January 23, 2025
Church Jesus Youth Kairos Media News

Christmas Sparks Day 21 നഗരത്തിൻ്റെ പുൽക്കൂട്

  • December 21, 2024
  • 1 min read
Christmas Sparks Day 21                                    നഗരത്തിൻ്റെ പുൽക്കൂട്

തിരക്കേറിയ കൊച്ചി നഗരത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് കാറിൽ യാത്ര ചെയ്യവേ കലൂർ ഭാഗത്ത് മെട്രോ സ്റ്റേഷന് സമീപമായി കുറെയാളുകൾ മെട്രോ പില്ലറിൻ്റെ താഴെ ശാന്തമായി ഉറങ്ങുന്നത് എൻ്റെ ശ്രദ്ധയിൽപെട്ടു. ഞാൻ പാതി അതിശയത്തോടും ആശങ്കയോടും കൂടി ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കി. ശാന്തമായി ഉറങ്ങുന്നവർ… അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന പിഞ്ചു കുഞ്ഞ്… അൽപ്പം അകലെയായി അപ്പനെന്നു തോന്നുന്ന വ്യക്തിയും നല്ല ഉറക്കത്തിൽ… ഡിസംബറിൻ്റെ തണുപ്പോ, തുടരെ ഹോണടിക്കുന്ന വാഹനങ്ങളോ, അവയുടെ വെളിച്ചമോ, മുകളിലൂടെ കടന്നു പോകുന്ന മെട്രോ ട്രെയിനിൻ്റെ ഇരമ്പലോ, ഒന്നും അവരെ ശല്യപ്പെടുത്താതെ പോകുന്ന പോലെ… ഒരു ദിവസത്തിൻ്റെ അന്ത്യത്തിൽ പകലിൻ്റെ അധ്വാനം കഴിഞ്ഞു വിശ്രമം തേടുകയാണോ? അതോ ഒന്നുമില്ലായ്മയുടെ മഹത്വം മനസിലാക്കി ഉള്ളത് പങ്കുവച്ച് സമാധാനത്തിൽ നിദ്രകൊള്ളുകയാണോ? അതോ ഇന്നത്തെ കാര്യം കഴിഞ്ഞു, ഇനി നാളെ, അതു നാളെ നോക്കാം എന്ന ഭാവമാണോ?..

അറിയില്ല…

തങ്ങളുടെ പക്കൽ ഉള്ളത് ആരെങ്കിലും കവർന്നെടുക്കുമോ.. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ.. സമ്പാദ്യത്തിൻ്റെ സുരക്ഷ ആരു നോക്കും…ഇങ്ങനെയുള്ള ഒരു ആശങ്കയും അവരിൽ കാണാൻ സാധിച്ചില്ല..

എങ്കിലും ഒന്ന് മനസ്സിലായി… പണ്ട് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ലോകരക്ഷകനായ ഈശോ പിറന്നപ്പോൾ യൗസെപ്പിതാവിൻ്റെ മനസാന്നിധ്യം പരിശുദ്ധ കന്യകാമറിയത്തിൻ്റെ മനസ്സിന് എത്ര മാത്രം ശക്തി പകർന്നുവെന്നു ഓർമ്മിക്കാൻ ഈ ഒരു ചിത്രം എന്നെ സഹായിച്ചു. നാം ദൈവത്തിൻ്റെ തണലിലാണ് ജീവിക്കുന്നത്.. ചുറ്റുമുള്ളതൊന്നും എന്നെ ശല്യപ്പെടുത്തില്ല… ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും, സർവ്വ ശക്തനായവൻ്റെ വാക്കുകളിൽ വിശ്വാസം അർപ്പിച്ച് ജീവിക്കുന്നവന് ദൈവം തുണ…

നമ്മുടെ ചുറ്റുമുള്ള അനേകം പുൽക്കൂടുകൾ തിരിച്ചറിയാനും, ജ്ഞാനികളെ പോലെ അവിടം സന്ദർശിക്കാനും, സമ്മാനങ്ങളും കാഴ്ചകളും നൽകുവാനും ഈ ക്രിസ്തുമസ് ദിനങ്ങളിൽ നമുക്ക് സാധിക്കട്ടെ…

ബിലാസ് ജോസഫ്

About Author

കെയ്‌റോസ് ലേഖകൻ