായി ഒതുങ്ങുന്നതല്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇപ്പോഴും നിരവധി ജീസസ് യൂത്ത് ,തങ്ങളുടെ ദൈവവിളി തിരിച്ചറിഞ്ഞ് പൗരോഹിത്യജീവിതം തിരഞ്ഞെടുത്ത്, വൈദിക പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാര്യമാണ്.ഇവരെയെല്ലാം വളരെ പ്രത്യേകമായി നമ്മുടെ പ്രാർത്ഥനകളിൽ ഓർമ്മിക്കാം.ജീസസ് യൂത്ത് മുന്നേറ്റം ഇനിയും ദൈവവിളികൾ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ജീവിക്കാനും സഭയെ പടുത്തുയർത്താനും കഴിയുന്ന വിളഭൂമിയായി തുടരട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും ഒരിക്കൽ കൂടി ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട്,

മിഥുൻ പോൾ

About Author

കെയ്‌റോസ് ലേഖകൻ