Christmas Sparks Day 06 യേ… ഞങ്ങൾനക്ഷത്രം തൂക്കിയേ…
ബാല്യം മുതൽ എൻറെ ഏറ്റവും വലിയ വീക്ക്നെസ്സ് ക്രിസ്മസ് ആയിരുന്നു. ഡിസംബർ ആകാനുള്ള കാത്തിരിപ്പ് അന്നും ഇന്നും ഒരുപോലെയാണ്. ക്രിസ്മസ് വിശേഷങ്ങൾ പറഞ്ഞായിരിക്കും ഞങ്ങളന്ന് സ്കൂൾ വിട്ടു വരുന്നത്. അന്ന് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി എത്തിയിട്ടില്ല. ചൂട്ട് കത്തിച്ച് എല്ലാവരും പള്ളിയിലെത്തും. കുട്ടികൾ ഞങ്ങൾ പുൽക്കൂടിനടുത്തേക്കോടി, ഉണ്ണിയേയും മേരിയെയും ജോസഫിനെയും തുടങ്ങി, എല്ലാവരെയും നോക്കിക്കാണും. അന്നും ഇന്നും അതാണല്ലോ വലിയ ആഘോഷം.
പുൽക്കൂട് മത്സരത്തിന്റെ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്ന നേരം ഞങ്ങളുടെ ഉള്ളിൽ പെരുമ്പറയായിരിക്കും. അങ്ങനെ അച്ചൻ റിസൾട്ട് വായിച്ചു, ഒന്നാം സമ്മാനം എൻറെ അപ്പച്ചന്. പിന്നെ കുറെ വർഷത്തേക്ക് സമ്മാനം അപ്പച്ചനു തന്നെയായിരുന്നു. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
തുടർന്ന് പള്ളിമുറ്റത്തേക്ക് ഓടും. ക്രിസ്മസ് ട്രീയുടെ ചുറ്റും നിന്ന് വർണ്ണക്കടലാസുകളിൽ തൂക്കിയിട്ടിരിക്കുന്ന സമ്മാനങ്ങൾക്കായുള്ള കാത്തിരിപ്പാണ്. വലിയ പാക്കറ്റുകളിൽ ചെറിയ സമ്മാനവും ചെറിയ പാക്കറ്റുകളിൽ വലിയ സമ്മാനവും… അങ്ങനെയൊക്കെ രസകരമായിരുന്നു ആ കാലം.
എല്ലാം കഴിയുമ്പോൾ പെട്രോൾ മാക്സ് ഉള്ളവരുടെ കൂടെ എല്ലാവരും വച്ചു പിടിക്കും തിരികെ വീട്ടിലേക്ക്. അതായിരുന്നു നല്ല വെളിച്ചത്ത് നടക്കാൻ അന്നുപയോഗിച്ചിരുന്നത്. പോകും വഴി ഒന്നാം സമ്മാനക്കാരനെ അനുമോദിക്കുന്നത് കേൾക്കുമ്പോൾ കൂട്ടുകാർ തലതാഴ്ത്തി കാണിച്ചു തരാമെടാ എന്ന മട്ടിൽ നടക്കും… എന്തൊരു ഗമയാണ് ഞങ്ങൾക്കപ്പോൾ.
ഇന്ന് കാലം മാറി, കഥ മാറി. എങ്കിലും ഡിസംബർ ഒന്നിന് തന്നെ നക്ഷത്രം തൂക്കിയിരിക്കും. എന്നിട്ട് ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും. യേ…ഞങ്ങൾ നക്ഷത്രം തൂക്കിയേ എന്ന അടിക്കുറിപ്പോടെ. ഇന്ന് ഞങ്ങളുടെ മക്കളും ഇതേ മത്സര സ്പിരിറ്റോടെ ക്രിസ്മസ് ആഘോഷിക്കുന്നു.
ലീനാ ഷാജു