April 19, 2025
Church Jesus Youth Kairos Media News

Christmas Sparks Day 18 പ്രത്യാശയുടെ കാലം

  • December 18, 2024
  • 1 min read
Christmas Sparks Day 18                                                     പ്രത്യാശയുടെ കാലം

ആണ്ടു വട്ടത്തിൽ ഏറ്റവും നല്ല കാലമേതെന്ന് ചോദിച്ചാൽ ഞാൻ പറയുക ക്രിസ്മസ് കാലമാണെന്നാണ് . കാരണം, അത്രയധികം പ്രത്യാശയാണ് അത് പകരുന്നത്. ഡിസംബറിലെ ഓരോ ദിനവും പ്രതീക്ഷയുടെ പൊൻപുലരിയാണ് നമുക്ക് നൽകുന്നത്. രക്ഷകന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പ് ചേതോഹരമായ ഒരു അനുഭവം തന്നെയാണ് നമ്മിലുളവാക്കുന്നത്.മഴക്കാലം കഴിഞ്ഞു, വേനൽ വന്നെത്തിയിട്ടുമില്ല. കുളിരുപകരുന്ന രാവുകൾ, ഉഷ്ണം കുറഞ്ഞ പകലുകൾ ; പ്രകൃതിയിൽ എന്നും പൂക്കൾ വിരിയുന്ന കാലം. പൂവുകളിലെ പൂന്തേൻ നുകരാൻ പൂമ്പാറ്റകൾ പറമ്പ് നിറയെ പറന്നു നടക്കുന്നത് കണ്ണിനു വസന്തമാണ്. കൃഷിയുടെ നാട്ടിലാണ് വളർന്നുവന്നത്. വിളവെടുപ്പിന്റെ കാലമാണ് ഡിസംബർ മാസം . പഴുത്തു നിൽക്കുന്ന കുരുമുളക് തിരികൾ; കടം ചുവപ്പു നിറത്തിൽ ശിഖരങ്ങളുമായി കാപ്പി ചെടികൾ; ചിരട്ട നിറയെ പാലുമായി റബ്ബർ മരങ്ങൾ; പാകമായി നിൽക്കുന്ന കപ്പ, ഇഞ്ചി തുടങ്ങിയ കിഴങ്ങു വർഗങ്ങൾ. ചക്കയും മാങ്ങയും തുടങ്ങി പൂക്കലും വിളവെടുപ്പുമായി കർഷകർക്ക് ഉത്സവമേളമായ സുന്ദരദിനങ്ങൾ ഏറെ പ്രതീക്ഷയുണർത്തുമായിരുന്നു. ഉണ്ണീശോ പുല്ലു തേടി നടക്കലും പുൽക്കൂടൊരുക്കലുംനക്ഷത്രം ഉണ്ടാക്കലും ക്രിസ്തുമസ് അവധിയുടെ ആദ്യദിനങ്ങളിൽ ആരംഭിക്കും.” ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.( ലൂക്കാ 2: 10 -11). നഗരത്തിലെ ദേവാലയത്തിൽ ക്രിസ്മസ് തലേന്ന് ദിവ്യബലിയിൽ പങ്കെടുത്തതിനു ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോൾ പണ്ടെന്നോ കണ്ട ഒരു യുവാവ് എടുത്തു വന്നു. അറിയില്ലേ എന്ന ചോദ്യത്തിനു മുമ്പിൽ അവ്യക്തതയോടെ നിന്നു. ഒരു ജീസസ് യൂത്ത് പ്രോഗ്രാമിൽ വച്ച് നമ്മൾ കണ്ടിട്ടുണ്ടെന്ന വിശദീകരണത്തിൽ തൃപ്തി തോന്നി. അമ്മയ്ക്ക് സുഖമില്ല, ഇവിടെ മെഡിക്കൽ കോളേജിലാണ് , ക്രിസ്തുമസ് ആഘോഷിക്കാൻ ഇളയ നാല് പേരും കൂടി ഇന്ന് വന്നു. പക്ഷേ എങ്ങനെ ആഘോഷിക്കും എന്ന് എനിക്കറിഞ്ഞുകൂടാ. കണ്ണീർ നിറഞ്ഞ യുവാവിന്റെ സംസാരം നെഞ്ചിൽ തീ കോരിയിട്ടു. എല്ലാ നക്ഷത്രങ്ങളും ഒന്നിച്ചു കെട്ടടങ്ങിയതുപോലത്തെ അവസ്ഥ. ഏവർക്കും സുന്ദരമായ പ്രതീക്ഷകൾ പകരുന്ന ക്രിസ്തുമസ് ഈ യുവാവിനെ സംബന്ധിച്ചിടത്തോളം എന്ത് അനുഭവമാണ് നൽകുന്നത്? ഇന്ന് രാത്രിയിൽ ദേവാലയത്തിലെ പുൽക്കൂട്ടിൽ മണിയടി ശബ്ദത്തിന്റെയും കതിനാവെടികളുടെയും അകമ്പടിയോടെ ഉണ്ണി പിറക്കുമ്പോൾ ഈ യുവാവിന്റെയും ഇളയ നാല് കുട്ടികളുടെയും അമ്മയുടെയും മനസ്സിലും ഉണ്ണി പിറക്കേണ്ടതല്ലേ? ഈ ക്രിസ്മസ് അവർക്ക് സന്തോഷകരമായ ഒരു അനുഭവമാക്കി തീർക്കണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്ന നിമിഷത്തിൽ എൻ്റെ ഹൃദയത്തിലും ഉണ്ണി പിറക്കുന്നതായി ഞാൻ മനസ്സിലാക്കി.

സണ്ണി കോക്കാപ്പിള്ളിൽ

About Author

കെയ്‌റോസ് ലേഖകൻ