Christmas Sparks Day 09 ക്രിസ്മസ് സമ്മാനമാകാം
ആദ്യമായി ഒരു ക്രിസ്മസ് സമ്മാനം കിട്ടിയതെന്നാണ്? ഓർമ്മയില്ല. അങ്ങനെയൊരു സമ്മാനം കിട്ടാവുന്ന വിധമായിരുന്നില്ല അന്നത്തെ നാട്ടിൻപുറത്തെ ക്രിസ്മസ്കാലങ്ങൾ; എനിക്കെന്നല്ല ഒട്ടുമിക്കവർക്കും. മാലിപ്പാറ ഇടവകയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ചെറുപുഷ്പമിഷൻലീഗിലെ നേതൃത്വത്തിൽ എത്തുന്നത് സ്കൂൾപഠനം കഴിഞ്ഞാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ചുമതല മിഷൻലീഗിനായിരുന്നു. ക്രിസ്മസ് കരോൾ, ക്രിബ് നിർമ്മാണം തുടങ്ങിയെല്ലാറ്റിനും മിഷൻലീഗിലെ കുട്ടികളും യുവജനങ്ങളും മുന്നിട്ടിറങ്ങി. ആ നാളുകളിലാണ് ക്രിസ്മസ് രാത്രിയിലെ പതിരാക്കുർബാനയ്ക്കുശേഷം പള്ളിമുറ്റത്തെ മാവിൽ നക്ഷത്രവിളക്കുകൾ തൂക്കിയും തോരണങ്ങൾ ചാർത്തിയും ക്രിസ്മസ്ട്രീയൊരുക്കാൻ തുടങ്ങിയത്. ട്രീയിലെ സവിശേഷത അതിന്റെ ചില്ലകളിൽ ചാക്കുചരടിൽ തൂക്കിയിടുന്ന സമ്മാനപ്പൊതികളാണ്. പത്തുപൈസ നിരക്കിൽ ഒരു പൊതിയെടുത്താൽ കിട്ടുന്നത് കൗതുകം നിറഞ്ഞ ഒരു സമ്മാനമാണ്. കൈവരുന്ന കുഞ്ഞുസമ്മാനത്തെ വലുതായിരുന്നു സമ്മാനം വാങ്ങിയവർക്കും കണ്ടുനിൽക്കുന്നവർക്കും സ്വന്തമാകുന്ന ആഹ്ലാദം. തേവര സ്കൂളിൽ അധ്യാപകനായപ്പോൾ ക്രിസ്മസ് ആഘോഷങ്ങളോടൊപ്പം സമ്മാനപ്പെത്രികൾ കൊണ്ടലങ്കരിച്ച ക്രിസ്മസ് ട്രീയും വിദ്യാർഥികൾക്കായി ഒരുക്കാൻ കഴിഞ്ഞു. പള്ളിമുറ്റത്തെ മാവിനു പകരം സ്കൂൾ മുറ്റത്തുള്ളത് കുടമരമാണെന്നുമാത്രം. അന്നേദിനം കുഞ്ഞുങ്ങൾ ആസ്വദിക്കുന്ന ആനന്ദനിമിഷങ്ങളുടെ വില അളവറ്റതാണ്.
സമ്മാനങ്ങളെ ഒഴിവാക്കി ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാൻ എനിക്കാവില്ല. ലോകത്തിന് ദൈവം നൽകിയ അതുല്യമായ സമാനമാണല്ലോ ക്രിസ്മസ്. അതിൻ്റെ ചെറിയ അനുരണനങ്ങൾ മാത്രമാണ് നാം കൈമാറുന്ന എത്ര വലിയ സമ്മാനങ്ങളും. സ്നേഹത്തിന് എന്തെങ്കിലും ദൃശ്യമായ അടയാളങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. ആ വിധത്തിൽ ചിന്തിക്കുമ്പോൾ എന്തെങ്കിലും സമ്മാനിക്കാതെ ക്രിസ്മസ് പൂർണ്ണമാകുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ പല കാലങ്ങളിൽ, പല ഗ്രൂപ്പുകളിൽ, പലരീതിയിൽ ക്രിസ്മസ് കാലത്ത് സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്തതോർക്കുന്നു. പ്രിയപ്പെട്ടവർക്കിണങ്ങുന്ന സമ്മാനങ്ങൾ കണ്ടെത്തിക്കൊടുക്കാൻ സമയവും സമ്പത്തും ഒപ്പം, സർഗ്ഗാത്മകതയും വേണം. അതിനുവേണ്ടിയുള്ള അലച്ചിലുകൾ ഒരിക്കലും പാഴാകുന്നില്ല. കാരണം, സ്നേഹവും സൗഹൃദവുമാണ് അതിലൂടെ വിനിമയം ചെയ്യുന്നത്.
ക്രിസ്ത്യാനിക്ക് എന്നും ക്രിസ്മസാണല്ലോ. ഓരോ പിറവിയും തിരുപ്പിറവിയാണെന്നു ധരിച്ചാൽ, കൺമുന്നിൽ എത്തുന്നവർ ക്രിസ്തുവാണെന്ന് തോന്നിയാൽ ക്രിസ്മസ്സല്ലാത്ത ദിനങ്ങൾ ഉണ്ടാവില്ലല്ലോ. ക്രിസ്മസ്സായാൽ സമ്മാനങ്ങൾ ഇല്ലാതെ തരമില്ലല്ലോ. അതുകൊണ്ടാവാം പതിറ്റാണ്ടുകളായി കുട്ടിക്കൂട്ടങ്ങളിലോ അധ്യാപകസംഗമങ്ങളിലോ രക്ഷാകർതൃവേദികളിലോ കടന്നുചെല്ലുമ്പോൾ കൈയിൽ സമ്മാനങ്ങൾ കരുതാൻ മറക്കാത്തത്; അവിടങ്ങളിൽ പങ്കുവയ്ക്കാൻ ദൈവം പല വഴികളിലൂടെയും സമ്മാനങ്ങൾ എത്തിച്ചുതരുന്നത്; ശൈശവനിഷ്കളങ്കതയോടെ മുതിർന്നവർപോലും അവ ഏറ്റുവാങ്ങുന്നത്; വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോഴും പണ്ടെങ്ങോ കൊടുത്ത ഒരു കുഞ്ഞുസമ്മാനത്തിൻ്റെ വിശേഷം പറഞ്ഞു പരിചയം പുതുക്കുന്നത്!
സത്യം പറഞ്ഞാൽ നമ്മൾ കൊടുക്കുന്ന വസ്തുക്കളൊന്നുമല്ല സമ്മാനം; നമ്മൾ തന്നെയാണ്. ഞാനെന്ന വ്യക്തി മറ്റുള്ളവർക്ക് ഒരു സമ്മാനമായിത്തീരണം. എത്തിപ്പെടുന്ന ഇടങ്ങളിലും കണ്ടുമുട്ടുന്ന വ്യക്തികളിലും എനിക്കൊരു സമ്മാനമായിത്തീരാൻ കഴിയുമെന്നുണ്ടോ എന്നതാണ് പ്രധാനം. ഉത്തരമെങ്ങനെയാവുമെന്ന് ആലോചിക്കുമ്പോൾത്തന്നെ വല്ലാത്ത സങ്കോചമുണ്ട്. എന്നാലും ഒരു സമ്മാനമാകാൻ മോഹം ബാക്കിയാണ്. ആ മോഹം പോലും സ്വർഗം തന്ന സമ്മാനമല്ലേ?
ഷാജി മാലിപ്പാറ