Christmas Sparks Day 13 രാത്രികളെ സുന്ദരമാക്കുന്ന ക്രിസ്മസ്
രാപ്പേടികളോടെയാണ് നമ്മുടെയൊക്കെ ചെറുബാല്യങ്ങള്‍ ആരംഭിച്ചത്. ഭയം ജനിപ്പിക്കുന്നവയായിരുന്നു, ഓര്‍മയിലെ രാത്രിയുടെ അടയാളങ്ങള്‍. നിഴലുകള്‍ മേയുന്ന ഇരുട്ട്, നിശ്ശബ്ദത, മൂളുന്ന കൂമന്‍, രാത്രിയില്‍ പതുങ്ങിവരുന്ന കള്ളന്റെ ബിംബങ്ങള്‍, പിന്നെ പേടി കൂട്ടാന്‍ പഴമക്കാര്‍ പറഞ്ഞു തരുന്ന യക്ഷിക്കഥകളും.
എന്നാല്‍ ഓര്‍മയില്‍ ഭയമേതുമില്ലാത്ത ഒരൊറ്റ രാത്രി ആനന്ദതാരകം പോലെ, ശാന്തിഗീതകം പോലെ മിന്നുന്നുണ്ട്. വര്‍ണവിളക്കുകളും നക്ഷത്രങ്ങളും തൂക്കി, കരോള്‍ ഗീതങ്ങളുടെ മധുരിമയോടെ ആത്മാവിലേക്കു മൃദുവായ് പെയ്യുന്നൊരു സൗമ്യതേജസ്സില്‍ നീരാടി നില്‍ക്കുന്ന ഒരു രാത്രി. ക്രിസ്മസ്. ശാന്തരാത്രി എന്നാണ് വിശ്വഗീതങ്ങളില്‍ ഈ രാത്രിക്കു പേര്.
കുട്ടികളുടെ (‘മുതിര്‍ന്ന’ കുട്ടികളുടെയും) രാപ്പേടികളെ നീക്കുന്ന രാത്രിയാണ് ക്രിസ്മസ്. മറ്റ് പല ആഘോഷങ്ങളില്‍ നിന്നും വിഭിന്നമായി ക്രിസ്മസ് ആഘോഷങ്ങള്‍ രാത്രിയിലാണ് അരങ്ങേറുന്നത്. കൂമന്‍ മൂളിയിരുന്ന പാതിരാവ് പൊടുന്നനെ കരോള്‍ ഗീതങ്ങളുടേതായി മാറുന്നു. ഇലയനക്കങ്ങളെ പേടിച്ചിരുന്ന രാത്രിയുടെ നിശ്ശബ്ദത വിശുദ്ധമായി മാറുന്നു. പാതിരാവേറിയിട്ടും വിളക്കുകള്‍ കെടാതെ നില്‍ക്കുന്നു. അതു വരെ ഉറക്കം വരാത്തതിനെയോര്‍ത്തു മുറുമുറുക്കുന്നവര്‍ രാവേറും വരെ ആനന്ദത്തോടെ ജാഗരം കാക്കുന്നു…
ഓരോരുത്തരും തന്നിലേക്കു തിരിയുന്ന നേരമാണ് രാത്രികള്‍. സ്വന്തം നിസ്സയാഹതകളിലേക്ക് മിഴിതുറന്ന്, സ്വയം ഇരുളിലാണെന്നു തിരിച്ചറിയുന്ന സമയമാണത്. ഏകാകികളുടെ വിഷാദങ്ങളിലേക്കാണ് ആകാശത്തിലെ നക്ഷത്രം മിന്നുന്നത്. സ്വന്തം ബലക്കുറവുകളെ കുറിച്ചു തനിച്ചിരുന്ന് ഓര്‍മിക്കുന്നവരുടെ പുല്‍ക്കുടിലിലാണ്, സാമീപ്യത്തിന്റെയും സൗഹൃദത്തിന്റെയും കൈ നീട്ടിക്കൊണ്ട് പ്രകാശം പിറക്കുന്നത്.
നശ്വരമായ പ്രകാശങ്ങളെ ത്യജിച്ച് ആകാശത്തിലെ നക്ഷത്രവെളിച്ചത്തെ പിന്‍ചെന്ന ജ്ഞാനികളുടെ രാവായിരുന്നു, ക്രിസ്മസ്. ഈ വെളിച്ചം കാണാന്‍ വേണ്ടി, സ്വന്തം വിളക്കുകളെല്ലാമണഞ്ഞു പോയി, ആകാശമല്ലാതെ മറ്റൊരു ശരണവുമിനി ഇല്ലെന്ന ജ്ഞാനവെളിച്ചം തിളങ്ങുന്ന നിമിഷത്തിലാണ് പ്രകാശത്തിന്റെ അവതാരം ദൃശ്യമാകുന്നത്.
ക്രിസ്മസാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യപൂര്‍ണമായ രാത്രി. ആത്മാവിനുള്ളിലെ രാപ്പേടികളെ നീക്കുന്ന അനശ്വര രാവ്. മാലാഖമാരുടെ സംഗീതവും ഇടയഗീതങ്ങളും അലയടിക്കുന്ന, പ്രത്യാശ പൂക്കുന്ന മോഹനരാവ്…
ഹാപ്പി ക്രിസ്മസ്!
അഭിലാഷ് ഫ്രേസര്‍